ADVERTISEMENT

കേരള പൊലീസ് എന്നു കേൾക്കുമ്പോൾ കാക്കിക്കും ലാത്തിക്കും പകരം മനസ്സിലേക്ക് ഒരു ഫുട്ബോൾ ഉരുണ്ട് വരാറില്ലേ? അതിനു കാരണക്കാർ ഇവരാണ് – 1990ൽ ഫെഡറേഷൻ കപ്പ് ഫുട്ബോൾ കിരീടം ചൂടിയ കേരള പൊലീസ് ടീം! 1990 ഏപ്രിൽ 29നു തൃശൂരിൽ സാൽഗോക്കർ ഗോവയെ 2–1നു കീഴടക്കിയാണു പൊലീസ് കപ്പടിച്ചത്. കേരള ഫുട്ബോളിനു രാജ്യത്തു മേൽവിലാസം നൽകിയ ആ വിജയത്തിന് 30 വയസ്സ് തികഞ്ഞതു കഴിഞ്ഞ ദിവസമാണ്. പൊലീസ് യൂണിഫോം അഴിച്ചുവച്ച് പഴയ ആ ജഴ്സിയും ധരിച്ച് ഓർമയുടെ മൈതാനത്തേക്കിറങ്ങുന്നു ഇവർ.

news

വാട്സാപ്പിൽ സംഘടിപ്പിച്ച ഈ ചർച്ചയിൽ പങ്കെടുത്തവർ:
പരിശീലകരായ എ.എം.ശ്രീധരൻ, ടി.കെ.ചാത്തുണ്ണി, ക്യാപ്റ്റൻ കുരികേശ് മാത്യു, താരങ്ങളായ കെ.ടി.ചാക്കോ, സി.വി.പാപ്പച്ചൻ, യു. ഷറഫലി, ഐ.എം.വിജയൻ, അലക്സ് ഏബ്രഹാം, പി.പി.തോബിയാസ്, ഹബീബ് റഹ്മാൻ, സി.എ.ലിസ്റ്റൻ, എം.പി.കലാധരൻ, എ.സക്കീർ, പി.എ.സന്തോഷ്.

team3

പൊലീസിനു കിട്ടിയ ഉമ്മ!

ചാത്തുണ്ണി: എവിടെ പൊലീസുകാരെല്ലാം? ഡ്യൂട്ടിയെല്ലാം കഴിഞ്ഞെന്നു കരുതുന്നു.
കുരികേശ്: എല്ലാവരും ഇവിടുണ്ട് സർ.
ശ്രീധരൻ: വിജയനെയും ഷറഫലിയെയും കാണുന്നില്ലല്ലോ.. അവരെവിടെ?
ചാക്കോ: ഷറഫ് നോമ്പിന്റെ ചില തിരക്കുകളിലാണ്. വരും. വിജയൻ ഉടനെ ജോയിൻ ചെയ്യാമെന്നു പറഞ്ഞിട്ടുണ്ട്.
ശ്രീധരൻ: ലോക്ഡൗണിലും നിങ്ങൾക്കു ഡ്യൂട്ടിയുണ്ടാകുമല്ലോ അല്ലേ? അല്ലേലും പൊലീസുകാർക്കാണല്ലോ ഇപ്പോൾ ജോലി കൂടുതൽ..
അലക്സ്: ഇപ്പോ പൊലീസുകാരെല്ലാം സ്റ്റാർ അല്ലേ.. പക്ഷേ, പൊലീസിന്റെ മുട്ടാളൻ മുഖം മാറ്റിയത് തൊണ്ണൂറിലെ നമ്മുടെ ഫെഡറേഷൻ കപ്പ് വിജയമാണ്. ഞാൻ ഒരു കഥ പറയട്ടെ...
ചാക്കോ: പറയൂ...
അലക്സ്: തങ്കമണി കേസൊക്കെ രൂക്ഷമായി നിൽക്കുന്ന സമയത്താണല്ലോ നമ്മൾ ഫെഡറേഷൻ കപ്പ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾക്കു പൊലീസെന്നു കേട്ടാൽ ഭയങ്കര ദേഷ്യവും. നമ്മൾ ഫെഡറേഷൻ കപ്പ് ജയിച്ചപ്പോഴാണ് അതു മാറിത്തുടങ്ങിയത്. എനിക്കിപ്പോഴും ഓർമയുണ്ട് ഒരു സംഭവം. നമ്മൾ കപ്പുമായി പൊലീസ് ബസിൽ ക്യാംപിലേക്കു പോകുന്നു. ആളുകൾ തിങ്ങിക്കൂടിയതിനാൽ പതുക്കെയാണു പോകുന്നത്. പുറത്തേക്കു നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്. ജനക്കൂട്ടത്തിലൊരാൾ ട്രാഫിക് ഐലൻഡിൽ യൂണിഫോമിൽ ഡ്യൂട്ടിക്കു നിന്നിരുന്ന പൊലീസുകാരനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നു!

team1

കരീം എന്ന പൊലീസ് സ്കൗട്ട്!

സക്കീർ: വി.പി. സത്യനും സി. ജാബിറും ഇപ്പോൾ നമ്മുടെ കൂടെയില്ല. അവർക്കു വേണ്ടി പ്രാർഥിക്കാം.
തോബിയാസ്: ഒപ്പം ഈയിടെ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ചുനി ഗോസ്വാമിയെയും ഓർക്കാം.
കലാധരൻ: നമ്മൾ മറക്കാൻ പാടില്ലാത്ത കുറച്ചുപേർ കൂടിയുണ്ട്. ഡിജിപി: എം.കെ. ജോസഫ് സർ, ഐജി: ഗോപിനാഥൻ സർ, ഡിഐജി: മധുസൂദനൻ സർ, പിന്നെ നമ്മുടെ പൊലീസ് ടീമിന്റെ എല്ലാമെല്ലാമായ അബ്ദുൽ കരീം സാറും.
പാപ്പച്ചൻ: അതെ. തൊണ്ണൂറിലെ ആ വിജയത്തിന്റെ തുടക്കം 1984ൽ തന്നെ തുടങ്ങുന്നു. കരീം സർ ഓരോ കളിക്കാരനെയും തേടിപ്പിടിച്ച് ടീം ഉണ്ടാക്കിയതു മുതൽ.
കുരികേശ്: ഞാൻ കെൽട്രോണിൽ കളിക്കന്ന കാലത്താണ് അദ്ദേഹം കൊട്ടാരക്കര സിഐ വഴി എന്നോടു ടീമിൽ ചേരാമോ എന്നു ചോദിക്കുന്നത്.
ശ്രീധരൻ: ഷറഫലിയെ പൊലീസിൽ ചേർക്കാൻ ഞാൻ അദ്ദേഹത്തിന്റെ കൂടെ പോയിട്ടുണ്ട്. മലപ്പുറം തെരട്ടമ്മലിലെ ഷറഫിന്റെ വീട്ടിൽ. ഷറഫ് അന്ന് അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് ഒരു ദിവസം അരീക്കോട്ടു താമസിച്ചാണ് ഞങ്ങൾ കാര്യം നേടിയത്. കളിക്കാരെയും അവരുടെ വീട്ടുകാരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
ഹബീബ്: ഞങ്ങളൊക്കെ പിന്നീടാണു വന്നത്. തൊണ്ണൂറിൽ ടൂർണമെന്റ് ജയിക്കുമ്പോൾ ഞാനും ആൻസനുമൊക്കെയാണ് ജൂനിയർ പ്ലെയേഴ്സ്. പക്ഷേ, ഞങ്ങൾക്കു കിട്ടിയ സ്നേഹവും കരുതലും വലുതായിരുന്നു.

team2

പോസ്റ്റിലിടിച്ചു; ഓർമ പോയി

ഷറഫലി: ഞാനെത്തി കേട്ടോ..
വിജയൻ: ഞാനും...
ലിസ്റ്റൻ: ഞാനുമുണ്ട്.
ഷറഫലി: അന്നത്തെ നമ്മുടെ വിജയത്തിനു പ്രധാന കാരണങ്ങളിലൊന്നു തൃശൂരിലെ ഗാലറി കൂടിയാണ്. അത്ര ആവേശഭരിതരായ ആൾക്കൂട്ടത്തെ അന്നു വരെ ഞാൻ കണ്ടിരുന്നില്ല.
പാപ്പച്ചൻ: വിഷുദിനത്തിലായിരുന്നു ഈസ്റ്റ് ബംഗാളുമായുള്ള നമ്മുടെ ക്വാർട്ടർ ഫൈനൽ. അന്നു റെക്കോർഡ് ലക്ഷ്യമിട്ട് 20 തട്ടുകളുള്ള ഒരു ഗാലറിയൊക്കെ ഒരുക്കിയിരുന്നു സംഘാടകർ. പക്ഷേ, മത്സരത്തിനു മുൻപ് അതിനൊരു ഇളക്കം വന്നതോടെ 10 തട്ടുകൾ ഒഴിച്ചു.
സന്തോഷ്: എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഓർമ മുഹമ്മദൻസിനെതിരെ ഗോളടിച്ചതാണ്. വിജയനു പകരമിറങ്ങി നിമിഷങ്ങൾക്കകമായിരുന്നു ആ ഗോൾ. നാട്ടുകാർക്കു മുന്നിൽ അങ്ങനെയൊരു ഗോൾ നേടാൻ എനിക്ക് അവസരം തന്ന കോച്ച് ചാത്തുണ്ണി സാറിനെ ഒരിക്കലും മറക്കില്ല..
ചാക്കോ: ക്വാർട്ടറിലോ സെമിയിലോ മറ്റോ ഒരു പന്തു തടയാൻ ശ്രമിക്കുന്നതിനിടെ എന്റെ തല പോസ്റ്റിൽ ഇടിച്ചു. ഹാഫ്ടൈമിനു തൊട്ടു മുൻപാണ്. അതോടെ എന്റെ ബോധം പോയി. ഹാഫ് ടൈം എന്റെ ഓർമയിലേയില്ല.

info

നായനാർ പറഞ്ഞു: നേരെ പോന്നാട്ടെ

കുരികേശ്: ഫൈനലിൽ സാൽഗോക്കർ! എന്തൊരു ടീമായിരുന്നു അല്ലേ അത്..!
ലിസ്റ്റൻ: അതെ. ബ്രഹ്മാനന്ദ്, സാവിയോ മെദീര, റോയി ബാരെറ്റോ, ബ്രൂണോ കുടീഞ്ഞോ...‌‌
ഷറഫലി: നമ്മുടെ വിജയഗോൾ ഞാനൊരിക്കലും മറക്കില്ല. നമ്മുടെ പോസ്റ്റിൽനിന്നു ചാക്കോ എനിക്കു പന്തു നൽകി. ഞാനും തോബിയാസും അത് സാൽഗോക്കർ ബോക്സിന് അടുത്തെത്തിച്ചു. പന്ത് ഞാൻ വിജയനു നൽകി. വിജയൻ തിരിച്ചു നൽകിയ പന്ത് ഒരു ചിപ്പിങ് ക്രോസിലൂടെ, ഓടിയെത്തിയ പാപ്പച്ചനു ഞാൻ നൽകി. പാപ്പച്ചന്റെ കിടിലൻ ഹെഡർ! വീണു കിടന്ന ഞാൻ തലയുയർത്തിയപ്പോഴതാ ഗാലറി ഇളകി മറിയുന്നു...
വിജയൻ: പാപ്പച്ചൻ പൊളിയായിരുന്നൂട്ടാ അന്ന്. അദ്ദേഹത്തെപ്പോലെയൊക്കെ കളിക്കുന്ന ആരെങ്കിലുമുണ്ടോ ഇപ്പോൾ..!!
കുരികേശ്: മത്സരം കഴിഞ്ഞ് നമ്മൾ കപ്പടിച്ച പാടേ എനിക്കു മുഖ്യമന്ത്രി ഇ.കെ.നായനാരുടെ വിളിയെത്തി. നേരെ ഇങ്ങു പോരാനായിരുന്നു അദ്ദേഹത്തിന്റെ ഓർഡർ.
ചാക്കോ: ആ കിരീടനേട്ടത്തിന്റെ ഓർമയ്ക്കു മറ്റൊന്നു കൂടി ചെയ്തില്ലേ കുരികേശ്. അതുകൂടി പറഞ്ഞേക്ക്...
കുരികേശ്: ഹ ഹ, പറയാം. ആയിടെയാണ് എനിക്കു മകൾ പിറന്നത്. ഫെഡറേഷൻ കപ്പ് കിരീടനേട്ടത്തിന്റെ ഓർമയിൽ അവൾക്കു ഞാൻ പേരിട്ടു. ഫെഡ്രിന. ‍ഡോക്ടറായ അവളിപ്പോൾ ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്പെയിനിലെ ബാർസിലോനയിലാണ്.
ശ്രീധരൻ: ഇപ്പോൾ നമുക്ക് പിരിയാം അല്ലേ... അടുത്ത വർഷം ശരിക്കും കൂടണം. എല്ലാവരെയും നേരിൽ കാണണം.

ആശംസകൾ; അങ്ങു ഗോവയിൽനിന്ന് !
പൊലീസിന്റെ റീ യൂണിയന് ആശംസകളുമായി അങ്ങു ഗോവയിൽ നിന്ന് രണ്ടു ആശംസാ സന്ദേശങ്ങളെത്തി. മറ്റാരുമല്ല; അന്ന് പൊലീസ് ടീം തോൽപ്പിച്ച സാൽഗോക്കർ ടീമിലെ സൂപ്പർ താരങ്ങളായിരുന്ന സാവിയോ മെദീരയും ബ്രഹ്മാനന്ദും. ‘നല്ല ഫുട്ബോളിന്റെ 30–ാം വാർഷികത്തിന് എല്ലാവിധ ആശംസകളും’ എന്നായിരുന്നു മിഡ്ഫീൽഡർ സാവിയോയുടെ വാക്കുകൾ. ഫൈനലിൽ പാപ്പച്ചന്റെ വിജയഗോളിനെക്കുറിച്ചാണ് ഗോൾകീപ്പർ ബ്രഹ്മാനന്ദ് പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com