ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യൻ ഫുട്ബോൾ ടീമിനെയും ബംഗാൾ ക്രിക്കറ്റ് ടീമിനെയും നയിച്ച അപൂർവ റെക്കോർഡുള്ള ഇതിഹാസ താരം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസ്സായിരുന്നു. 1962ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ചുനി ഗോസ്വാമിയായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്നു വൈകീട്ട് അഞ്ചു മണിയോടെയാണ് അന്ത്യം. വിവിധ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഭാര്യ ബസന്തി. സുദീപ്തോ മകനാണ്. 1963ൽ അർജുന അവാർഡും 1983ൽ പത്മശ്രീ പുരസ്കാരവും നൽകി രാജ്യം ആദരിച്ചു. ഇന്ത്യൻ ഫുട്ബോളിനു നൽകിയ സംഭാവനകളെ മുൻനിർത്തി ഇക്കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന്റെ 82–ാം ജന്മദിനത്തിൽ ഇന്ത്യൻ തപാൽ വകുപ്പ് പ്രത്യേക സ്റ്റാംപ് പുറത്തിറക്കിയിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ചുനി ഗോസ്വാമി 1956–1964 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി 50 മത്സരങ്ങൾ കളിച്ചു. 1962ലെ ഏഷ്യൻ കപ്പ് സ്വർണത്തിനു പുറമെ 1964ൽ ഇന്ത്യ ഏഷ്യൻ കപ്പിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോഴും ചുനി ഗോസ്വാമിയായിരുന്നു ഇന്ത്യൻ നായകൻ. 1960ലെ റോം ഒളിംപിക്സിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. ക്ലബ് തലത്തിൽ എക്കാലവും മോഹൻ ബഗാന്റെ താരമായിരുന്നു. 1960 മുതൽ 1964 വരെ മോഹൻ ബഗാന്റെ നായകനുമായി. 2005ൽ മോഹൻ ബഗാൻ രത്ന പുരസ്കാരം നൽകി ആദരിച്ചു.

അടുത്തിടെ അന്തരിച്ച ഇതിഹാസ താരം പി.കെ. ബാനർജി, തുളസിദാസ് ബലറാം, ചുനി ഗോസ്വാമി എന്നിവർ ചേർന്ന മുന്നേറ്റനിര ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലത്ത് ടീമിന്റെ നട്ടെല്ലായിരുന്നു.1962ൽ ഏഷ്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരം നേടി. ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ ഫുട്ബോളിൽനിന്ന് വിരമിക്കുമ്പോൾ പ്രായം 27 മാത്രം. ഫുട്ബോളിൽനിന്ന് വിരമിച്ചതിനുശേഷം ക്രിക്കറ്റിൽ സജീവമായി. 1962 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ ബംഗാളിനായി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചു. കോളജ് കാലത്ത് കൽക്കട്ട യൂണിവേഴ്സിറ്റിയുടെ ക്രിക്കറ്റ്, ഫുട്ബോൾ ടീമുകളെ ഒരേസമയത്ത് നയിച്ച ചരിത്രവുമുണ്ട്.

1966ൽ ഇന്ത്യയിൽ പര്യടനത്തിനെത്തിയ സാക്ഷാൽ ഗാരി സോബേഴ്സിന്റെ വെസ്റ്റിൻഡീസിനെ പരിശീലന മത്സരത്തിൽ തകർത്തുവിട്ട ടീമിൽ അംഗമായിരുന്നു. അന്ന് സെൻട്രൽ സോണും ഈസ്റ്റ് സോണും ചേർത്ത് സംയുക്തമായി രൂപീകരിച്ച ടീമാണ് വിൻഡീസിനെ നേരിട്ടത്. മത്സരത്തിൽ എട്ടു വിക്കറ്റു വീഴ്ത്തിയ ഗോസ്വാമിയുടെ പ്രകടനം ടീമിന്റെ വിജയത്തിൽ നിർണായകമായി. പിന്നീട് 1971–72 സീസണിൽ ബംഗാൾ രഞ്ജി ടീമിന്റെ ക്യാപ്റ്റനായും അവരോധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ബംഗാൾ ടീം രഞ്ജി ട്രോഫി ഫൈനലിലും കടന്നു. ബ്രാബൺ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ കരുത്തരായ ബോംബോയോടു തോറ്റു.

English Summary: India's football legend Chuni Goswami passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com