ADVERTISEMENT

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിൽ പിടിപ്പതു പണിയുള്ളതു പോലെ സഹൽ അബ്ദുൽ സമദിനു ലോക്ഡൗണിലും തിരക്കാണ്. എന്തൊക്കെ കാര്യങ്ങൾ ചെയ്തു തീർക്കണം! പരിശീലനവും വർക്കൗട്ടും മുടക്കരുത്, അനിയൻ സൽമാനൊപ്പം ഫിഫ19, പിഇഎസ് വിഡിയോ ഗെയിം കളിക്കണം, നെറ്റ്ഫ്ലിക്സിൽ മണി ഹെയ്സ്റ്റ് സീരീസ് കാണണം. ഇതിനിടെ, കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കോവിഡ് സെന്ററിൽ വൊളന്റിയറുമായി. അധികം സംസാരിക്കുന്ന ശീലമില്ലാത്ത സഹൽ ആ പതിവു തെറ്റിച്ച അഭിമുഖത്തിലേക്ക്.

∙ സഹൽ അടുത്ത സീസണിൽ എടികെയിലേക്കു ചുവടു മാറുമെന്നു കേട്ടല്ലോ?

ബ്ലാസ്റ്റേഴ്സുമായി 2022 വരെ കരാറുണ്ട്. ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നത് തന്നെയാണ് എന്റെ സന്തോഷവും.

∙ കഴിഞ്ഞ സീസണിൽ വേണ്ടത്ര അവസരം കിട്ടിയില്ലെന്ന തോന്നലുണ്ടോ?

കുറച്ചു സമയമേ കളിക്കാൻ കഴിഞ്ഞുള്ളൂ എന്നതു സത്യമാണ്. പക്ഷേ ഏതാണ്ട് എല്ലാ മത്സരങ്ങളിലും അവസരം കിട്ടി. അതിൽ ഹാപ്പിയാണ്.

∙ കോച്ച് എൽകോ ഷാട്ടോരിയെക്കുറിച്ച് എന്താണു പറയാനുള്ളത്?

കോച്ച് എൽകോ വളരെ മികച്ച രീതിയിൽ കളി പറഞ്ഞു തന്നിരുന്നു. കളിക്കാരനെന്ന നിലയിൽ മെച്ചപ്പെടുന്നതിന് ആവശ്യമായ ഒട്ടേറെക്കാര്യങ്ങൾ അദ്ദേഹത്തിൽനിന്ന് പഠിക്കാനായി. അദ്ദേഹം ഉദ്ദേശിച്ച തലത്തിലേക്കെത്താൻ ഞാൻ ആത്മാർഥമായി പരിശ്രമിച്ചിട്ടുണ്ട്.

∙ ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ചും സപ്പോർട്ടിങ് സ്റ്റാഫും ഒപ്പം മാനേജ്മെന്റ് തന്നെയും മാറുന്നതായി വാർത്തകൾ വന്നല്ലോ?

മോഹൻ ബഗാനെ ഐ ലീഗ് ചാംപ്യനാക്കിയ കോച്ചാണല്ലോ കിബു വിക്കൂന. മികച്ച നേട്ടങ്ങൾ പേരിലുള്ള അദ്ദേഹത്തിനു കീഴിൽ കളിക്കാൻ കാത്തിരിക്കുകയാണ്. മാനേജ്മെന്റ് മാറ്റത്തെക്കുറിച്ച് എനിക്ക് അറിയില്ല.

∙ ബ്രസീൽ താരം കക്കാ, ജർമൻ താരം മെസൂട് ഓസിൽ എന്നിവരുടെ ശൈലിയുമായി സഹലിന്റെ കളിയെ ചേർത്തു വയ്ക്കുന്നുണ്ട് ആരാധകർ. സഹലിന്റെ ഇഷ്ടങ്ങൾ പറയൂ?

ഇങ്ങനെയൊക്കെ കേൾക്കുന്നതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ട്. പക്ഷേ അവരെ കണ്ടു പഠിക്കാനല്ലേ പറ്റൂ. കളിക്കുന്നതു നമ്മൾ തന്നെയാണല്ലോ. എന്റെ ഇഷ്ട പൊസിഷൻ അറ്റാക്കിങ് മിഡ്ഫീൽഡാണ്. എന്റെ കംഫർട് സോൺ ആണത്. ഇഷ്ടതാരം ലയണൽ മെസ്സിയാണ്. 2014 ലോകകപ്പിലെ അർജന്റീനയുടെ എല്ലാ കളികളും വീണ്ടും കാണാൻ ഇഷ്ടമാണ്. ഫൈനൽ പരാജയത്തിന്റെ സങ്കടം ഇപ്പോഴും നെ‍ഞ്ചിലുണ്ട്. യൂട്യൂബിൽ മെസിയുടെ കളികളുടെ ഷോർട്ട് വിഡിയോകൾ വീണ്ടും വീണ്ടും കാണും.

∙ കേരളത്തിൽ കളിച്ചു വളർന്നയാളല്ല സഹൽ. ചെറുപ്പം യുഎഇയിലായിരുന്നല്ലോ... എന്തൊക്കെയാണ് അവിടുത്തെ ഫുട്ബോൾ അനുഭവങ്ങൾ..?

അൽ ഐനിൽ ആയിരുന്നു ചെറുപ്പം. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫുട്ബോൾ കളി തുടങ്ങിയത്. എട്ടാം ക്ലാസിലായപ്പോഴാണ് അക്കാദമിയിൽ ചേർന്നത്. പ്ലസ് ടു കഴിഞ്ഞ് പഠനം അവിടെ തുടരണോ കേരളത്തിലെത്തണോ എന്ന് കൺഫ്യൂഷനടിച്ചു നിന്നപ്പോൾ ഉപ്പയും ചേട്ടനുമാണ് നാട് ആണ് നല്ലതെന്ന് ഉപദേശം തന്നത്. അതൊരു വഴിത്തിരിവായി.

∙ ഇന്നേ വരെയുള്ള കരിയറിൽ സഹലിന്റെ ‘ഡ്രീം കം ട്രൂ’ മൊമന്റ് ഏതാണ്..?

നാഷനൽ ക്യാംപിലേക്കുള്ള പട്ടികയിൽ ആദ്യമായി പേരുവന്നതും, അരങ്ങേറ്റ മത്സരവുമാണ് ‘ഡ്രീം കം ട്രൂ’ ലിസ്റ്റിൽ ആദ്യത്തേത്. അനസ് എടത്തൊടികയോടാണ് ഇന്ത്യൻ ടീമിൽ ഏറ്റവും അടുപ്പം. ഞങ്ങൾ റൂം മേറ്റ്സുമായിരുന്നു. ഇഷ്ടതാരം സുനിൽ ഛേത്രി തന്നെ. 2019 സെപ്റ്റംബറിൽ ഖത്തറിനെതിരെ ദോഹയിൽ ഇന്ത്യയുടെ ലോകകപ്പ് ക്വാളിഫയർ ആണ് ഇഷ്ട മത്സരം. അന്ന് എനിക്ക് നന്നായി കളിക്കാനായി എന്നു വിശ്വസിക്കുന്നു.

English Summary: Kerala Balsters FC Player Sahal Abdul Samad Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com