ADVERTISEMENT

മഡ്രിഡ് ∙ കോവിഡ്മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലയണൽ മെസ്സി ഉൾപ്പെടെയുള്ള ബാർസിലോന താരങ്ങൾ 70% വേതനം വേണ്ടെന്നു വയ്ക്കും. ക്ലബ്ബിലെ സാധാരണ ജീവനക്കാർക്കു മുഴുവൻ വേതനവും ഉറപ്പാക്കാനാണ് നടപടിയെന്നു മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ വ്യക്തമാക്കി. ബാർസ പ്രസിഡന്റ് ജോസപ് ബർത്യോമുവിനെ പരസ്യമായി വിമർശിക്കുന്ന കുറിപ്പാണു മെസ്സി പങ്കുവച്ചത്: 

‘ഞങ്ങളുടെ വേതനത്തിന്റെ 70% വേണ്ടെന്നു വയ്ക്കുകയാണ്. ഈ സമയത്ത് ഇതു പ്രഖ്യാപിക്കുന്നതു ക്ലബ്ബിലെ സാധാരണ ജീവനക്കാരുടെ 100% വേതനം ഉറപ്പാക്കാൻ കൂടിയാണ്. ഇക്കാര്യം ചെയ്യാൻ ഞങ്ങളോടാരും പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല’– മെസ്സിയുടെ ഈ കുറിപ്പ് തൊട്ടുപിന്നാലെ  സഹതാരങ്ങളായ പിക്വെ, ബുസ്കെറ്റ്സ്, സ്വാരെസ്, ജോർഡി ആൽബ, ഗ്രീസ്മാൻ, ഫ്രങ്കി ഡിയോങ്, അർതുറോ വിദാൽ, മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗൻ എന്നിവരും പങ്കുവച്ചു.

ബെലാറൂസിൽ തുടരുന്നു, തകർപ്പൻ ഫുട്ബോൾ ലീഗ്

മിൻസ്ക് (ബെലാറൂസ്) ∙ കോവിഡ്മൂലം ലോകമെമ്പാടും കായിക മത്സരങ്ങൾ നിർത്തിവച്ചിരിക്കുമ്പോഴും റഷ്യയുടെ അയൽ രാജ്യമായ ബെലാറൂസിൽ മുടക്കമില്ലാതെ പ്രീമിയർ ലീഗ് ഫുട്ബോൾ. റഷ്യ, ഇസ്രയേൽ, യുക്രെയ്ൻ എന്നിവിടങ്ങളിലെ ടിവി ചാനലുകൾ ലീഗിന്റെ സംപ്രേഷണാവകാശം വാങ്ങി. മറ്റെവിടെയും കളിയില്ലാത്തതിനാൽ ബെലാറൂസ് ലീഗിന്റെ ടിവി റേറ്റിങ് കുതിച്ചു കയറുകയും ചെയ്തു.

രാജ്യത്തു നിലവിൽ 94 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മത്സരങ്ങൾ നിർത്തിവയ്ക്കുന്നതിനോടു പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഉൾപ്പെടെയുള്ളവർക്കു യോജിപ്പില്ല. ‘മുട്ടിലിഴഞ്ഞു ജീവിക്കുന്നതിനെക്കാ‍ൾ ഭേദം മരിക്കുന്നതാണ്’ – നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോടു പ്രസിഡന്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com