ADVERTISEMENT

ബാർസിലോന ∙ പ്രശസ്ത ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ മാതാവ് ഡോളോഴ്സ് സാല കാരിയോ കോവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സായിരുന്നു. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. വാലന്റിയാണ് ഭർത്താവ്. പെപ്പിനു പുറമെ ഇവർക്ക് മൂന്നു മക്കൾ കൂടിയുണ്ട്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള നിലവിൽ സ്പെയിനിലാണുള്ളത്. സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെയും പരിശീലകനായിരുന്ന പെപ്, 2016 ജൂലൈയിലാണ് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്.

‘കൊറോണ വൈറസ് ബാധിച്ച് പെപ് ഗ്വാർഡിയോളയുടെ മാതാവ് ഡോളോഴ്സ് സാല കാരിയോ ബാർസിലോനയിലെ മാൻരേസയിൽ മരണപ്പെട്ട വിവരം എല്ലാവരെയും ഏറ്റവും ദുഃഖത്തോടെ അറിയിക്കുന്നു. അവർക്ക് 82 വയസ്സായിരുന്നു. ജീവിതത്തിലെ ഏറ്റവും വിഷമ ഘട്ടത്തിലൂടെ കടന്നുപോകുന്ന പെപ്പിനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾക്കും എല്ലാ സുഹൃത്തുക്കൾക്കും ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരുടെയും അനുശോചനം അറിയിക്കുന്നു’ – മാഞ്ചസ്റ്റർ സിറ്റി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

സ്പെയിനിലാകെ ഇതുവരെ 1,30,000ൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് നിമിത്തമുള്ള മരണം 13,000 പിന്നിട്ടു. തിങ്കളാഴ്ച മാത്രം 637 പേരാണ് വൈറസ് ബാധ നിമിത്തം മരിച്ചത്. കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യമായ സ്പെയിനിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഗ്വാർഡിയോള ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു മില്യൻ യൂറോ (ഏഴു കോടിയിലധികം രൂപ) സംഭാവന നൽകിയിരുന്നു.

English Summary: Pep Guardiola's mother dies after contracting coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com