ADVERTISEMENT

ലിസ്ബൺ∙ യുവെന്റസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൽ തന്റെ ഉടമസ്ഥതയിലുള്ള ‘സിആർ7’ ഹോട്ടലുകൾ കോവിഡ് ബാധിതർക്ക് സൗജന്യ ചികിത്സ നൽകുന്ന ആശുപത്രികളാക്കി മാറ്റിയെന്ന റിപ്പോർട്ടുകൾ തള്ളി ഹോട്ടൽ അധികൃതർ നേരിട്ട് രംഗത്ത്. ഇന്നലെ വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. സ്പാനിഷ് സ്പോർട്സ് ദിനപത്രമായ ‘മാർക’ ഉൾപ്പെടെ പ്രസിദ്ധീകരിച്ച വാർത്ത ഉടൻ വൈറലായി. എന്നാൽ പിന്നാലെ വാർത്ത വ്യാജമാണെന്നുള്ള റിപ്പോർട്ടുകളും വന്നു.

സ്പോർട്സ് ജേണലിസ്റ്റുകളിൽ പലരും പോർച്ചുഗലിൽ നിന്നുള്ള സ്ഥിരീകരണത്തോടെ വാർത്ത വ്യാജമാണെന്ന് ട്വീറ്റ് ചെയ്തു. ‘മാർക’ തങ്ങളുടെ റിപ്പോർട്ടും പിൻവലിച്ചു. ഇതിനു പിന്നാലെയാണ് ഹോട്ടൽ അധികൃതർ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ കോവിഡ് ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും ക്രിസ്റ്റ്യാനോയോ താരവുമായി ബന്ധപ്പെട്ടവരോ വാർത്തയെക്കുറിച്ച് പ്രതികരിച്ചതുമില്ല.

പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലുള്ള ‘സിആർ7’ ഹോട്ടലിലെ ജീവനക്കാരാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. ‘ഞങ്ങളുടേത് ഒരു ഹോട്ടലാണ്. ഇത് ഒരിക്കലും ആശുപത്രിയാക്കാൻ പോകുന്നില്ല. എല്ലാ ദിവസവും പോലെ ഈ ദിവസവും ഞങ്ങൾ മുന്നോട്ടുപോകുന്നു. ഇപ്പോഴും ഹോട്ടലായിത്തന്നെ തുടരുന്നു. ഒട്ടേറെ മാധ്യമങ്ങൾ ഇതു സംബന്ധിച്ച് വ്യക്തത തേടി ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു’ – ഹോട്ടൽ വക്താവ് ഡച്ച് വാർത്താ ഏജൻസിയായ ആർടിഎൽ ന്യൂസിനോടു പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് ബാധയ്ക്കെതിരെ പ്രത്യേക ബോധവത്ക്കരണ സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തി. ലോക വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ ഓരോരുത്തരും അങ്ങേയറ്റം കരുതലും ശ്രദ്ധയും പുലർത്തണമെന്ന് റൊണാൾഡോ ആവശ്യപ്പെട്ടു.

‘ഒരു ഫുട്ബോൾ താരം എന്ന നിലയില്ല, മറിച്ച് ഒരു മകൻ എന്ന നിലയിലും അച്ഛൻ എന്ന നിലയിലും മനുഷ്യനെന്ന നിലയിലുമാണ് ഞാനിത് പറയുന്നത്. ഈ സാഹചര്യത്തെ മറികടക്കാൻ ലോകാരോഗ്യ സംഘടനയും ഉത്തരവാദപ്പെട്ട മറ്റ് ആളുകളും പറയുന്നത് ശ്രവിക്കണം. മനുഷ്യ ജീവനാണ് ഈ ഘട്ടത്തിൽ മറ്റെല്ലാറ്റിനേക്കാളും പ്രധാനപ്പെട്ടത്. ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു പോയവർക്കൊപ്പം ഞാനുമുണ്ട്. എന്റെ സഹതാരം ഡാനിയേല റുഗാനിയേപ്പോലെ കൊറോണ വൈറസിനോടു പൊരുതുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സ്വന്തം ജീവലൻ പണയംവച്ച് രോഗികൾക്കൊപ്പം നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെ എല്ലാ പിന്തുണയും’ – റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു.

English Summary: 'We are not a hospital' – Ronaldo's hotel refutes reports of being a paid-up coronavirus infirmary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com