ADVERTISEMENT

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് ഒരു പൂരപ്പറമ്പാണിപ്പോൾ. മാറ്റങ്ങളുടെ, അഭ്യൂഹങ്ങളുടെ പൂരം. ഏറ്റവും കിടിലൻ അമിട്ട് ഇതാണ്: ആരാണു ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമ? തുടക്കം ഇങ്ങനെ: കോച്ച് എൽകോ ഷട്ടോരി പുറത്ത്. ആരാധകരുടെ ചങ്കുകലക്കിയ അമിട്ട്. പുതിയ മാനേജ്മെന്റാണ് പുറത്താക്കിയതെന്ന് ഒമാനിൽനിന്നു ഷട്ടോരിയുടെ വിശദീകരണം. പൂരപ്പറമ്പിൽ എല്ലാവരും കാത്തുനിൽക്കുന്ന അമിട്ടിലേക്കു വീണ്ടും. ആ പുതിയ മാനേജ്മെന്റ് ആരാണ്, എവിടെനിന്ന്?

സാധ്യതാ ഉത്തരം: പുതിയ ബോസ് സെർബിയയിൽനിന്ന്. രണ്ടു മൂന്നു സീസണുകളിലായി കേൾക്കുന്നതു റെഡ്സ്റ്റാർ ബൽഗ്രേഡ് എന്ന പേരാണ്. അവരല്ല, മറ്റൊരു ക്ലബ് എന്നു പുത്തൻ അഭ്യൂഹം. ഒന്നു തീർച്ച. ബ്ലാസ്റ്റേഴ്സിൽ സെർബിയയിൽനിന്നു നിക്ഷേപം എത്തുന്നു. അതു ഷട്ടോരിയുടെ വാക്കുകളിലുണ്ട്. കരോളിസ് സ്കിൻകിസ് എന്ന സ്പോർടിങ് ഡയറക്ടറെ നിയമിച്ച തീരുമാനവും പുതിയ ബോസിന്റേതാണ്.

∙ എവിടെ ബോസ്?

റെഡ് സ്റ്റാർ ബൽഗ്രേഡ് സെർബിയയിലെ മുൻനിര ക്ലബ്ബാണ്. ഏതാനും സീസണുകളായി ബ്ലാസ്റ്റേഴ്സ് ഉടമ നിമ്മഗഡ്ഡ പ്രസാദും റെഡ്സ്റ്റാറുമായി ചർച്ചകൾ ഉണ്ടായിരുന്നു. ഇപ്പോൾ പക്ഷേ ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുന്നത് റെഡ്സ്റ്റാർ ആണെന്നതിനു സ്ഥിരീകരണമില്ല. സെർബിയയിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവ് ഇവിത്സ തോൻചേവ് ആണു പുതിയ ഉടമകളിൽ പ്രധാനി എന്നാണു റിപ്പോർട്ടുകൾ. അതിനും സ്ഥിരീകരണമായിട്ടില്ല.

ചോദ്യങ്ങൾ ഇനിയുമുണ്ട്: ഫ്രഞ്ച് താരം സമീർ നസ്രി എത്തുമോ? 13 കോടി രൂപയാണു വില. യൂറോപ്യൻ മാധ്യമങ്ങളിൽ ‘ന‌സ്രി ബ്ലാസ്റ്റേഴ്സിലേക്ക്’ എന്നു വാർത്ത വരുന്നുണ്ട്. കിബു വിക്കൂനയുടെ ‘കുട്ടി’യായ ഫ്രാൻ ഗോൺസാലെസ് എന്ന സ്പാനിഷ് ഡിഫൻഡർ വരുന്നുവെന്നും വാർത്തയുണ്ട്.

∙ ഇവിത്സ തോൻചേവ് (51)

∙ഉപപ്രധാനമന്ത്രി ഉൾപ്പെടെ പല മന്ത്രിമാരുടെയും ഉപദേശകൻ. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടാം വട്ടം എംപി.
∙റെഡ് സ്റ്റാർ ബൽഗ്രേഡിന്റെ മുൻ വൈസ് പ്രസിഡന്റ്. 3 വർഷമായി എഫ്കെ റാഡ്നിക്കി നിസ് ക്ലബ്ബിന്റെ പ്രസിഡന്റ്. സർക്കാരിൽ ഭരണപരമായ പദവി വഹിക്കുന്നതിനാൽ ക്ലബ് അധ്യക്ഷപദത്തിൽ സജീവമല്ലെന്നു പറയുന്നു. ബൽഗ്രേഡിലും ഓസ്ട്രിയയിലെ വിയന്നയിലുമായി താമസം.

∙ മാറുമോ കുപ്പായം?

സെർബിയയിലെ ക്ലബ് ഉടമസ്ഥാവകാശം ഏറ്റെടുക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ‘കൊമ്പൻ’ മുദ്ര മാറ്റാനിടയില്ല. പക്ഷേ മഞ്ഞക്കുപ്പായത്തിൽ ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടേക്കും എന്നു കരുതുന്നവരുണ്ട്. റെഡ്സ്റ്റാറിന്റെയും റാഡ്നിക്കിയുടെയും നിറം ചുവപ്പാണ്. അവരുടെ സാന്നിധ്യം ചുവപ്പു നിറത്തിലൂടെ മഞ്ഞക്കുപ്പായത്തിൽ പ്രതിഫലിച്ചേക്കാം.

∙ എന്തുകൊണ്ടു സെർബിയൻ ക്ലബ്?

യൂറോപ്യൻ ക്ലബ്ബുകൾക്ക് ഏഷ്യയിൽ കച്ചവടക്കണ്ണുകളുണ്ട്. ഫുട്ബോൾ സാമ്പത്തികത്തിന്റെ ആഗോളവത്കരണമാണ് അടിസ്ഥാനം. ലക്ഷ്യങ്ങൾ: ഏഷ്യയിലെ ആരാധകവൃന്ദം വർധിപ്പിക്കുക, യൂറോപ്പിൽ സീസൺ അല്ലാത്തപ്പോൾ ലെജൻഡ്സ് ടീം (വെറ്ററൻമാർ ഉൾപ്പെടെ) ഏഷ്യൻ രാജ്യങ്ങളിൽവന്നു സൗഹൃദ–പ്രദർശന മത്സരങ്ങൾ കളിക്കുക, ടിവി സംപ്രേഷണം ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽനിന്നു പരസ്യവരുമാന വർധന, മൊത്തത്തിലുളള വ്യാപനം എന്നിവ കൈവരിക്കുക. ഒരു ഏഷ്യൻ ടൂറിനുശേഷം സ്വന്തം നാട്ടിലെ ലീഗ് ടിവിയിൽ കാണുന്ന ഏഷ്യക്കാരുടെ എണ്ണം കൂടുമെന്നു യൂറോപ്യൻ ക്ലബ്ബുകളുടെ കണക്കുകൾ തെളിയിക്കുന്നു. ഇതു വരുമാന വർധനയിലേക്കു നയിക്കും.

English Summary: Rumours regarding the new owner of Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com