ADVERTISEMENT

കൊച്ചി ∙ പോളണ്ടിൽ എന്തു സംഭവിക്കും? ബ്ലാസ്റ്റേഴ്സ് ആരാധകരും പോളിഷ് ക്ലബ് ഗോർനിക്കിന്റെ ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ്. പോളണ്ടിലെ ലീഗ് ഉപേക്ഷിച്ചു സ്പാനിഷ് സ്ട്രൈക്കർ ഇഗോർ അംഗുലോ ഐഎസ്എല്ലിലേക്കു പറക്കുമോയെന്ന ഉത്തരത്തിനായാണ് ആ കാത്തിരിപ്പ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് കിബു വിക്കൂനയുടെ ഗെയിം പ്ലാനിലെ ആദ്യ പേരുകളിലൊന്നാണ് ഇഗോർ അംഗുലോ. പോളിഷ് ഒന്നാം ഡിവിഷൻ ക്ലബ് ഗോർനിക് സാബ്രസിന്റെ ഗോളടിവീരനാണു കക്ഷി. വയസ് 36. നാലു വർഷമായി പോളിഷ് ലീഗിൽ ‘ഷൈൻ’ ചെയ്യുന്ന ഇഗോർ ഗോർനിക്കിനു വേണ്ടി 126 കളികളിൽ നിന്നായി അടിച്ചത് 76 ഗോൾ.

രണ്ടാം ഡിവിഷനിൽ നിന്നു ക്ലബിനെ ഉയർത്തിയ രക്ഷക പരിവേഷമാണു സ്പാനിഷ് ലാലിഗ ക്ലബ് അത്‌ലറ്റിക് ബിൽബാവോയിലൂടെ കളി തുടങ്ങിയ ഇഗോറിന്. ക്ലബിനെ യൂറോപ്പ ലീഗിൻ്റെ കളത്തിലെത്തിച്ചതിനു പിന്നിലെ പവർഹൗസ് എന്ന നിലയ്ക്കു ഗോർനിക്കിൻ്റെ ഇതിഹാസ താരം കൂടിയാണ് ഈ മുൻ സ്പാനിഷ് ജൂനിയർ ഇൻ്റർനാഷനൽ. നിലവിലെ കരാർ അവസാനിക്കുന്നതോടെ താരം നാടു വിടുമെന്ന അഭ്യൂഹം വന്നതോടെ ആരാധകർ സ്വന്തം ക്ലബിനെതിരെ പ്രതിഷേധവുമായി ഇറങ്ങി.

ടീമിന്റെ ആരാധകക്കൂട്ടായ്മയായ ‘പാർട്നേഴ്സ് ഗോർനിക്’ പുതിയ കരാറിനുള്ള തുക സമാഹരിച്ചാണ് ഇഗോറിനെ നിലനിർത്താനുള്ള ശ്രമം തുടങ്ങിയത്. ക്ലബിനു പണമാണ് പ്രശ്നമെങ്കിൽ അതു വഹിക്കാൻ 'പാർട്നേഴ്സ് ഗോർനിക്' തയാറെന്ന മുദ്രാവാക്യമാണു പോളിഷ് ആരാധകർ ഉയർത്തിയത്. ടീമിൻ്റെ സുവർണതാരത്തെ നിലനിർത്താൻ ഏതറ്റം വരെയും പോകാമെന്ന മട്ടിലാണ് ആരാധകക്കൂട്ടായ്മ.

എന്നാൽ ഈ ആവേശത്തിനിടയിലും ഇഗോർ അംഗുലോ മനസ് മാറ്റിയിട്ടില്ല.താരം ഇന്ത്യയിലേക്ക് എന്ന മട്ടിൽ പോളിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം തുർക്കി ലീഗിൽ നിന്നും ഇഗോറിനായുള്ള അന്വേഷണങ്ങൾ സജീവമാണ്. ബ്ലാസ്റ്റേഴ്സിനൊപ്പം മറ്റ് ഐഎസ്എൽ ടീമുകളും സ്പാനിഷ് താരത്തിനു പിന്നാലെയുണ്ട്. എഫ്സി ഗോവയും ബെംഗളൂരു എഫ്സിയുമാണ് ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനു ഭീഷണി സൃഷ്ടിക്കുന്ന എതിരാളികൾ.

മുന്നേറ്റത്തിൽ നായകൻ ബാർത്തലോമിയോ ഓഗ്ബെച്ചെയ്ക്കു കൂട്ടാളിയാകാൻ പോന്ന താരമെന്ന നിലയ്ക്കാണു സ്പാനിഷ് കോച്ച് കിബു വിക്കൂന ഇഗോറിനെ വല വീശുന്നത്. ഗോൾ അടിക്കാനും ഒരുക്കാനും ഒരുപോലെ മികവുള്ള ഇഗോർ വിങ്ങർ റോളിലും ശോഭിക്കുന്ന താരമാണ്. കളിക്കാരെ വ്യത്യസ്ത റോളുകളിൽ പരീക്ഷിക്കാൻ വിരുതുള്ള വിക്കൂന ഇക്കാര്യവും കണക്കിലെടുത്തിട്ടുണ്ടാകുമെന്ന് ഉറപ്പ്. ഇഗോറിന്റെ മനസിലും വിക്കൂനയുടെ തന്ത്രം തെളിഞ്ഞിട്ടുണ്ടെന്നാണു സൂചനകൾ. എങ്കിൽ മെസ്സി ബൗളിയുടെ സ്ഥാനത്ത് ഇഗോർ അംഗുലോ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ ഇനി വൈകില്ല.

English Summary: Kerala Blasters in the mix to sign Spanish forward Igor Angulo 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com