ADVERTISEMENT

കൊറോണക്കാലത്തും വംഗനാട്ടിലെ വിജയത്തിന്റെ ഓർമകളിലാണ് കേരള ഫുട്ബോൾ. രണ്ടു വർഷം മുൻപ് ഏപ്രിൽ ഒന്നിനാണ് കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പിലെ ആറാം കീരീടം സ്വന്തമാക്കിയത്. അതും 13 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിൽ. ഈ വർഷം ഏപ്രിൽ 14 മുതലായിരുന്നു സന്തോഷ് ട്രോഫി നിശ്ചയിച്ചിരുന്നത്. കോവിഡ് 19 രോഗ ഭീതി രാജ്യത്തു സജീവമായപ്പോൾത്തന്നെ മത്സര നടത്തിപ്പുകാരായ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മത്സരം മാറ്റി വച്ചിരുന്നു. മികച്ച ടീമുമായി മത്സരത്തിനു തയാറെടുപ്പിലായിരുന്നു കേരളം.

ചരിത്രത്തിൽ ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിച്ച വിജയമാണെന്ന് അന്നത്തെ കേരളത്തിന്റെ ഗോൾ കീപ്പറായിരുന്ന വി.മിഥുൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മിഥുന് മാത്രമല്ല കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത വിജയമാണ് കൊല്‍ക്കത്തയിൽ കേരളം നേടിയത്. ആതിഥേയരായ ബംഗാളിനെ ഇന്ത്യൻ ഫുട്ബോളിന്റെ തിലകക്കുറിയായ കൊൽക്കത്ത സാൾട്ട് ലേക്ക് വിവേകാനന്ദ യുബഭാരതി ക്രീരംഗനിൽ തകർത്തെറിഞ്ഞ് കിരീടം നേടിയ കേരളത്തിന്റെ കുതിപ്പ് ഒരു ത്രില്ലർ സിനിമയ്ക്ക് സമമായിരുന്നു. അടി തിരിച്ചടി, ട്വിസ്റ്റ് ഒടുവിൽ മാസ് ക്ലൈമാക്സ്. ഒരു തട്ടുപൊളിപ്പൻ സിനിമയുടെ എല്ലാ ചേരുവകളും കേരളത്തിന്റെ വിജയത്തിലുണ്ടായിരുന്നു. 

∙ ആരും കാണാത്ത മത്സരം

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷ് ട്രോഫിയിലെ പല മത്സരങ്ങളും നേരിൽ കാണാൻ സാധിക്കാതെ പോയി. ഐഐഎഫ്എഫിന്റെ ഫെയ്സ്ബുക് ലൈവ് മാത്രമായിരുന്നു മത്സരം തത്സമയം  കാണാൻ ഏക വഴി. പക്ഷെ കേരളത്തിന്റെ ആദ്യ മത്സരങ്ങൾ നടന്ന രബീന്ദ്ര സരോബർ സ്റ്റേഡിയത്തിൽ ലൈവ് ക്രമീകരണം നടത്തിയിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളും ഇവിടെയാണ് നടന്നത്. അതോടെ ചണ്ഡീഗഡിെന 5–1നും മണിപ്പുരിനെ 6–0ത്തിനും തോൽപ്പിച്ച ത്രില്ലിങ് മത്സരങ്ങൾ മാധ്യമ വാർത്തകളിലൂടെയാണ് കേരളം അറിഞ്ഞത്.

മഹാരാഷ്ട്രയെയും വ്യക്തമായ മാർജിനിൽ തോൽപ്പിച്ച് കേരളം മുന്നേറിയപ്പോൾ ഫുട്ബോൾ ആരാധകർക്കു മുന്നിൽ കളിക്കാർ സൂപ്പർ സ്റ്റാരുമാരായി മാറി. വിങ്ങുകൾ കാത്തു സൂക്ഷിച്ച് മുന്നേറ്റത്തിനു വേഗം നൽകി ഗോളുകൾ അടിച്ചു കൂട്ടിയ  എം.എസ്.ജിതിന്‍, കെ.പി.രാഹുൽ, ജിതിൻ ഗോപാലൻ, എസ്.സീസൺ, രാഹുൽ രാജ്... ഒരുപിടി പേരുകൾ.ഗോൾ പോസ്റ്റിനു മുന്നിൽ ഇടറാതെ കൈകൾ നീട്ടി നിന്ന ഗോൾ കീപ്പർ വി.മിഥുൻ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലെത്തി. ‘ബംഗാളിനു വേണ്ടിയാകും ഞാൻ കയ്യിടിക്കുക– പക്ഷെ എന്റെ മനസിൽ കേരളത്തിന്റെ താരങ്ങളായിരിക്കും’ എന്നു ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷന്റെ (ബംഗാളിലെ ഫുട്ബോൾ സംഘടന) അന്നത്തെ സെക്രട്ടറി ഉത്പൽ ഗാംഗുലി പറഞ്ഞത് കൊൽക്കത്തയുടെ  മനസ്സ് കേരള താരങ്ങൾ എത്രത്തോളം കീഴടക്കി എന്നതിന്റെ തെളിവാണ്.

കൊൽക്കത്ത നഗര പരിധിയിൽത്തന്നെ പരിശീലനത്തിനു മൈതാനം കിട്ടാതെ വന്നപ്പോൾ സൈന്യത്തിന്റെ പരിശീലന ഗ്രൗണ്ട് കേരളത്തിനു വേണ്ടി തയാറാക്കി നൽകി മലയാളിയായ ലഫ്റ്റനന്റ് കേണൽ രഞ്ജിത്ത് മാത്യുവും കേരള ടീമിന്റെ ഭാഗമായി. കോട്ടയം ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് മാത്യുവും കേരള ടീം മാനേജർ പി,സി.ആസിഫും തമ്മിലുള്ള ബന്ധമാണ് സ്റ്റേഡിയം ഒരുക്കാൻ സഹായമായത്. 

∙സൂപ്പർ ക്ലൈമാക്സ്

ആരോടും പറയാതെ സസ്പെൻസായി ആതിഥേയരായ ബംഗാൾ ഫുട്ബോൾ അസോസിയേഷൻ (ഐഎഫ്എ)  ഒരു വിവരം കാത്തു വച്ചിരുന്നു. സെമി ഫൈനൽ വരെയുള്ള മത്സര വേദികൾ പ്രഖ്യാപിച്ചെങ്കിലും ഫൈനൽ മത്സര വേദി അവർ പ്രഖ്യാപിക്കാതെ മാറ്റി വച്ചു. ഒടുവിൽ സെമിഫൈനലിൽ കർണാടകയെ തോൽപ്പിച്ച് ബംഗാൾ ഫൈനലിൽ എത്തിയപ്പോൾ അവർ പ്രഖ്യാപിച്ചു– ഫൈനൽ കൊൽക്കത്ത സാൾട് ലേക്ക് സ്റ്റേഡിയത്തിൽത്തന്നെ. ബംഗാളിന്റെ കിരീട ധാരണത്തിന് അതിലും വലിയ വേദി അവർക്കുണ്ടായിരുന്നില്ല. എല്ലാം അവിടെ സജ്ജമായിരിന്നു. ബംഗാളിന്റെ ആരാധകർക്കായി ഗാലറിയുടെ ഒരു ഭാഗം മാത്രം അസോസിയേഷൻ തുറന്നു നൽകി. ആഘോഷമായി കീരീടവുമായി യാത്രയാകാൻ ഉള്ള സംവിധാനങ്ങളും ഒരുക്കി.

ആദ്യ വിസിൽ മുതൽ കയ്യടിക്കാൻ കേരളത്തിന് കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ആർത്തലയ്ക്കുന്ന ബംഗാൾ ആരാധകർക്കു മുന്നിൽ തല താഴ്ത്താതെ അവർ ആരവം ഉയർത്തിക്കൊണ്ടിരുന്നു. 19ാം മിനിറ്റിൽ ബംഗാളിനെ ഞെട്ടിച്ച് എം.എസ്.ജിതിൻ കേരളത്തിന്റെ ആദ്യ ഗോൾ നേടിയപ്പോൾ കൊൽക്കത്തയിലെ കയ്യടികളേക്കാൾ ഉച്ചത്തിൽ കേരളത്തിലെ ഓരോ കാൽപ്പന്ത് പ്രേമിയും കയ്യടിച്ച് തകര്‍ത്തു. എഐഎഫ്എഫിന്റെ ഫെയ്സ്ബുക് ലൈവിനു പുറമെ മനോരമ ന്യൂസ് മത്സരത്തിന്റെ ഭാഗങ്ങൾ ലൈവായി കാണിച്ചിരുന്നു. രണ്ടാം പകുതിയിൽ  ക്യാപ്ടൻ ജിതൻ മുർമു സമനില ഗോൾ നേടി. അവിടെ മുതൽ  മത്സരം ഒരു സൂപ്പർ  ഹിറ്റ് സിനിമയുടെ ചേരുവകളിലേക്ക് കടന്നു.

നിശ്ചിത സമയവും കടന്ന് അധിക സമയത്ത് മത്സരം എത്തി നിൽക്കുന്നു. മത്സരം തീരാൻ 3 മിനിറ്റ് മാത്രം. വിബിൻ തോമസ് ഹെഡറിലൂടെ കേരളത്തിന്റെ രണ്ടാം ഗോൾ നേടുന്നു. അതോടെ കേരളത്തിന്റെ വിജയമുറപ്പിച്ച് ആരാധാകരും ടീം അംഗങ്ങളും ആർത്തു വിളിച്ചു. അങ്ങനെ കേരളം ജയിച്ചിരുന്നെങ്കിൽ ഏതൊരു സാധാരണ മത്സരം പോലെയും അത് കടന്നു പോയെനെ. എന്നാൽ ബംഗാളിന്റെ മധ്യനിര താരം തീർഥങ്കർ സർക്കാരിനോട് നന്ദി പറയണം. മത്സരം എക്സ്ട്രാ ഓർഡിനറി ആക്കി മാറ്റിയതിന്.

എക്സ്ട്രാ ടൈം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ കേരളത്തിനു പറ്റിയ ചെറിയ പിഴവിൽ നിന്ന് ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. പോസ്റ്റിന് തൊട്ടുപുറത്തുനിന്ന് കിക്കെടുത്ത തീർഥങ്കർ സർക്കാർ ഒരു പിഴവുമില്ലാതെ ഗോൾ വലയിൽ എത്തിക്കുന്നു. വീണ്ടും സമനിലപ്പൂട്ട്. അപ്പോഴേക്കും മത്സരത്തിന്റെ അനുവദിച്ച സമയം അവസാനിപ്പിച്ച് റഫറിയുടെ വിസിലെത്തി.  മത്സരം പെനൽറ്റിയിലേക്ക്. മത്സരത്തിനിടെ താടിയ്ക്ക് പരുക്കറ്റ ഗോൾ കീപ്പർ മിഥുൻ ബാൻഡേജ് ചുറ്റി ഗോൾ പോസ്റ്റിലേക്ക്.

ആദ്യ രണ്ട് കിക്കുകളും ചാടി കയ്യിലൊതുക്കി മിഥുൻ സൂപ്പർ ഹീറോ മിഥുനായി. കേരളത്തിനായി കിക്കെടുത്ത ക്യാപ്ടൻ രാഹുൽ രാജും ജിതിന്‍ ഗോപാലനും ജസ്റ്റിൻ തോമസും, എസ്.സീസണും പിഴയ്ക്കാത്ത കിക്കുകളുമായി കേരളത്തിന്റെ വിജയം ആഘോഷമാക്കി. കേരളത്തിന്റെ അവസാന പെനൽറ്റി കിക്കിന് ഗോൾവല കാക്കാൻ ബംഗാൾ ക്യാപ്ടനും മുന്നേറ്റ നിര താരവുമായ ജിതൻ മുർമു തന്നെ എത്തിയതു ആന്റി ക്ലൈമാക്സായി. പതറാതെ എസ്. സീസൺ കിക്ക് വലയിലേക്ക് കയറ്റിയതോടെ കേരളത്തിന്റെ സൂപ്പർ ക്ലൈമാക്സ്. കേരളത്തിന്റെ മികച്ച മത്സരങ്ങളിൽ ഒന്നായി ഇതു ചരിത്രത്തിൽ എന്നും ഉണ്ടാകും എന്നുറപ്പ്.

English Summary: Kerala's Santhosh Trophy Win in 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com