ADVERTISEMENT

കൊച്ചി ∙ പുതിയ തട്ടകം തേടുന്ന പരിശീലകനൊപ്പം പഴയ പാളയത്തിലെ വിശ്വസ്തരുമുണ്ടാകുമെന്നതു ലോക ഫുട്ബോളിലെ പതിവു കാഴ്ചകളിലൊന്നാണ്. ഹോസെ മൗറീന്യോയും മൗറീഷ്യോ സാറിയും പോലുള്ള തല മുതിർന്ന തന്ത്രജ്ഞരും പലവട്ടം പിന്തുടർന്നിട്ടുള്ള സുരക്ഷിത വഴിയാണീ കൂട്ടു ചേർന്നുള്ള കൂടുമാറ്റം. പുതിയ പരിശീലകൻ കിബു വിക്കൂനയുടെ വരവിനു പിന്നാലെ ബ്ലാസ്റ്റേഴ്സിലും ചൂട് പിടിക്കുന്നുണ്ട് ഈ വഴിക്കുള്ള ചിന്തകൾ.

∙ ചർച്ചകളിൽ മൂവർ സംഘം

കൊൽക്കത്ത ക്ലബ് മോഹൻ ബഗാനിൽ വിക്കൂനയുടെ തുറുപ്പുചീട്ടുകളെന്ന വിശേഷണം നേടിയ മൂന്നു താരങ്ങളെ ചുറ്റിപ്പറ്റിയാണു ബ്ലാസ്റ്റേഴ്സിലെ കൂടുമാറ്റസാധ്യതകൾ. അടുത്ത സീസണിൽ ബഗാൻ എടികെയുടെ ഭാഗമായി മാറുന്ന സാഹചര്യം ഈ സാധ്യതകൾക്കു കരുത്തു പകരുന്നു. സ്പാനിഷ് മിഡ്ഫീൽഡർമാരായ ഫ്രാൻ ഗോൺസാലെസ്, ഹോസെബ ബെയ്റ്റിയ, സെനഗലിൽ നിന്നുള്ള സെന്റർ ഫോർവേഡ് ബാബാ ഡിയവാറ എന്നിവരാണു വിക്കൂനയ്ക്കൊപ്പം ഐഎസ്എൽ പ്രവേശനം നടത്തുമെന്നു കരുതപ്പെടുന്ന വിദേശതാരങ്ങൾ. മുൻനിരയിലും മധ്യത്തിലും ഇപ്പോൾത്തന്നെ താരനിബിഡമായ എടികെയിൽ അവസരം വിരളമാകുമെന്നതും താരങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

∙ വിജയത്തിന്റെ ന്യൂക്ലിയസ്

വിക്കൂനയുടെ ബഗാൻ ഐ ലീഗ് കിരീടത്തോടെ യാത്ര അവസാനിപ്പിച്ചതിൽ ഫ്രാൻ–ബെയ്റ്റിയ– ബാബ ത്രയത്തിന്റെ പങ്ക് വലുതാണ്. കളത്തിലെ പ്രകടനത്തിൽ മാത്രമല്ല, ജൂനിയർ താരങ്ങളുടെ വഴികാട്ടികളെന്ന നിലയ്ക്കു ബഗാൻ ക്യാംപിലും വിക്കൂനയുടെ പാത എളുപ്പമാക്കിയത് ഇവരുടെ പരിചയസമ്പത്താണ്. സെവിയ്യ, ലെവാന്റെ, ഗെറ്റാഫെ ക്ലബുകളിലായി ലാലിഗ പരിചയമേറെയുള്ള ഡിയവാറ ഐലീഗ് തുടങ്ങിയ ശേഷം പകരക്കാരനായാണു ബഗാനിലെത്തിയത്. സെനഗലുകാരന്റെ വരവോടെ ടീമിന്റെ രാശിയും മാറി.

chart---

ബ്ലാസ്റ്റേഴ്സിൽ ഓഗ്ബെച്ചെയ്ക്കൊത്ത പങ്കാളിയാകാൻ പോന്ന താരമാണീ മുപ്പത്തിരണ്ടുകാരൻ. റയൽ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളർന്ന ഫ്രാൻ ഗോൺസാലെസ് സരഗോസ, ഡിപ്പോർട്ടീവോ ടീമുകളിൽ കളിച്ചാണ് ഇന്ത്യയിലെത്തിയത്. ഡിഫൻസീവ് മിഡ്ഫീൽഡറായ മുപ്പത്തിയൊന്നുകാരനു ഗോളടിയിലും മിടുക്കുണ്ട്. ഗോൺസാലെസിന്റെ ഉറ്റസുഹൃത്ത് കൂടിയായ ഹോസെബാ റയൽ സോഷ്യഡാഡിന്റെ താരമായിരുന്നു. സെൻട്രൽ മിഡ്ഫീൽഡറാണ് 29 കാരനായ ഹോസെബാ.

∙ വിക്കൂനയുടെ താരത്രയം ഐ ലീഗിൽ

∙ ഫ്രാൻ ഗോൺസാലെസ്
മത്സരം: 16
ഗോൾ: 10
അസിസ്റ്റ്: 1

∙ ഹോസെബാ ബെയ്റ്റിയ
മത്സരം: 16
ഗോൾ: 3
അസിസ്റ്റ്: 9

∙ ബാബാ ഡിയവാറ
മത്സരം: 12
ഗോൾ: 10
അസിസ്റ്റ്: 1

English Summary: Three Main Mohun Bagan Players are set to move to Kerala Blasters FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com