ADVERTISEMENT

(വായനക്കാരുടെ ചോദ്യങ്ങൾക്ക് ഐ.എം. വിജയൻ മറുപടി നൽകുന്നു)

ഇന്ത്യയുടെ ‘കറുത്ത മുത്ത്’ എന്നു വിജയേട്ടനെ വിളിക്കുന്നത് ചിലരെങ്കിലും വിമർശിച്ചു കാണാറുണ്ട്. ചേട്ടന് ആ വിളി കേൾക്കുമ്പോൾ എന്താണ് തോന്നുന്നത്? -ഇഖ്ബാൽ അമ്പാട്ട്, പറമ്പിൽപീടിക, മലപ്പുറം

ബ്രസീൽ ഇതിഹാസം പെലെയോടു താരതമ്യപ്പെടുത്തിയാണ് എന്നെ അങ്ങനെ വിളിക്കുന്നത്. അതിൽ അഭിമാനം മാത്രം. ഇന്ത്യയിൽ വേറൊരു കളിക്കാരനും ആ ബഹുമതിയില്ല. പിന്നെ, കറുപ്പ് എന്ന നിറമാണെങ്കിൽ അത് എന്റെ അഭിമാനവും അഹങ്കാരവുമാണ്. ഐ.എം.വിജയൻ വെളുത്തത് ആയിരുന്നെങ്കിൽ ജീവിതം തന്നെ ആകെ ‘വെളുത്തു’ പോയേനെ!

സിസേഴ്സ് കപ്പ് ഫൈനലിൽ മലേഷ്യൻ ക്ലബ്ബിനെതിരെ നേടിയ മാന്ത്രിക ബൈസിക്കിൾ കിക്ക് ഗോൾ നേടിയതിനു ശേഷമുള്ള അനുഭവം എന്തായിരുന്നു? -ഷിബു തോമസ്, കുഴിയത്ത്‌, ശൂരനാട് വടക്ക്, കൊല്ലം

അങ്ങനെ ഒരു ഗോൾ അടിക്കുമെന്ന് കരുതിയല്ല മത്സരത്തിനിറങ്ങിയത്. സിസർകട്ട് ഗോളുകൾ അതിനു മുൻപും ശേഷവും നേടിയിട്ടുണ്ട്. എന്നാൽ ജെസിടിക്കു വേണ്ടി കോഴിക്കോട് നേടിയ ആ കിക്ക് മധുരമായ ഓർമയാണ്. കോഴിക്കോട്ടെ ആരാധകർ ആ ഗോൾ ആഘോഷിച്ചു കാണും. പക്ഷേ, എനിക്ക് ആഘോഷിക്കാൻ പറ്റിയില്ല. അന്നു വൈകിട്ടുതന്നെ ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യൻ ക്യാംപിൽ എത്തണമെന്നു നിർദേശമുണ്ടായിരുന്നു. അന്നു രാത്രി കോഴിക്കോട്ടു നിന്നിട്ട് ക്യാംപിലെത്തിയാൽ പോരേ എന്നു ഞാൻ ചോദിച്ചെങ്കിലും അനുവദിച്ചില്ല.

വിജയേട്ടൻ കളിച്ച കാലത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആരാണ് ? -അനു വി.കുട്ടൻ, വാഴേമാലി, കരിക്കോട്, എറണാകുളം

ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്ന ഹെൻറി മെനേസസ് ആണ് ഞാൻ എതിരിട്ടതിൽ ഏറ്റവും കടുപ്പക്കാരൻ. വി.പി.സത്യനൊപ്പം ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട് മുംബൈക്കാരൻ മെേനസസ്. ഇപ്പോൾ കമന്റേറ്ററാണ്. ഫെഡറേഷൻ കപ്പിലൊക്കെ ഗോൾപോസ്റ്റിനു മുന്നിലൂടെ വെറുതെ കറങ്ങി ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്.

താങ്കളുടെ കാലത്ത് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോലുള്ള ലീഗുകൾ ഇല്ലാത്തതിൽ നിരാശ തോന്നിയിട്ടുണ്ടോ? -കെ.ജി.ഷമീർ, കോയിക്കൽ നികർത്തിൽ, കോടംതുരുത്ത്, കുത്തിയതോട്

അങ്ങനെ ഒരു നിരാശയില്ല. ഞങ്ങൾക്കു മുൻപുള്ള തലമുറയിൽ ഈ ലീഗ് ആരംഭിച്ചിരുന്നെങ്കിൽ ഞങ്ങളും അതു തുടർന്നേനെ. അവരുടെ കളികൾ കൂടുതൽ നമുക്കു കാണാൻ സാധിക്കുമായിരുന്നു. ഐഎസ്എൽ ഇന്ത്യൻ താരങ്ങൾക്കു മികച്ച അവസരമാണു നൽകുന്നത്.

∙ ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണ്? - ആർ.ജയചന്ദ്രൻ, മഞ്ചാടിയിൽ, കൊല്ലം

സച്ചിൻ തെൻഡുൽക്കറാണ് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരം. ടോട്ടൽ പ്ലെയറാണു സച്ചിൻ. നല്ല മനുഷ്യൻ കൂടിയാണ് അദ്ദേഹം.

∙ റയൽ മഡ്രിഡ്, ബാർസിലോന, കേരള ബ്ലാസ്റ്റേഴ്സ്... ഒരേ ദിവസം തന്നെ ഈ 3 ക്ലബ്ബുകളിൽനിന്നും പരിശീലകൻ ആകാൻ വിളിവന്നാൽ ഏതു ടീം തിരഞ്ഞെടുക്കും? -വൈശാഖ് മോഹൻ, കീർത്തനം, രാപ്പാൾ, തൃശൂർ

സ്നേഹംവച്ച് കേരള ബ്ലാസ്റ്റേഴ്സ് എന്നാണു പറയേണ്ടത്. പക്ഷേ, ബാ‍ർസിലോന എന്നാണ് എന്റെ ഉത്തരം.

∙ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായാൽ കപ്പ് നേടാൻ എന്തെല്ലാം മാറ്റം കൊണ്ടുവരും? -എ.ഷഹനാസ്, കണ്ണമത്ത് തെക്കതിൽ, കൊല്ലം

ഏജന്റുമാരെ പടിക്കു പുറത്താക്കും. ടീമിനെ ഞാൻ തന്നെ തിരഞ്ഞെടുക്കും. ഓരോ പൊസിഷനിലും വേണ്ട ആളുകളെ പരിശീലകനാണു കണ്ടെത്തേണ്ടത്. കേരളത്തിൽനിന്നുള്ള കളിക്കാർക്ക് അവസരം നൽകും. സീസൺ കഴിഞ്ഞ് ടീം പിരിച്ചുവിടില്ല. തുടർച്ചയുണ്ടാകണം; എങ്കിലേ പ്രയോജനമുണ്ടാകൂ.

∙ ഫുട്ബോൾ കളിയിൽ താൽപര്യം ഉണ്ടെന്നു കണ്ടെത്തിയത് ആരാണ്? -ജയമോൾ സേവ്യർ, കുന്നേൽ, കറുകച്ചാൽ‍, കോട്ടയം

തൃശൂരിലെ ഷാജോസ് ക്ലബ്ബിലെ ജോസ് പറമ്പനാണ് എന്നെ കളിക്കളത്തിൽ എത്തിച്ചത്. സ്പോർട്സ് കൗൺസിൽ ക്യാംപിൽ അണ്ടർ 12 വിഭാഗത്തിൽ എന്നെ ചേർക്കുന്നത് അദ്ദേഹമാണ്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഐ.എം.വിജയൻ എന്ന ഫുട്ബോളർ ഉണ്ടാകുമായിരുന്നില്ല.

∙ ബിഗിൽ സിനിമയിൽ നടൻ വിജയിനെ ഫുട്ബോൾ കളി പഠിപ്പിച്ചത് വിജയൻ ആണോ ? – എൻ.അൽദീൻ ഷാ, സിദ്ദിഖ് മൻസിൽ, അഴൂർ, തിരുവനന്തപുരം

അല്ല, സിനിമയിലെ ഫുട്ബോൾ സീനുകൾ എടുത്ത ശേഷമാണു ഞാൻ ലൊക്കേഷനിൽ എത്തുന്നത്. നല്ലൊരു മനുഷ്യനാണ് വിജയ്. എന്റെ സിസർ‍കട്ട് ഗോളുകളെക്കുറിച്ചു വിജയ് ചോദിച്ചിരുന്നു. സിനിമയിൽ വിജയിയെ ചവിട്ടുന്ന സീൻ ഉണ്ടായിരുന്നു. എനിക്കാണെങ്കിൽ മടി. ഒടുവിൽ വിജയ് കൈ നെഞ്ചിൽ വച്ചിട്ട് പറഞ്ഞു: ഇവിടെ ചവിട്ടിയാൽ മതി.

അച്ഛനോട് മകൻ

∙ രാജ്യമെങ്ങും കളിച്ചുനടന്ന അച്ഛന് എന്നെ കളിപ്പിക്കാൻ സമയം കിട്ടിയിരുന്നില്ലല്ലോ? ഞാൻ ഭാവിയിൽ ആരാകണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം? - ആരോമൽ വിജയൻ

ശരിയാണ്. നീ കു‍ഞ്ഞായിരിക്കുമ്പോൾ ഞാൻ ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയാണ്. കുറച്ചു ദിവസം മാത്രമാണു വീട്ടിലുണ്ടാവുക. ഫുട്ബോളുമായി ബന്ധപ്പെട്ട് വിഡിയോ അനലൈസ് ചെയ്യുന്ന നിന്റെ ഇപ്പോഴത്തെ ജോലി മികച്ചതാണ്. ഒരു സിനിമയിൽ സ്പോർട്സ് കൊറിയോഗ്രഫിയും ചെയ്തു. ഫുട്ബോൾ താരമായില്ലെങ്കിലും ഫുട്ബോൾ നിന്റെയൊപ്പമുണ്ട്. അതാണ് എന്റെ ഇപ്പോഴത്തെ സന്തോഷം.

vijayan-son
ആരോമൽ (ഇടത്ത്) അച്ഛൻ വിജയനൊപ്പം.

ചോദ്യമല്ല, ചിത്രം!

വായനക്കാരുടെ ചോദ്യങ്ങൾക്കിടയിൽ ഒരു ചിത്രവും! തലശ്ശേരി എരഞ്ഞോളി സ്വദേശി ഹേമന്ത് നമ്പ്യാർ അയച്ചു തന്ന ചിത്രമാണിത്. വിജയന്റെ കട്ടഫാനാണു താനെന്ന കുറിപ്പോടെയാണു ഹേമന്ത് ഈ ചിത്രം അയച്ചത്. വിജയനെ എന്നെങ്കിലും നേരിൽ കാണുമ്പോൾ സമ്മാനിക്കാനായി ചിത്രത്തിന്റെ ഒറിജിനൽ തന്റെ പക്കൽ സുരക്ഷിതമായിട്ടുണ്ടെന്നും ഹേമന്ത് പറയുന്നു.

English Summary: Question-Answer Session with Ace Footballer IM VIjayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com