ADVERTISEMENT

റോം∙ ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാന്റെ ചുവപ്പുകാർഡിലേക്ക് നയിച്ച ഫുട്ബോൾ ലോകത്തെ കുപ്രസിദ്ധമായ ആ ഇടിക്കു പിന്നിലെ യാഥാർഥ്യം ഇറ്റലി താരം മാർക്കോ മറ്റരാസി ഒടുവിൽ തുറന്നുപറഞ്ഞു. സിദാന്റെ സഹോദരിയെക്കുറിച്ച് താൻ നടത്തിയ തീർത്തും മോശമായ ഒരു പരാമർശമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നാണ് വെളിപ്പെടുത്തൽ. മത്സരത്തിനിടെ സിദാനെ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ മറ്റരാസി സിദാന്റെ ജഴ്സിയിൽ പിടിച്ചു വലിച്ചിരുന്നു. ഇതു പലതവണ ആവർത്തിച്ചതോടെ പ്രകോപിതനായ സിദാൻ മത്സരശേഷം ആ ജഴ്സി തന്നെ നൽകിയേക്കാമെന്ന് മറ്റരാസിയോടു പറഞ്ഞു. എന്നാൽ ‘ജഴ്സി വേണ്ട, സഹോദരിയെ മതി’യെന്ന മറ്റരാസിയുടെ പരാമർശമാണ് സൂപ്പർതാരത്തിന്റെ നിയന്ത്രണം നഷ്ടമാക്കിയതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

2006ൽ ജർമനി ആതിഥ്യം വഹിച്ച ലോകകപ്പിന്റെ കിരീടപോരാട്ടത്തിൽ ഫ്രാൻസും ഇറ്റലിയും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു സംഭവം. ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടർന്ന് മൽസരം എക്സ്ട്രാ ടൈമിലേക്ക്. കളിക്കിടെ സിനദീൻ സിദാനോട് എന്തോ പിറുപിറുത്ത ഇറ്റാലിയൻ താരം മാർക്കോ മറ്റരാസിയെ സിദാൻ തലകൊണ്ടിടിച്ച് നിലത്തിടുകയായിരുന്നു. ഇതോടെ റഫറി സിദാനെ ചുവപ്പുകാർഡ് കാട്ടി പുറത്താക്കി. ഷൂട്ടൗട്ടിലേക്കു നീണ്ട മൽസരം സിദാന്റെ അഭാവത്തിൽ ഫ്രാൻസ് തോൽക്കുകയും ചെയ്തു. സിദാന് ഗോൾഡൻ ബൂട്ട് ലഭിക്കാനുള്ള സാധ്യതപോലും ഈ സംഭവത്തോടെ ഇല്ലാതായി.

സിദാന്റെ അമ്മയെക്കുറിച്ച് മറ്റരാസി മോശമായി സംസാരിച്ചതാണ് പ്രശ്നകാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, പെങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സിദാനെ പ്രകോപിപ്പിച്ചതെന്ന് വിശദീകരിച്ച് മറ്റരാസി പിന്നീട് രംഗത്തെത്തി. ഈ സംഭവത്തിന് 10 വർഷം തികഞ്ഞ ദിവസമാണ് നിജസ്ഥിതി വെളിപ്പെടുത്തി മറ്റരാസി രംഗത്തെത്തിയത്. തീർത്തും മോശമായ വാക്കുകളാണ് താൻ സിദാനെതിരെ ഉപയോഗിച്ചതെന്ന് മറ്റരാസി സമ്മതിച്ചിരുന്നു. എന്നാൽ, തലകൊണ്ട് ഇടിച്ചിടാൻ മാത്രം കുറ്റകരമായ വാക്കുകളായിരുന്നില്ല അതെന്നും മറ്റരാസി ന്യായീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി അന്നു സംഭവിച്ച കാര്യങ്ങളുടെ യഥാർഥ ചിത്രം മറ്റരാസി വെളിപ്പെടുത്തിയത്.

‘സിദാന്റെ ഇടിയേക്കുറിച്ചാണോ? അദ്ദേഹത്തിൽനിന്ന് അങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തിൽ ഞങ്ങൾ തമ്മിൽ കശപിശയുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. ഞാന്‍ എന്തിനും തയാറുമായിരുന്നു. പക്ഷേ, ആത്യന്തികമായി സംഭവിച്ച കാര്യങ്ങൾ എന്നെത്തന്നെ ആശ്ചര്യപ്പെടുത്തി. കാരണം, ഞങ്ങൾ രണ്ടുപേര്‍ക്കും ചുവപ്പുകാർഡ് ലഭിക്കേണ്ട ഒരു സംഭവമാണ് എന്റെ ഭാഗ്യം കൊണ്ട് സിദാന്റെ മാത്രം ചുവപ്പുകാർഡിൽ ഒതുങ്ങിയത്’ – മറ്റരാസി വിശദീകരിച്ചു.

‘ആ സംഭവം നടക്കുന്നതിനു തൊട്ടുമുൻപ് പന്തിനായുള്ള ഞങ്ങളുടെ പോരാട്ടം ചെറിയ ശാരീരിക ഏറ്റുമുട്ടലിന് കാരണമായിരുന്നു. ഫ്രാൻസിനായി സിദാൻ ആദ്യപകുതിയിൽ ഗോൾ നേടിയതിനാൽ അദ്ദേഹത്തെ മാർക്ക് ചെയ്യാനുള്ള ചുമതല പരിശീലകൻ (മാർസലോ ലിപ്പി) എന്നെയാണ് ഏൽപിച്ചത്. ഞങ്ങൾ തമ്മിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഞാൻ മാപ്പുപറഞ്ഞു. പക്ഷേ സിദാൻ പരുഷമായാണ് പ്രതികരിച്ചത്’ – മറ്റരാസി വിശദീകരിച്ചു.

‘അതിനുശേഷവും ഞങ്ങൾ തമ്മിൽ ചെറിയ കശപിശയുണ്ടായി. മൂന്നാമതും നേർക്കുനേരേ എത്തിയപ്പോൾ ഞാൻ അദ്ദേഹത്തെ തടയുന്നതിന് ജഴ്സിയിൽ പിടിച്ചുവലിച്ചു. കുപിതനായ സിദാൻ മത്സരം കഴിയുമ്പോൾ ഈ ജഴ്സി ഊരിത്തന്നേക്കാമെന്ന് എന്നെ പരിഹസിച്ചു. ജഴ്സി വേണ്ട പകരം സഹോദരിയെ തന്നാൽ മതിയെന്ന് ഞാൻ മറുപടി നൽകി. ഇതാണ് സിദാനെ പ്രകോപിപ്പിച്ചത്’ – മറ്റരാസി പറ‍ഞ്ഞു. ഇതു കേട്ടതോടെ നിയന്ത്രണം നഷ്ടമായ സിദാൻ മറ്റരാസിയെ തലകൊണ്ടിടിച്ചിടുകയായിരുന്നു. ലോകകപ്പ് ഫൈനലിനുശേഷം ഫുട്ബോളിൽനിന്ന് വിരമിച്ച സിദാൻ നിലവിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന്റെ പരിശീലകനാണ്. വിരമിച്ചശേഷം മാർക്കോ മറ്റരാസി ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‍സിയിൽ കളിച്ചിരുന്നു. പിന്നീട് പരിശീലകനുമായി.

English Summary: What Materazzi told Zidane before headbutt?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com