ADVERTISEMENT

ലിസ്ബൺ∙ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടപെടലിനെ തുടർന്ന് കൊറോണ വൈറസ് വ്യാപനം നിമിത്തം പ്രതിസന്ധിയിലായ പോർച്ചുഗീസ് ക്ലബ്ബുകളെ സഹായിക്കുന്നതിന് ദേശീയ ഫുട്ബോൾ ടീം അംഗങ്ങൾ പണം സമാഹരിച്ചതായി മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം ബെർനാഡോ സിൽവ. ഈ വർഷം നടക്കേണ്ടിയിരുന്ന യൂറോകപ്പിനായി യോഗ്യത നേടിയതിനു ലഭിച്ച ബോണസ് തുകയുടെ പകുതിയാണ് ഓരോ താരവും സംഭാവന നൽകിയത്. പോർച്ചുഗൽ ടീമംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവച്ച ആശയം മറ്റ് അംഗങ്ങളും ഏറ്റെടുക്കുകയായിരുന്നെന്ന് സിൽവ വെളിപ്പെടുത്തി.

ഇൻസ്റ്റഗ്രാമിലെ ലൈവ് ചാറ്റിൽ സംസാരിക്കുമ്പോഴാണ് ബെർണാഡോ സിൽവ ഇക്കാര്യം പരസ്യമാക്കിയത്. മറ്റ് താരങ്ങളുമായി ഫോണിൽ സംസാരിക്കുമ്പോഴും ചാറ്റ് ചെയ്യുമ്പോഴും റൊണാൾഡോയുടെ ഇടപെടൽ എങ്ങനെയാണെന്ന ചോദ്യമുയർന്നപ്പോഴാണ് വൈറസ് വ്യാപനം നിമിത്തം പ്രതിസന്ധിയിലായ പോർച്ചുഗലിലെ ചെറുകിട ക്ലബ്ബുകളെ സഹായിക്കാൻ താരം മുൻകയ്യെടുത്ത വിവരം സിൽവ വിശദീകരിച്ചത്.

‌ഏതാനും ദിവസം മുൻപ് വാട്സാപ്പിൽ ചാറ്റ് ചെയ്യുമ്പോഴാണ് ദേശീയ ടീമിലെ താരങ്ങളെല്ലാം യൂറോകപ്പ് യോഗ്യതയ്ക്ക് ലഭിച്ച ബോണസിന്റെ പകുതി ചെറുകിട ക്ലബ്ബുകളെ സഹായിക്കാൻ നൽകിയാലോ എന്ന ആശയം റൊണാൾഡോ മുന്നോട്ടുവച്ചതെന്ന് സിൽവ വെളിപ്പെടുത്തി. യൂറോകപ്പിൽ നിലവിലെ ചാംപ്യൻമാരായ പോർച്ചുഗലിന്റെ ക്യാപ്റ്റനാണ് ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസിനു കളിക്കുന്ന റൊണാൾഡോ. ദേശീയ ടീം താരങ്ങൾ ബോണസിന്റെ പകുതി ചെറുകിട ക്ലബ്ബുകളെ സഹായിക്കാൻ നൽകിയ വിവരം പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ പിന്നീട് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

നേരത്തെ, കോവിഡ് പ്രതിരോധ ദൗത്യത്തെ സഹായിക്കുന്നതിനായി റൊണാൾഡോ ഒരു മില്യൻ യുഎസ് ഡോളർ സംഭാവന ചെയ്തിരുന്നു. നിലവിൽ സ്വദേശമായ പോർച്ചുഗലിൽ ക്വാറന്റീനിൽ കഴിയുന്ന റൊണാൾഡോ, തന്റെ ഏജന്റായ ജോർജെ മെൻഡെസിനൊപ്പമാണ് കനത്ത തുക സംഭാവന നൽകിയത്. ഈ തുക പോർച്ചുഗലിലെ വിവിധ ആശുപത്രികളിൽ കൊറോണ വൈറസിനെതിരായ ചികിത്സയ്ക്കു വേണ്ട ഉപകരണങ്ങളും മരുന്നുകളും വാങ്ങാനാണ് ചെലവഴിച്ചത്. ഇതിനു പുറമെ വൈറസ് വ്യാപനം നിമിത്തം പ്രതിസന്ധിയിലായ തന്റെ ക്ലബ്ബിനെ സഹായിക്കാൻ പ്രതിഫലം വെട്ടിക്കുറയ്ക്കാനും താരം തയാറായി. പോർച്ചുഗലിൽ ഇതുവരെ 17,000ത്തോളം പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 535 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.

English Summary: Bernardo Silva reveals generous Cristiano Ronaldo used WhatsApp to urge Portugal team-mates to donate half of their Euro 2020 qualifying bonus to help support struggling clubs during coronavirus crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com