ADVERTISEMENT

റിയോ ഡി ജനീറോ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്മറും. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന മൂന്നാമത്തെ ഫുട്ബോൾ താരമായ നെയ്മർ, ഒരു മില്യൻ യുഎസ് ഡോളറാണ് (7.5 കോടിയിലധികം രൂപ) കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയതെന്നാണ് റിപ്പോർട്ട്. ഒരു ടെലിവിഷൻ നെറ്റ്‌വർക്കാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, ഇത്തരം സഹായങ്ങൾ പരസ്യമാക്കാറില്ലെന്ന് നെയ്മറിന്റെ മീഡിയ ഓഫിസ് പ്രതികരിച്ചു.

ഫ്രഞ്ച് ലീഗ് വണ്ണിൽ പാരിസ് സെന്റ് ജർമന്റെ താരമായ നെയ്മർ, ഫുട്ബോൾ മത്സരങ്ങൾ റദ്ദാക്കിയതോടെ സ്വദേശമായ ബ്രസീലിലാണുള്ളത്. പാരിസിൽനിന്ന് സ്വകാര്യ വിമാനത്തിൽ ബ്രസീലിലെത്തിയ അദ്ദേഹം നിയമമനുസരിച്ച് അവിടെ ക്വാറന്റീനിലാണ്. അവിടെ ബീച്ച് വോളിബോൾ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കും മകനുമൊപ്പം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് നെയ്മർ പുലിവാലു പിടിച്ചിരുന്നു. താരം ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ അദ്ദേഹം വിശദീകരണക്കുറിപ്പും പുറത്തിറക്കേണ്ടിവന്നു. ഇതിനിടെയാണ് സഹായ വാർത്ത പുറത്തുവരുന്നത്.

വൈറസ് ബാധ വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച ബ്രസീലിനായാണ് നെയ്മർ സംഭാവന നൽകിയത്. ഇതിന്റെ ഒരു വിഹിതം ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ ഫണ്ടിലേക്കും (യുണിസെഫ്) ബാക്കി തുക അടുത്ത സുഹൃത്ത് ലൂസിയാനോ ഹക്കിന്റെ നേതൃത്വത്തിലുള്ള ചാരിറ്റി ഫണ്ടിലേക്കുമാണ് നൽകുക. 2022ലെ പൊതുതിരഞ്ഞെടുപ്പിൽ ബ്രസീൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പറഞ്ഞുകേൾക്കുന്ന പേരാണ് ലൂസിയാനോ ഹക്ക്.

പിഎസ്ജിയിൽ നെയ്മറിന്റെ സഹതാരമായ ഫ്രഞ്ച് താരം കിലിയൻ എംബപ്പെയും ഏതാനും ദിവസങ്ങൾക്കു മുൻപ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കനത്ത തുക സംഭാവന നൽകിയിരുന്നു. വലിയ തുകയാണെന്ന് പറഞ്ഞെങ്കിലും അദ്ദേഹം നൽകിയ തുക എത്രയെന്ന് വെളിപ്പെടുത്താൻ സംഭാവന സ്വീകരിച്ച സന്നദ്ധ സംഘടന തയാറായില്ല. ഇവർക്കു പുറമെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബാർസിലോന താരം ലയണൽ മെസ്സി തുടങ്ങിയവരും സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരുന്നു.

English Summary: Neymar donates $1 million to fight coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com