ADVERTISEMENT

മ്യൂണിക്ക്∙ നാലു വർഷം മുൻപ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്നു കരുതിയിരുന്ന ജർമൻ ഫുട്ബോൾ താരം ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തൽ. ഷാൽക്കെയുടെ യൂത്ത് ടീമിൽ ജർമൻ ഗോൾകീപ്പർ ഇമ്മാനുവൽ ന്യൂയറിന്റെ സഹതാരമായിരുന്ന കോംഗോ വംശജൻ ഹയാനിക് കാംബയാണ് മരണ വാർത്തയുടെ കെട്ടുകൾ പൊട്ടിച്ച് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ‘ജീവനോടെ’ വെളിച്ചത്തു വന്നത്. കോംഗോയിൽവച്ച് കാംബ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി 2016 ജനുവരി ഒൻപതിനാണ് വാർത്ത വന്നത്. ജർമനിയിലെ ടാബ്ലോയ്ഡ് ന്യൂസ്പേപ്പറായ ‘ബിൽഡാ’ണ് ഈ വാർത്ത പുറത്തുവിട്ടത്.

മരിച്ചയാൾ ജീവനോടെ രംഗത്തുവന്നത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ മരണ വാർത്തയ്ക്ക് ഇന്‍ഷുറൻസ് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയമുയർന്നതോടെ വിവാദച്ചുവയുമായി. കാംബയുടെ ഭാര്യയാണ് സംശയനിഴലിൽ. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഇവർ മെനഞ്ഞുഞ്ഞാക്കിയതാണ് മരണ വാർത്തയെന്നാണ് ആരോപണം. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കാംബയ്ക്കും 39കാരിയായ മുൻ ഭാര്യയ്ക്കും 10 വയസ്സുള്ള ഒരു മകനുണ്ട്. കേസിലെ മുഖ്യ സാക്ഷിയാണ് കാംബ.

ആഭ്യന്തര പ്രശ്നങ്ങൾ വലച്ചിരുന്ന കോംഗോയിൽനിന്ന് 1986ലാണ് കാംബയുടെ കുടുംബം ജർമനിയിലെത്തിയത്. കുടുംബാംഗങ്ങളെ 2005ൽ കോംഗോയിലേക്കു തിരിച്ചയച്ചെങ്കിലും കാംബ ജർനിയിൽത്തന്നെ തുടർന്നു. ബുന്ദസ് ലിഗയിലെ മുൻനിര ക്ലബ്ബായ ഷാൽക്കെയുടെ യൂത്ത് ടീം അംഗമായിരുന്നതിലാണ് ഇത്. ഇക്കാലത്താണ് പിന്നീട് ജർമനിയുടെ ഒന്നാം നമ്പർ താരമായി വളർന്ന ഗോൾകീപ്പർ ഇമ്മാനുവൽ ന്യൂയറിനൊപ്പം അദ്ദേഹം കളിച്ചിരുന്നത്. പിന്നീട് 2007ൽ ഷാൽക്കെ വിട്ട കാംബ ജർമനിയിലെ താഴ്ന്ന ഡിവിഷനുകളിൽ ഒട്ടേറെ ക്ലബ്ബുകൾക്ക് കളിച്ചു.

hiannick-kamba
യൂത്ത് ടീമിൽ കളിച്ചിരുന്ന കാലത്ത് കാംബ. മുൻനിരയിൽ ഇമ്മാനുവൽ ന്യൂയറെയും (വലത്തുനിന്ന് നാല്) കാണാം.

എട്ടാം ഡിവിഷൻ ക്ലബ്ബായ വിഎഫ്‍സി ഹൾസിനു കളിക്കുമ്പോഴാണ് നാലു വർഷം മുൻപ് കാംബ അപ്രത്യക്ഷനായത്. പിന്നീട് അദ്ദേഹം വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി വാർത്തയെത്തി. മാതൃരാജ്യമായ കോംഗോയിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവെ വാഹനം അപകടത്തിൽപ്പെട്ട് അന്ന് ഇരുപത്തൊൻപതുകാരനായിരുന്ന താരം കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് കാംബയുടെ ഭാര്യ കോംഗോയിൽനിന്ന് കാംബയുടെ മരണ സർട്ടിഫിക്കറ്റും ശവസംസ്കാരത്തിന്റെ വിശദാംശങ്ങളടങ്ങിയ രേഖയും സമർപ്പിച്ച് ഇൻഷുറൻസ് തുക സ്വന്തമാക്കി. കോംഗോയിൽനിന്ന് സംഘടിപ്പിച്ച മരണ സർട്ടിഫിക്കറ്റ് വ്യാജമാണോ അതോ കൈക്കൂലി നൽകി സംഘടിപ്പിച്ചതാണോ എന്ന് വ്യക്തമല്ല.

കൊല്ലപ്പെട്ടെന്നു കരുതിയ കാംബ ജർമനിയിൽത്തന്നെ ജീവനോടെ കഴിയുന്നതായി കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്തുവന്നത്. 2018ൽത്തന്നെ കാംബ ജർമനിയിൽ തിരിച്ചെത്തിയിരുന്നതായാണ് വിവരം. തന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചത് വ്യാജ വാർത്തയാണെന്നും താൻ ജീവനോടെയുണ്ടെന്നും എംബസി അധികൃതരെ ബോധ്യപ്പെടുത്തിയാണ് അദ്ദേഹം ജർമനിയിലേക്ക് മടങ്ങിയെത്തിയത്. അപകടത്തിൽപ്പെട്ടെന്ന് പ്രചരിപ്പിക്കപ്പെട്ട യാത്രയ്ക്കിടെ ഫോണും പണവും രേഖകളുമൊന്നുമില്ലാതെ വഴിതെറ്റിപ്പോയെന്നാണ് കാംബയുടെ ഭാഷ്യം. സുഹൃത്തുക്കൾ ചതിച്ചതാണെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. കൈവശം രേഖകളൊന്നുമില്ലാതിരുന്നതിനാൽ തിരിച്ചുവരവ് ബുദ്ധിമുട്ടായി.

അതേസമയം, ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി നടത്തിയ നാടകമാണ് ഇതെന്ന ആരോപണം കാംബയുടെ മുൻ ഭാര്യ തള്ളി. ഇപ്പോൾ 33 വയസ്സുള്ള കാംബ ജർമനിയിൽത്തന്നെ ഒരു ഊർജ സ്ഥാപനത്തിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. അതേസമയം, കാംബയുടെ തിരോധാനവും തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഇപ്പോഴും ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാണ്.

English Summary: An African footballer and former teammate of Manuel Neuer has reportedly been found alive in Germany, four years after initially being declared dead.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com