ADVERTISEMENT

മ്യൂണിക്∙ ജർമൻ ബുന്ദസ്‌ലിഗ ‘തുടങ്ങി, തുടങ്ങിയില്ല’ എന്ന മട്ടിൽ നിൽക്കെ ലീഗിലെ മുൻനിര ടീമിലെ മൂന്നു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് വ്യാപനം നിമിത്തം ലീഗ് നിർത്തിവയ്ക്കുമ്പോൾ 10–ാം സ്ഥാനത്തുണ്ടായിരുന്ന എഫ്‍സി കൊളോണിലെ മൂന്നു പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ലീഗ് ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ക്ലബ് വ്യക്തമാക്കി. ഇവരെ 14 ദിവസത്തേക്ക് ക്വാറന്റീന്‍ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ജർമൻ ബുന്ദസ്‌ലിഗ ഈ മാസം ഒൻപതിന് പുനഃരാരംഭിക്കാൻ അനുവദിക്കണമെന്ന് ലീഗ് അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വൈറസ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്തതിനാൽ ഈ മാസം 16നോ 23നോ മത്സരങ്ങൾ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു മറുപടി. ഇതിനിടെയാണ് ലീഗിന്റെ ഭാഗമായ ടീമിലെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

‘എല്ലാ ടീമംഗങ്ങളെയും കോച്ചിങ് സ്റ്റാഫിനെയും ടീമുമായി ബന്ധപ്പെട്ട സഹകരിക്കുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കി. അതിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ക്വാറന്റീന്‍ ചെയ്തു’ – എഫ്‍സി കൊളോൺ പ്രസ്താവനയിൽ അറിയിച്ചു.

രോഗബാധിതരുടെ സ്വകാര്യത മാനിച്ച് പേരുവിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും ക്ലബ് വ്യക്തമാക്കി. മാത്രമല്ല, മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ലീഗിനു മുന്നോടിയായി നിശ്ചയിച്ചിരിക്കുന്ന പരിശീലന പരിപാടികൾ അതേപടി മുന്നോട്ടുപോകുമെന്നും ക്ലബ് വ്യക്തമാക്കി. സംഘം ചേർന്നുള്ള പരിശീലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ ആറു മുതൽ നിലവിലുള്ള ചട്ടങ്ങൾ പാലിച്ചാകും പരിശീലനമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ജർമനിയിൽ നിർത്തിവച്ചിരിക്കുന്ന കായിക മത്സരങ്ങൾ എന്നു പുനഃരാരംഭിക്കണമെന്ന കാര്യത്തിൽ ഈ മാസം ആറിന് തീരുമാനമെടുക്കുമെന്ന് ജർമൻ ചാൻസലർ എയ്ഞ്ചല മെർക്കൽ വ്യക്തമാക്കിയിരുന്നു. വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് പകുതിയോടെയാണ് ലീഗ് നിർത്തിവച്ചത്.

English Summary: Three people at Cologne have tested positive for coronavirus, the German club have confirmed, although they say training will "continue as planned".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com