ADVERTISEMENT

മ്യൂണിക്ക്∙ ക്വാറന്റീന്‍, ഐസലേഷൻ ചട്ടങ്ങൾ ലംഘിച്ച് കറങ്ങിനടക്കുന്ന സൂപ്പർതാരങ്ങളെ പിടിച്ചുകെട്ടാൻ വഴിതേടുന്ന ഫുട്ബോൾ ക്ലബ്ബുകൾക്ക് ജർമനിയിലെ മ്യൂണിക്കിൽനിന്നൊരു മാതൃക. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ മാനിക്കാതെ പുറത്തു കറങ്ങിയ ജർമൻ താരം ജെറോം ബെട്ടെങ്ങിന് അദ്ദേഹത്തിന്റെ ക്ലബ്ബായ ബയൺ മ്യൂണിക്ക് പിഴ ചുമത്തി. അസുഖബാധിതനായ മകനെ കാണാനാണ് ലോക്ഡൗൺ ലംഘിച്ചതെന്നാണ് ബോട്ടെങ് നൽകിയ വിശദീകരണം. മകനെ കണ്ടശേഷം മ്യൂണിക്കിലേക്കുള്ള മടക്കയാത്രയിൽ ബോട്ടെങ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ, താരം പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

അതേസമയം, പിഴ ചുമത്തിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ പണം കൊറോണ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്ന ജർമനിയിലെ ആശുപത്രികൾക്ക് നൽകുമെന്ന് ബയൺ മ്യൂണിക്ക് പ്രസ്താവനയിൽ അറിയിച്ചു. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് 2011ൽ ബയണിലെത്തിയ ജെറോം ബോട്ടെങ് അവരുടെ പ്രതിരോധ നിരയിലെ കരുത്തുറ്റ താരങ്ങളിൽ ഒരാളാണ്. ക്ലബ്ബിനായി ഇതുവരെ 200ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2014ൽ ലോകകപ്പ് നേടിയ ജർമൻ ടീമിലും അംഗമായിരുന്നു മുപ്പത്തൊന്നുകാരനായ ബോട്ടെങ്. ജർമനിയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവുമാദ്യം ലോക്ഡൗൺ ഏർപ്പെടുത്തിയ സംസ്ഥാനമാണ് മ്യൂണിക് ഉൾപ്പെടുന്ന ബവേറിയ.

‘സർക്കാരിന്റെ മാർഗനിർദ്ദേശം പരിഗണിച്ച് ക്ലബ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് താമസസ്ഥത്തുനിന്ന് ഏറെ മാറിയുള്ള സ്ഥലത്തേക്ക് ബോട്ടെങ് യാത്ര ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിനുമേൽ പിഴ ചുമത്താൻ ക്ലബ് തീരുമാനിച്ചിരിക്കുന്നു’ – ബയൺ മ്യൂണിക് പ്രസ്താവനയിൽ അറിയിച്ചു. സർക്കാരിന്റെയും ആരോഗ്യവിഭാഗത്തിന്റെയും ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ക്ലബ് ചൂണ്ടിക്കാട്ടി. ഇത്തരം സന്ദർഭങ്ങളിൽ മാതൃകാപരമായി പെരുമാറേണ്ടവരാണ് ബയൺ മ്യൂണിക്കിലെ ഓരോ അംഗങ്ങളുമെന്നും ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.

പിഴയീടാക്കാനുള്ള ക്ലബ്ബിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്ന് പറഞ്ഞ ബോട്ടെങ്, ഈ തീരുമാനം വേദനാജനകമാണെന്ന് കൂട്ടിച്ചേർത്തു. ‘മ്യൂണിക് വിടുന്ന കാര്യം ക്ലബ്ബിനെ അറിയിക്കാതിരുന്നത് പിഴവാണെന്ന് അറിയാം. പക്ഷേ ആ സമയത്ത് എന്റെ മനസ്സിൽ മകന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ’– ബോട്ടെങ് ഒരു ജർമൻ ദിനപത്രത്തോട് പ്രതികരിച്ചു.

‘അവൻ (മകൻ) ഒട്ടും സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടാൽ എന്താണ് ചെയ്യാൻ കഴിയുക? ഏതു സമയത്താണെങ്കിലും പോകുകയല്ലേ വേണ്ടത്? എന്റെ മകനുവേണ്ടി എന്തു ശിക്ഷ ഏറ്റുവാങ്ങാനും ഞാൻ തയാറാണ്’ – ബോട്ടെങ് പറഞ്ഞു.

‘ഇത്തരം സന്ദർഭങ്ങളിൽ നാലു വയസ്സുള്ള മകനെ കാണാൻ പോകാത്തെ ഏതെങ്കിലും പിതാവുണ്ടാകുമോ? അതിന് എന്തു ശിക്ഷ നൽകിയാലും ഏറ്റുവാങ്ങാൻ ഞാൻ തയാറാണ്. ആ ശിക്ഷ ഞാൻ ബഹുമാനപൂർവം സ്വീകരിക്കും. എങ്കിലും ഇത് വേദനിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ’ – ബോട്ടെങ് പറഞ്ഞു.

നേരത്തെ പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ, റയൽ മഡ്രിഡിന്റെ സെർബിയൻ താരം ലൂക്കാ ജോവിച്ച്, യുവെന്റസിന്റെ അർജന്റീന താരം ഗോൾസാലോ ഹിഗ്വെയിൻ തുടങ്ങിയവർ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചതായി ആക്ഷേപമുയർന്നിരുന്നു. മാതൃകാപരമായി പെരുമാറേണ്ട പ്രഫഷനൽ ഫുട്ബോൾ താരങ്ങൾ നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണുയർന്നത്. ഇതിനിടെയാണ് ലോക്ഡൗൺ ലംഘിച്ച താരത്തിന് പിഴചുമത്തി ബയൺ മ്യൂണിക്കിന്റെ വേറിട്ട മാതൃക.

English Summary: Bayern Munich have fined Jerome Boateng after the defender broke government lockdown rules by leaving Munich to visit his ill son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com