ADVERTISEMENT

ടൂറിൻ∙ കൊറോണ വൈറസ് വ്യാപനം ലോകത്ത് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച ഇറ്റലിയിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുവെന്റസിനെ രക്ഷിക്കാൻ പ്രതിഫലം വെട്ടിക്കുറച്ച് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടുത്ത നാലു മാസത്തേക്ക് പ്രതിഫലം വെട്ടിക്കുറയ്ക്കാൻ പരിശീലകൻ മൗറീഷ്യോ സാറിയും റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങളും സന്നദ്ധത അറിയിച്ചതായി യുവെന്റസ് വ്യക്തമാക്കി. ഇതുവഴി ഏതാണ് 90 മില്യൻ യൂറോയാണ് (750 കോടിയിലധികം രൂപ) ക്ലബ്ബിന് ലഭിക്കുക.

ലീഗുകൾ റദ്ദാക്കുകയും മത്സരങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തതോടെ ലോകവ്യാപകമായി കളിക്കളങ്ങൾ നിശ്ചലമാവുകയും ക്ലബ്ബുകളുടെ വരുമാനം നിലയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശ്വാസ നടപടികളുമായി താരങ്ങളുടെ രംഗപ്രവേശം. മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസത്തെ പ്രതിഫലത്തിലാണ് താരങ്ങൾ ഇളവു വരുത്തിയത്. ഓരോ താരങ്ങളുമായുള്ള വ്യക്തിപരമായ ഉടമ്പടി വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്ന് യുവെന്റസ് പ്രസ്താവനയിൽ അറിയിച്ചു.

ക്ലബ്ബിൽ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം 3.8 മില്യൻ യൂറോയാണ് (30 കോടിയിലധികം രൂപ) വാർഷിക പ്രതിഫലത്തിൽനിന്ന് ഇളവു ചെയ്തത്. യുവെന്റസിന്റെ ഇറ്റാലിയൻ താരം ജോർജിയോ ചെല്ലിനിയാണ് താരങ്ങളെ പ്രതിനിധീകരിച്ച് പ്രതിഫലക്കാര്യത്തിൽ ക്ലബ്ബുമായി ചർച്ച നടത്തിയതെന്നാണ് വിവരം. ഇറ്റലിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഇന്നലെ 10,000 പിന്നിട്ടു.

നേരത്തെ, ജർമൻ ബുന്ദസ്‌ലിഗയിൽ ബയൺ മ്യൂണിക്കും ബൊറൂസിയ ഡോർട്മുണ്ടും ഉൾപ്പെടെയുള്ള ക്ലബ്ബുകളുടെ താരങ്ങളും പ്രതിഫലം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. സ്പാനിഷ് ലീഗിൽ അത്‌ലറ്റിക്കോ മഡ്രിഡും ബാർസിലോനയും താരങ്ങളുടെ പ്രതിഫലത്തിൽ അടുത്ത മാസങ്ങളിൽ കുറവു വരുത്തും. ഇറ്റലി കഴിഞ്ഞാൽ യൂറോപ്പിൽ കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച രാജ്യമാണ് സ്പെയിൻ. ഇവിടെ 75,000ത്തോളം പേരാണ് ഇതുവരെ വൈറസ് ബാധിതരായത്. മരിച്ചവരുടെ എണ്ണം 6,000ത്തോളമായി.

English Summary: Juventus, players agree to wage reduction that will save club €90 million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com