ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ഇന്ത്യൻ ഫുട്ബോൾ താരം സന്ദേശ് ജിങ്കാന് അർജുന അവാർഡിന് ശുപാർശ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) പുരസ്കാരത്തിന് ജിങ്കാന്റെ പേര് ശുപാർശ ചെയ്തത്. വനിതാ വിഭാഗത്തിൽനിന്ന് ബാലാ ദേവിയുടെ പേരും ശുപാർശ ചെയ്തിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിനായി ഇരുവരും നൽകിയ സംഭാവനകൾ പരിഗണിച്ചാണിത്.

‘ദേശീയ ടീമിലെ സ്ഥിരതയാർന്ന പ്രകടനം പരിഗണിച്ച് സന്ദേശ് ജിങ്കാനെയും ബാലാ ദേവിയെയും അർജുന അവാർഡിന് ശുപാർശ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. പുരുഷ വിഭാഗത്തിൽനിന്ന് ഒരാളും വനിതാ വിഭാഗത്തിൽനിന്ന് ഒരാളും’ – എഐഎഫ്എഫ് സെക്രട്ടറി കുശാൽ ദാസ് വാർത്താ ഏജൻസിയായ പിടിഐയോടു വെളിപ്പെടുത്തി.

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായിരുന്ന ഇരുപത്താറുകാരനായ സന്ദേശ് ജിങ്കാന് പരുക്കുമൂലം കഴിഞ്ഞ സീസണ്‍ പൂർണമായി നഷ്ടപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇത്തവണ അർജുന അവാർഡിന് ശുപാർശ ലഭിച്ചത്. സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യൻ ഫുട്ബോൾ ലോകത്തേക്ക് എത്തിയ ജിങ്കാൻ, സുനിൽ ഛേത്രി കഴിഞ്ഞാൽ ഇന്ത്യൻ ഫുട്ബോളിലെ സുപ്രധാന താരമാണ്.

ഇന്ത്യയ്ക്കു പുറത്ത് പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബുമായി കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തിയാണ് ഇരുപത്തൊമ്പതുകാരിയായ ബാലാദേവി. സ്കോട്‌ലൻഡിലെ റേഞ്ചേഴ്സ് എഫ്സിയുമായി ഒന്നര വർഷത്തേക്കാണ് കരാർ. ഇന്ത്യൻ ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയതിന്റെ റെക്കോർഡും (52) ഈ മണിപ്പുർ താരത്തിന്റെ പേരിലാണ്.

English Summary: AIFF nominates consistent Sandesh Jhingan, path-breaking Bala Devi for Arjuna Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com