ADVERTISEMENT

ടൂറിൻ∙ കൊറോണ വൈറസുമായി ദീർഘനാള്‍ നീണ്ട പോരാട്ടത്തിനൊടുവിൽ ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ അർജന്റീന താരം പൗലോ ഡിബാലയ്ക്ക് ‘വിജയം’. താരതമ്യേന സുദീർഘമായ പരീക്ഷണ കാലത്തിനൊടുവിൽ ഡിബാല കോവിഡ് ബാധയിൽനിന്ന് മോചിതനായതായി അദ്ദേഹത്തിന്റെ ക്ലബ് യുവെന്റസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇക്കാര്യം സ്ഥിരീകരിച്ച് ഡിബാലയും ട്വീറ്റ് ചെയ്തിട്ടുണ്ട്. മാർച്ച് 22ന് വൈറസ് ബാധ സ്ഥിരീകരിച്ച ഡിബാല, ഒന്നര മാസത്തോളം നീണ്ടുനിന്ന പരിശോധനകൾക്കൊടുവിലാണ് നെഗറ്റീവായത്. ചട്ടപ്രകാരം നടത്തിയ ഇരട്ട പരിശോധനയിൽ ഡിബാലയുടെ ഫലം നെഗറ്റീവായതായി യുവെന്റസ് പ്രസ്താവനയിൽ അറിയിച്ചു.

ഡിബാലയ്ക്കൊപ്പം കോവിഡ് 19 സ്ഥികരീച്ചിരുന്ന കാമുകി ഒറിയാന സബാട്ടിനി വളരെ പെട്ടെന്നുതന്നെ നെഗറ്റീവായിരുന്നു. പലതവണ പരിശോധിച്ചിട്ടും ഡിബാലയുടെ ഫലം പോസിറ്റീവായി തുടർന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം രോഗമുക്തനായതായി ക്ലബ് പ്രഖ്യാപിച്ചത്. ഡിബാലയ്ക്കു പുറമെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന യുവെന്റസ് താരങ്ങളായ ഡാനിയേല റുഗാനി, ബ്ലെയ്സ് മറ്റ്യുഡി എന്നിവരും ഏപ്രിൽ പകുതിയോടെ സുഖം പ്രാപിച്ചിരുന്നു. എന്നാൽ മാർച്ച് 22നാണ് കാമുകി ഒറിയാനയ്ക്കൊപ്പം ഡിബാലയ്ക്കും രോഗം സ്ഥിരീകരിച്ചത്. രോഗമുക്തനായ കാര്യം ട്വിറ്ററിലൂടെയാണ് ഡിബാല സ്ഥിരീകരിച്ചത്.

‘കഴിഞ്ഞ ആഴ്കളിൽ പലരും പലതും പറഞ്ഞു. ഇപ്പോഴിതാ കോവിഡ് വിമുക്തനായ കാര്യം ഞാൻതന്നെ സ്ഥിരീകരിക്കുന്നു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. ഇപ്പോഴും രോഗബാധിതരായി തുടരുന്നവരെ ഓർമിക്കുന്നു. സുരക്ഷിതരയാരിക്കൂ’ – ഇരുപത്താറുകാരനായ ഡിബാല ട്വീറ്റ് ചെയ്തു. പിന്നീട് കൈകള്‍ നീട്ടി ആകാശത്തേക്കു നോക്കി സന്തോഷവാനായി നിൽക്കുന്ന സ്വന്തം ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഡിബാല കുറിച്ചു:

‘എല്ലാം എന്റെ മുഖത്തുനിന്ന് നിങ്ങൾക്ക് വായിച്ചെടുക്കാം. ഒടുവിൽ കോവിഡ് 19ൽനിന്ന് ഞാൻ മുക്തനായിരിക്കുന്നു.’

∙ ക്രിസ്റ്റ്യാനോ തിരിച്ചെത്തി

പരിശീലനം പുനഃരാരംഭിക്കാൻ യുവെന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽ തിരിച്ചെത്തി. കുടുംബത്തോടൊപ്പമാണ് താരം ടൂറിനിലെത്തിയത്. രണ്ടാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ ശേഷമേ താരം പരിശീലനത്തിന് ഇറങ്ങൂ. കഴിഞ്ഞ മാസം ആദ്യമാണ് റൊണാൾഡോ പോർച്ചുഗലിലെ മദീരയിൽ താമസിക്കുന്ന അമ്മ ഡൊളാറസിന്റെ അടുത്തേക്കു പോയത്. ടീമിലെ മറ്റു വിദേശ താരങ്ങളെയും യുവെന്റസ് തിരിച്ചുവിളിച്ചിട്ടുണ്ട്.

English Summary:Paulo Dybala makes full recovery from coronavirus: I can finally confirm that I am healed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com