ADVERTISEMENT

കോവിഡ് കാലത്തു കളിക്കളങ്ങൾ ശൂന്യമാണെങ്കിലും ഓർമയുടെ ഗാലറികളിൽ ആരവമടങ്ങുന്നില്ല. പോയകാലത്തെ ആനന്ദകരമാക്കിയ കായിക മാമാങ്കങ്ങൾ മലയാള മനോരമയ്ക്കായി റിപ്പോർട്ട് ചെയ്ത ലേഖകർ അവരുടെ അനുഭവക്കുറിപ്പുകളുടെ ഡയറി പൊടിതട്ടിയെടുക്കുന്നു. ഇന്ന് 1998, 2002 ഫുട്ബോൾ ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത ആന്റണി ജോണിന്റെ ഓർമക്കുറിപ്പ്.

റൊമാന്റിക്കാണു പാരിസ് നഗരം. ‘സിറ്റി ഓഫ് ലൈറ്റ്’ എന്നു വിളിപ്പേരുണ്ട്. ‘സിറ്റി ഓഫ് ലവ്’ എന്നും വിളിക്കാറുണ്ട്. അന്ന്, 1998 ജൂലൈ 12ഞായർ വൈകിട്ട് എട്ടു മണിയായിട്ടും പാരിസിൽ സന്ധ്യവന്നിറങ്ങിയില്ല. സൂര്യൻ അസ്തമിച്ചിരുന്നില്ല. കാരണം, അതു വേനൽക്കാലമായിരുന്നു. നഗരം നിറയെ ആയിരക്കണക്കിനു ബ്രസീലുകാർ. ജീവനുള്ള വിളക്കുകൾപോലെ ആയിരങ്ങൾ. മഞ്ഞക്കുപ്പായം. മഞ്ഞയും പച്ചയും ചായത്തിൽ മുങ്ങിക്കയറിയ മുഖങ്ങൾ. അവർ കുഴലൂതുന്നുണ്ടായിരുന്നു. പാടുന്നു, ആടുന്നു. കെട്ടിപ്പിടിക്കുന്നു, ചുംബിക്കുന്നു. ചില ചുംബനങ്ങൾ മിനിറ്റുകളോളം, കിതച്ചു തളരുംവരെ തുടർന്നു.

ഫ്രഞ്ചുകാരും ആഘോഷിക്കുകയായിരുന്നു. ‘‘ലെ ബ്ലൂൂൂൂ...’’ എന്നാർത്ത് നീലക്കുപ്പായത്തിൽ ഫ്രഞ്ചരുവികൾ ഒഴുകുകയായിരുന്നു. കാരണം, അന്ന് ലോകകപ്പ് ഫുട്ബോൾ ഫൈനലായിരുന്നു. പാരിസിൽ, അവരുടെ സ്വന്തം സ്റ്റാദ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ. ഏറ്റുമുട്ടുന്നതു ഫ്രാൻസും ബ്രസീലും. നീലപ്പടയ്ക്ക് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനൽ. ബ്രസീലിന് തുടർച്ചയായ 2–ാം ഫൈനൽ. ജയിച്ചാൽ 5–ാം കിരീടം.

∙ ഷോക്ക്

9 മണിക്കു കിക്കോഫ്. ഒന്നര മണിക്കൂർ മുൻപേ ഞാൻ സ്റ്റേഡിയത്തിലെ മീഡിയ ബോക്സിലെത്തി. കേരളത്തിൽനിന്നു രണ്ടു കളിയെഴുത്തുകാർ മാത്രം. ഭാസി മലാപ്പറമ്പും ഞാനും. രണ്ടുപേരും മനോരമ പ്രതിനിധികൾ.

ടീം ലിസ്റ്റ് കിട്ടി. ഞെട്ടി. 1994ലെ ചാംപ്യൻമാരായ ബ്രസീലിന്റെ നിരയിൽ സൂപ്പർ സ്ട്രൈക്കർ റൊണാൾഡോയില്ല. ഷോക്ക് മാധ്യമപ്രവർത്തകരിലൂടെ ലോകമെങ്ങും പടർന്നു. എവിടെ റൊണാൾഡോ? പകരക്കാരുടെ പട്ടികയിൽപ്പോലുമില്ല. ബ്രസീലിൽനിന്നുള്ള ലേഖകർ പരക്കംപാച്ചിലായി. ചിലർ കാറിൽ ബ്രസീലിന്റെ ടീം ഹോട്ടലിലേക്കു പാഞ്ഞു. ചിലർ റൊണാൾഡോയുടെ കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആർപ്പുവിളികൾ നിലച്ചു. ഇരുട്ടുവീഴാത്ത പാരിസിൽ അദൃശ്യമായൊരു നിഴലിനു പിന്നിലെവിടെയോ റൊണാൾഡോ.

കളി തുടങ്ങുന്നതിനു മുൻപൊരു മാറ്റത്തിന്റെ മിന്നൽ. ടീം ലിസ്റ്റ് ബലമായി പിടിച്ചുവാങ്ങി വളന്റിയർമാർ ഓടുന്നു. തിരിച്ചുവന്നത് പുതിയ പട്ടികയുമായി. അതിൽ റൊണാൾഡോയുടെ പേരുണ്ട്. പക്ഷേ ടീം ‘വാംഅപ്പ്’ ചെയ്തപ്പോൾ സൂപ്പർതാരമില്ല. കളിക്കായി നിരന്നപ്പോൾ അതാ, കളത്തിൽ റൊണാ‍ൾഡോ. ഉറക്കച്ചടവിലെന്നോണം താരം. ഉറക്കത്തിൽ നടക്കുന്നതുപോലെ റോണി കളത്തിൽ അലഞ്ഞു നടന്നു. സിദാൻ കത്തിക്കയറിയ രാവിൽ ഫ്രാൻസ് ലോകചാംപ്യൻമാരായി. ബ്രസീലുകാർ കരഞ്ഞുകൊണ്ടു കളംവിട്ടു. തെരുവുകളിൽ കൂട്ടക്കരച്ചിലും ആഘോഷവും നേർക്കുനേർ കണ്ടു.

∙ അപസ്മാരം

എന്താണു റൊണാൾഡോയ്ക്കു സംഭവിച്ചത്? പെട്ടെന്നു സുഖമില്ലാതായി എന്നായിരുന്നു ആദ്യവിശദീകരണം. സുഖമില്ലെങ്കിൽപ്പിന്നെ കളത്തിലിറക്കിയത്? അതു ടീം സ്പോൺസർമാരുടെ നിർബന്ധംമൂലമെന്നു ചിലർ. ഈ സ്ട്രൈക്കർ ഇല്ലാതെ ഇറങ്ങിയാൽ ടീമിന്റെ ആത്മവീര്യം പോകുമല്ലോ എന്നോർത്താണെന്നു മറ്റു ചിലർ.

പിൽക്കാലത്തു താരംതന്നെ ശരിവച്ച വിശദീകരണം ഇങ്ങനെ: ഉച്ചയ്ക്കുശേഷം ഒരു അപസ്മാരബാധയുണ്ടായി. ആശുപത്രിയിൽ എത്തിച്ചു. വൈകുന്നേരത്തോടെ സുഖമായി. കളിക്കാനാവുമെന്നു താരം പറഞ്ഞു. കളിച്ചു.

∙ പരുക്കുകൾ

ആ ഫൈനൽ ദിനംമുതൽ കളിയെഴുത്തുകാരൻ എന്ന നിലയ്ക്കു ഞാൻ പിന്നീടെന്നും റൊണാൾഡോയ്ക്കു പിന്നാലെ ഉണ്ടായിരുന്നു. പരിചയമുള്ള വിദേശ മാധ്യമപ്രവർത്തകർ വഴിയും ഇന്റർനെറ്റ് വഴിയും.

ഫ്രാൻസ് 98 ലോകകപ്പിനുശേഷം താരം തുടർച്ചയായി പരുക്കുകളുടെ പിടിയിലായി. മറ്റേതൊരു കളിക്കാരനാണെങ്കിലും ഫുട്ബോൾ തീർന്നുപോയേനേ. 1999ൽ കാൽമുട്ടിനു പരുക്കേറ്റു. അതു ഭേദമായി വരുമ്പോഴേക്ക് വീണ്ടും പരുക്ക്. മുട്ടിനുതന്നെ. 2 വർഷം പന്തുതൊടാനായില്ല. യുഎസ്സിലും ഫ്രാൻസിലുമെല്ലാം ചികിത്സിച്ചു. ശസ്ത്രക്രിയകൾ പലതുണ്ടായി. 2002 ലോകകപ്പിലേക്കു ബ്രസീൽ ചുവടുവയ്ക്കുമ്പോൾ ഈ സ്ട്രൈക്കർ ടീമിൽ ഉണ്ടാവില്ലെന്നു പലരും പറഞ്ഞു. പക്ഷേ ബിഗ് ഫിൽ എന്നു വിളിക്കുന്ന കോച്ച് ഫെലിപ്പെ സ്കൊളാരി മാത്രം പറഞ്ഞു: ‘‘അവനുണ്ട്. എന്റെ മനസ്സിൽ...’’

∙ 2002

ഏഷ്യയിലെ ആദ്യ ലോകകപ്പ്. കൊറിയ–ജപ്പാൻ. തുർക്കിക്കെതിരെ കടുത്ത മത്സരം. 2 മീറ്ററെങ്കിലും മുൻപേ പാഞ്ഞ പന്തിലേക്ക്, എറിഞ്ഞിട്ട മറ്റൊരു പന്തുപോലെ വീണ റൊണാൾഡോ ഉപ്പൂറ്റികൊണ്ട് ഗോളടിച്ചു. സമനില ഗോൾ. പിന്നെ ബ്രസീൽ വിജയഗോളും നേടി. മാസങ്ങളായി 90 മിനിറ്റു കളിക്കാത്ത താരത്തിന് സ്വന്തം ശരീരത്തെ എറിഞ്ഞുകൊടുത്തുള്ള ഗോൾ പിറ്റേന്നു സമ്മാനിച്ചത് വല്ലാത്ത ശരീരവേദനയായിരുന്നു. പക്ഷേ അവൻ പൊരുതിക്കയറി. ഓരോ മാച്ചിലും മെച്ചപ്പെട്ടു. ബ്രസീൽ ടീമും താളം കണ്ടെത്തുകയായിരുന്നു.

∙ മുഖാമുഖം

റൊണാൾഡോയെ ഒന്നു കാണണം. ഇന്റർവ്യൂ ചെയ്യണം. അതായിരുന്നു ജപ്പാനിലെ യോക്കഹാമ വാസത്തിനിടെയുണ്ടായ വലിയ ആഗ്രഹം. ദിവസവും ടീം ഹോട്ടലിൽ പോകും. കളിക്കാർക്ക് അന്നു സ്വകാര്യമായി ഇന്റർനെറ്റ് നോക്കാൻ സംവിധാനമില്ല. ഓരോരുത്തരായി, ഊഴംവച്ച് ഹോട്ടൽ ലോബിയിൽ വരണം. സ്വകാര്യതയില്ലാതെതന്നെ കംപ്യൂട്ടറിൽ ഇന്റർനെറ്റ് ആവാം. കളിക്കാരെയെല്ലാം കാണാൻ അവസരമുണ്ട്. അവർ ചിരിക്കും. ഹായ് പറയും. പക്ഷേ ഭാഷ പ്രശ്നമായി. പോർചുഗീസ് മാത്രമേ അറിയൂ. ടീം സ്റ്റാഫിൽ ചിലർക്ക് ഇംഗ്ലീഷ് അറിയാം.

ഇന്റർവ്യൂ വേണോ, സഹായിക്കാൻ ഒരാൾക്കു മാത്രമേ കഴിയൂ. പായ്‌വ എന്നാണു പേര്. കണ്ടു, ഇന്ത്യയിൽനിന്നാണെന്നു പറഞ്ഞു. റൊണാൾഡോയുടെ അഭിമുഖം അഭ്യർഥിച്ചു. കേട്ടപാടെ പായ്‌വ ചോദിച്ചു: ‘‘1000 ഡോളർ തരാമോ?’’ എന്റെ കയ്യിൽ ആകെ അത്രയും കാശില്ലെന്നു പറഞ്ഞു. വിട്ടുകൊടുത്തില്ല. തുടർന്നുള്ള ദിവസങ്ങളിലും കഴുത്തിലണിഞ്ഞ അക്രഡിറ്റേഷൻ കാർഡുമായി ഹോട്ടലിൽ ഹാജരായി. രണ്ടും മൂന്നും മണിക്കൂറുകൾ കുത്തിയിരുന്നു. ഒരു ദിവസം റോണോയോടുതന്നെ നേരിൽ ചോദിച്ചു. ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു. അക്കൂട്ടത്തിൽ പായ്‌വ എന്ന പേരും പറഞ്ഞു. വീണ്ടും പായ്‌വയുടെ പിന്നാലെ. നിങ്ങൾ ഇതുവരെ പോയില്ലേ എന്നായി പായ്‌വ. ഒടുവിൽ നിരക്കു കുറച്ചു. 500 ഡോളർ. ഇന്ത്യക്കാരനാണ്, പിച്ചക്കാരനാണ് എന്നൊക്കെ ആവുംവിധം പറഞ്ഞു. പരിഗണിക്കുന്നതായി തോന്നിയില്ല. അകത്തുപോയി, തിരികെവന്നു. ‘‘5 ചോദ്യം. എഴുതിത്തരണം. റൊണാൾഡോ പറയുന്നതുകേട്ട് ഞാൻ ഉത്തരം എഴുതിക്കൊണ്ടുവരും. ചോദ്യം ഇന്നു തന്നാൽ ഉത്തരം നാളെ തരും.’’

അപ്പോൾത്തന്നെ എഴുതിക്കൊടുത്തു. 5–ാം ചോദ്യം വായിച്ചു പായ്‌വ ചിരിച്ചു. ‘‘ഇത്രയും കാശുണ്ടാക്കിയില്ലേ? ഈ കോന്ത്രമ്പല്ല് ശരിയാക്കാത്തതെന്താണ്?’’

2 ദിവസം കഴിഞ്ഞാണ് ഉത്തരങ്ങൾ കിട്ടിയത്. 5–ാം ഉത്തരം ഇങ്ങനെ: ‘‘ഈ പല്ലുകളാണ് എന്നെ ഞാനാക്കുന്നത്. ഈ ഉന്തിയ പല്ലുകൾകൂടിയാണു ഞാൻ... റൊണാൾഡോ...’’

∙ കിരീടം

ഗോളി ഒലിവർ കാനെയും ജർമനിയെയും കീഴടക്കി യോക്കഹാമയിലെ ഫൈനലിൽ റൊണാൾഡോ ബ്രസീലിന് 5–ാം ലോകകപ്പ് സമ്മാനിച്ചു. തലയിലെ മുടി വടിച്ചുകളഞ്ഞിരുന്നു. നെറ്റിക്കുമീതെ മുടിയുടെ ഒരു തുരുത്തുമാത്രം ബാക്കിയുണ്ടായിരുന്നു. അവിടെ റൊണാൾഡോ ലോകകപ്പ് ട്രോഫി സ്ഥാപിച്ചു. ദേശീയ പതാക ചുമലിലൂടെ പുതച്ചു.

∙ പാഠപുസ്തകം

തിരിച്ചടികളിൽനിന്നു പൊരുതിക്കയറിയവൻ റൊണാൾഡോ. 10.3 സെക്കൻഡിൽ 100 മീ. ഓടുമായിരുന്നു. അസാമാന്യ ഷൂട്ടിങ്. മനംമയക്കുന്ന ഡ്രിബ്ലിങ്. പക്ഷേ ഷൂട്ടിങ് മികവിൽ ഡ്രിബ്ലിങ് പലരുടെയും മനസ്സിൽ വേണ്ടപോലെ പതിഞ്ഞില്ല. ശാരീരികമായി കരുത്തൻ. അപ്പുറവും ഇപ്പുറവും 2 ഡിഫൻഡർമാർ ചേർന്നു ഞെരിച്ചാൽ അവരെ കുടഞ്ഞെറിഞ്ഞുകളയും. കൗമാരം പിന്നിട്ടിട്ടും ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ഒരാൾ. ഒരു ഉച്ചമയക്കത്തിൽ അപസ്മാരം ബാധിച്ചു നിലത്തുവീണു കയ്യുംകാലുമിട്ടടിച്ചയാൾ. അയാളുടെ തിരിച്ചുവരവ്. ഈ കോന്ത്രമ്പല്ലാണ് എന്റെ അടയാളം എന്നു പറഞ്ഞയാളെ കുറച്ചുനാൾ മുൻപ് ടിവിയിൽ കണ്ടു. നടുവിലെ 2 പല്ലിനിടയിലെ വിടവ് അപ്രത്യക്ഷമായിരിക്കുന്നു. ഉന്തിയിരുന്ന പല്ലുകൾ താഴ്ന്നിരിക്കുന്നു. 5–ാമത്തെ കാമുകിയുടെ ഇടപെടലിന്റെ ഫലം ആയിരിക്കാം.

ഒരു ലോകകപ്പിൽനിന്നു മറ്റൊരു ലോകകപ്പിലേക്ക് താരത്തിന്റെ പകർന്നാട്ടം നേരിട്ടുകണ്ടപ്പോൾ തോന്നി: തിരിച്ചടികളിൽനിന്നു കയറിവരുന്നതിൽ റൊണാൾഡോ ഒരു പാഠപുസ്തകമാണ്. 2006 ലോകകപ്പിന്റെ യോഗ്യതാറൗണ്ടുകൾ തുടങ്ങിയ നാളുകളിൽ എനിക്കു രണ്ടാമതൊരു മകൻ ജനിച്ചു. അവനു ഞാൻ ഫുട്ബോളിലെ ആ പാഠപുസ്തകത്തിന്റെ പേരിട്ടു: റൊണാൾഡോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com