ADVERTISEMENT

ലണ്ടൻ∙ കൊറോണ വൈറസ് വ്യാപനം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളിലൊന്നായ ബ്രിട്ടനിൽ, ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് ഫുട്ബോൾ പരിശീലനത്തിനിറങ്ങിയ ടോട്ടനം ഹോട്സ്പറിന്റെ പോർച്ചുഗീസ് പരിശീലകൻ ഹോസെ മൗറീഞ്ഞോയും സംഘവും വിവാദക്കുരുക്കിൽ. മൗറീഞ്ഞോയ്ക്കു പുറമെ ടോട്ടനം താരങ്ങളായ ഡേവിൻസൺ സാഞ്ചസ്, റയാൻ സെസേഗ്‌നൻ, താങ്ഗൂയ് എൻഡോംബെലെ തുടങ്ങിയവരാണ് സർക്കാർ നിർദ്ദേശങ്ങൾ അട്ടിമറിച്ച് പരിശീലനത്തിനിറങ്ങിയത്. ലണ്ടൻ പാർക്കിൽ നാൽവർ സംഘം പരിശീലിക്കുന്നതിന്റെ വിഡിയോ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ സഹിതം ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങളെല്ലാം വൻ പ്രാധാന്യത്തോടെ വാർത്തയും പ്രസിദ്ധീകരിച്ചു.

ഇതോടെ, മൗറീഞ്ഞോയ്ക്കും സംഘത്തിനും പൊലീസ് മുന്നറിയിപ്പു നൽകിയതായാണ് റിപ്പോർട്ട്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ടോട്ടനം ഹോട‌്സ്‌പർ പ്രത്യേകം പ്രസ്താവനയും പുറത്തിറക്കി. ടോട്ടനം താരങ്ങളും പരിശീലകരും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും സാമൂഹിക അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ എടുക്കേണ്ടതിന്റെയും ആവശ്യകതയിലൂന്നിയാണ് പ്രസ്താവന. സർക്കാർ നിർദ്ദേശമനുസരിച്ച് ബ്രിട്ടനിൽ കുടുംബാംഗങ്ങളല്ലാത്തവർ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കേണ്ടതുണ്ട്.

‘ടോട്ടനം ഹോട്സ്പറിന്റെ എല്ലാ താരങ്ങളും പുറത്ത് പരിശീലിക്കുമ്പോള്‍ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അകലം പാലിക്കണമെന്ന് ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു. ഇക്കാര്യം നടപ്പാക്കുന്നുവെന്ന് ക്ലബ് ആവർത്തിച്ച് ഉറപ്പുവരുത്തും’ –ടോട്ടനം വക്താവ് വ്യക്തമാക്കി. അതേസമയം, ആവശ്യമായ എല്ലാ മുൻകരുതലുകളുമെടുത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശീലനത്തിന് ഇറങ്ങിയതെന്നാണ് മൗറീഞ്ഞോയുടെ നിലപാട്.

കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാർച്ച് പകുതിടെ പ്രീമിയർ ലീഗ് ഉൾപ്പെടെ ഇംഗ്ലണ്ടിലെ കായിക മത്സരങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതിനുശേഷം വീടുകളിലിരുന്ന് പരിശീലിക്കാനാണ് താരങ്ങൾക്ക് പ്രമുഖ ക്ലബ്ബുകൾ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനിടെയാണ് താരങ്ങളെയും കൂട്ടി മൗറീഞ്ഞോ പരിശീലനത്തിന് ഇറങ്ങിയത്. വൈറസ് വ്യാപനത്തെ തുടർന്ന് ലീഗ് റദ്ദാക്കുമ്പോൾ എട്ടാം സ്ഥാനത്തായിരുന്നു ടോട്ടനം ഹോട്സ്പർ. മാത്രമല്ല, യുവേഫ ചാംപ്യൻസ് ലീഗിൽനിന്ന് ആർബി ലെയ്പ്സിഗിനോടു തോറ്റ് അവർ പുറത്താകുകയും ചെയ്തു.

English Summary: Tottenham reprimand Mourinho and players for breaking coronavirus restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com