ADVERTISEMENT

ലണ്ടൻ∙ കൊറോണ വൈറസ് വ്യാപനം ഗൗരവമായിട്ടെടുക്കുന്നതിൽ ബ്രിട്ടന് വീഴ്ച പറ്റിയെന്ന് ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനു കളിക്കുന്ന ഇറ്റാലിയൻ താരം എയ്ഞ്ചലോ ഓഗ്ബോണ. ഇറ്റലിയിൽ കൊറോണ വൈറസിന്റെ വ്യാപനം വൻ പ്രതിസന്ധി തീർത്തപ്പോൾ അതിനെ ചിരിച്ചുതള്ളുകയാണ് ബ്രിട്ടൻ ചെയ്തതെന്നും ഓഗ്ബോണ വിമർശിച്ചു. ബ്രിട്ടനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിലവിൽ ലണ്ടനിലെ വീട്ടിൽ കുടുംബത്തിനൊപ്പമാണ് ഓഗ്ബോണ.

മുൻപ് ഇറ്റാലിയൻ സെരി എയിൽ യുവെന്റസിന്റെ താരമായിരുന്ന ഓഗ്ബോണ പിന്നീട് വെസ്റ്റ് ഹാമിലേക്ക് ചേക്കേറുകയായിരുന്നു. രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ കായികക്ഷമത നിലനിർത്തുന്നത് കഠിനമാണെന്ന് ഓഗ്ബോണ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തോട് ഏറ്റവും മന്ദഗതിയിൽ പ്രതികരിച്ച രാജ്യമാണ് ബ്രിട്ടനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടക്കത്തിൽ കൊറോണ വൈറസ് വ്യാപനത്തെ ഗൗരവമായിട്ടെടുക്കാൻ ബ്രിട്ടനു കഴിഞ്ഞില്ല. എല്ലാവരും വൈറസ് വ്യാപനത്തെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. അടിയന്തരമായി നടപടി സ്വീകരിക്കാൻ തയാറായതുമില്ല. ബ്രെക്സിറ്റിനുശേഷം രാജ്യത്തെ സാമ്പത്തികമായി പിടിച്ചുനിർത്താനുള്ള ശ്രമങ്ങളും നടപടികൾ വൈകാൻ കാരണമായിട്ടുണ്ടാകാമെന്ന് ഓഗ്ബോണ അഭിപ്രായപ്പെട്ടു.

‘അതീവ ഗുരതരമായ ഈ ആഗോള പ്രതിസന്ധിയെ ഇവിടുത്തുകാർ തീരെ ഗൗരവത്തിലെടുത്തില്ല. തുടക്കത്തിൽ ഇറ്റലിയിൽ സംഭവിച്ച കാര്യങ്ങളെ തമാശ പോലെയാണ് അവർ കണ്ടത്. അവിടെ സംഭവിക്കുന്ന കാര്യങ്ങളെ അതിശയോക്തി കലർത്തിയാണ് അവതരിപ്പിക്കുന്നതെന്ന തരത്തിലായിരുന്നു ആദ്യ പ്രതികരണങ്ങൾ’ – ഓഗ്ബോണ പറഞ്ഞു.

‘ഞാൻ ഇപ്പോൾ കുടുംബസമേതം ലണ്ടനിലാണ് താമസം. പക്ഷേ, വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ മുതൽ ഇറ്റലിയിലുള്ള ബന്ധുക്കളെക്കുറിച്ചാണ് എന്റെ ആധി മുഴുവൻ. സത്യം പറഞ്ഞാൽ ലണ്ടനിൽ കാര്യഗൗരവം ബോധ്യപ്പെട്ട തരത്തിലായിരുന്നു ആളുകളുടെ പെരുമാറ്റം. സൂപ്പർമാർക്കറ്റുകളൊക്കെ നേരത്തേതന്നെ ശൂന്യമായി. വളരെ ചുരുക്കം ആളുകൾ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. പക്ഷേ, ലണ്ടൻ മാത്രമല്ലല്ലോ ഇംഗ്ലണ്ട്’ – ഓഗ്ബോണ ചൂണ്ടിക്കാട്ടി.

Englisb Summary: Britain 'laughed' at Italy and 'underestimated' coronavirus, says former Juventus defender Ogbonna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com