ADVERTISEMENT

വിജയാകാശത്തു തിളങ്ങുന്ന ചന്ദ്രനെപ്പോലെ ഒരു രാത്രി മുന്നിലേക്കു കടന്നുവന്ന അർജന്റീന താരം ലയണൽ മെസ്സിയെക്കുറിച്ച് 2018 റഷ്യ ലോകകപ്പ് റിപ്പോർട്ട് ചെയ്ത മുഹമ്മദ് ദാവൂദിന്റെ ഓർമക്കുറിപ്പ് .....

‘‘മെസ്സിയെ വെടിവച്ചു കൊല്ലണം..’’ കലിപ്പിലായ ആ അർജന്റീനക്കാരന്റെ ‘മുറി ഇംഗ്ലിഷി’ലുള്ള വാക്കുകൾ കേട്ട് ഞാൻ ഞെട്ടി. ചുറ്റും നോക്കി. ദൈവമേ, ആരെങ്കിലും കേൾക്കുന്നുണ്ടോ..?

റഷ്യൻ ലോകകപ്പിൽ അർജന്റീന ഐസ്‌ലൻഡിനോടു സമനില വഴങ്ങിയതാണു കാര്യം. വൈക്കിങ് ക്ലാപ്പുമായി ഐസ്‌ലൻ‍ഡ് ആരാധകർ മോസ്കോ തെരുവുകൾ കീഴടക്കിയതിനു പിറ്റേന്ന്, താമസിക്കുന്ന ഹോട്ടലിൽനിന്നു പുറത്തിറങ്ങിയതാണ്. പ്രോസ്പെക്റ്റ് മിറ മെട്രോ സ്റ്റേഷനിലേക്കുള്ള വഴിയേ, ദാ വരുന്നു മെസ്സിയുടെ 10–ാം നമ്പർ ജഴ്സിയിട്ട 2 അർജന്റീനക്കാർ. ‘നിന്ദിതരും പീഡിതരും’ എന്ന മുഖഭാവത്തിൽ നടക്കുന്ന അവരോട് ഐസ്‌ലൻഡ് മത്സരത്തെക്കുറിച്ച് ചോദിച്ചതേയുള്ളൂ; കൂട്ടത്തിൽ ഇത്തിരി വീര്യം കൂടിയ സാന്റിനോ ചെറിയ കുട്ടികളെപ്പോലെ കൈ, തോക്കു പോലെയാക്കി ക്ഷുഭിതനായി. മത്സരത്തിൽ പെനൽറ്റി പാഴാക്കിയതാണു മെസ്സി ചെയ്ത ‘കുറ്റം’!

റഷ്യയിലെ ലോകകപ്പിൽ കണ്ടത് ഇങ്ങനെ നിഷ്കളങ്കരായ കുറെ മനുഷ്യരെയാണ്. പിന്നെ അവരെല്ലാം ചങ്കിൽ കൊണ്ടു നടക്കുന്ന ഒരു ‘അമാനുഷികനെയും’– ലയണൽ ആന്ദ്രെ മെസ്സി! പക്ഷേ സാന്റിനോ പറഞ്ഞ പോലെ ആദ്യ മത്സരത്തിൽ മെസ്സിയും അർജന്റീനയും ആരാധകരെയെല്ലാം ‘പറ്റിച്ചു’. ഐസ്‌ലൻഡിനെതിരെ 1–1 സമനില. ഇടിവെട്ടിയ അർജന്റീനക്കാരെ നിഷ്നി നൊവാഗ്രാഡിലെ അടുത്ത മത്സരത്തിൽ ‘ക്രൊയേഷ്യ’യും കടിച്ചു. ലൂക്ക മോഡ്രിച്ചിനും സംഘത്തിനും മുന്നിൽ അർജന്റീന 0–3നു നിലംപരിചായപ്പോൾ ഓർത്തത് സാന്റിനോയെ തന്നെയാണ്. ഇപ്പോൾ കണ്ടിരുന്നെങ്കിൽ അർജന്റീന ടീമിനെയൊന്നാകെ ബോംബിട്ടു കൊല്ലും എന്നവൻ പറഞ്ഞേനെ!

എന്നിട്ടും അർജന്റീന ആരാധകർ മെസ്സിയിലുള്ള വിശ്വാസം കൈവിട്ടില്ല. സെന്റ് പീറ്റേഴ്സ്ബർഗിൽ നൈജീരിയയുമായുള്ള നിർണായക മത്സരത്തിനും അവർ ഒഴുകിയെത്തി. ലോകകപ്പിൽ അതുവരെയുള്ള എല്ലാ മത്സരഫലങ്ങളും കൃത്യമായി പ്രവചിച്ച അക്കിലീസ് എന്ന പൂച്ച നൈജീരിയ ജയിക്കുമെന്നു പ്രവചിച്ചിരിക്കുന്നു. ‘പറഞ്ഞതൊരു’ പൂച്ചയാണെങ്കിലും അർജന്റീനക്കാരെല്ലാം പേടിച്ചു പോയി. അവർ കൈകൂപ്പി മെസ്സിയുടെ കാലുകളിലേക്കു നോക്കിയിരിപ്പായി. മത്സരത്തിന്റെ 14–ാം മിനിറ്റിൽ ‘ദൈവം’ കടാക്ഷിച്ചു. ബനേഗയുടെ ആകാശപ്പാസ് ബോക്സിൽ സ്വീകരിച്ച് മൂന്നു ടച്ചിൽ മെസ്സി നൈജീരിയൻ വല കുലുക്കി.

അർജന്റീന ജയിച്ച് പ്രീ–ക്വാർട്ടർ ഉറപ്പാക്കിയതോടെ, മാധ്യമപ്രവർത്തകർക്കുള്ള മിക്സ്ഡ് സോണിൽ ലാറ്റിനമേരിക്കൻ പത്രക്കാരുടെ ‘പെരുന്നാൾ’. ഇങ്ങനെയൊരു ദിവസം മെസ്സിയെ കാണാതെ മടങ്ങുന്നതെങ്ങനെ? കാത്തിരിപ്പ് അർജന്റീനയുടെ ‘കിരീടനേട്ടം’ പോലെ നീണ്ടു നീണ്ടു പോയി.

അഗ്യൂറോയും മഷറാനോയുമെല്ലാം നടന്നു നീങ്ങിയിട്ടും ആർക്കും വലിയ കൗതുകമില്ല. ഒടുവിൽ ദാ, എങ്ങോട്ടും നോക്കാതെ മെസ്സി നടന്നു വരുന്നു. ‘ചന്ദ്രനിൽ നിന്നു വന്ന നീൽ ആംസ്ട്രോങ്ങിനെ’ കണ്ട പോലെ സ്തബ്ധനായി ഞാൻ നിന്നു പോയി. ഇടയ്ക്ക് ഒരു അർജന്റീനിയൻ മാധ്യമപ്രവർത്തക ‘ഇഷ്ടം സഹിക്ക വയ്യാഞ്ഞ്’ മെസ്സിയെ കെട്ടിപ്പിടിച്ചതോടെ രംഗം ഒന്നയഞ്ഞു.

ഇരുപതു മീറ്ററോളം നീളുന്ന മിക്സ്ഡ് സോണിന്റെ അങ്ങേയറ്റത്തുനിന്ന് അപൂർവമായൊരു ചെറുചിരിയോടെ മെസ്സി എല്ലാവരോടും സംസാരിച്ചു– സ്പാനിഷ് ഭാഷയിൽ! ഇടയ്ക്ക് ഒരാൾ മെസ്സിയോട് എന്തോ ചോദിക്കുന്നതും മെസ്സി കുനിഞ്ഞ് തന്റെ കാലിലേക്കു ചൂണ്ടുന്നതും കണ്ടു. പിന്നീട് സമൂഹമാധ്യമങ്ങളിൽ അതു ഹിറ്റായപ്പോഴാണ് കാര്യം മനസ്സിലായത്. തന്റെ അച്ഛൻ മെസ്സിക്കു നൽകിയ ചരടിനെക്കുറിച്ചു ചോദിക്കുകയായിരുന്നു ആ മാധ്യമപ്രവർത്തകൻ. അതു തന്റെ ബൂട്ടിൽ കൊരുത്തിട്ടിരിക്കുന്നതാണു മെസ്സി ചൂണ്ടിക്കാട്ടിയത്.

‘ദൈവത്തിന് ഏലസ്സ് കെട്ടിയ’ ആ അർജന്റീനക്കാരനെ കണ്ടപ്പോൾ ഞാൻ വീണ്ടുമോർത്തത് മറ്റൊരാളെയാണ്– മെസ്സിയെ വെടിവച്ചു കൊല്ലണം എന്നു പറഞ്ഞ സാന്റിനോയെ!

English Summary: Lionel Messi and Angry Argentina Fans - Remembering the 2018 FIFA World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com