sections
MORE

5 വയസ്സുള്ള മകൻ കോവിഡ് ബാധിച്ച് മരിച്ചതല്ല, ഞാൻ കൊന്നതാണ്: ഞെട്ടിച്ച് ഫുട്ബോൾ താരം

cevher-toktas
സെവ്ഹർ ടോക്‌ടാഷും കാസിമുമാണ് ഒന്നാമത്തെ ചിത്രത്തിൽ. കാസിമിനെ സംസ്കരിച്ച സ്ഥലത്ത് വെള്ളമൊഴിക്കുന്ന മൂത്ത സഹോദരൻ (ചിത്രങ്ങൾ ഫെയ്സ്ബുക്കിൽനിന്ന്)
SHARE

അങ്കാറ (തുർക്കി) ∙ കോവിഡ് ബാധിച്ചു മരിച്ചെന്ന് എല്ലാവരും വിശ്വസിച്ച തന്റെ അഞ്ചു വയസ്സുകാരൻ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുർക്കിയിൽനിന്നുള്ള ഫുട്ബോൾ താരം സെവ്ഹർ ടോക്ടാഷ്. കോവിഡ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ ഐസലേഷനിൽ കഴിയവേയാണ് ഒരാഴ്ച മുൻപ് ടോക്ടാഷിന്റെ മകൻ കാസിം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. കാസിം മരിച്ച് 11–ാം ദിവസമാണ് മരണ കാരണം കോവിഡല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ഏറ്റുപറഞ്ഞ് ടോക്ടാഷ് രംഗത്തെത്തിയത്. ഇദ്ദേഹത്തെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗായ ടർക്കിഷ് സൂപ്പർ ലീഗിൽ ഹാസെറ്റെപ് എസ്കെയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിമൂന്നുകാരനായ ടോക്ടാഷ്.

നിലവിൽ തുർക്കിയിലെ പ്രാദേശിക ലീഗിൽ ബുർസ യിൽഡിരിംസ്പോറിനു വേണ്ടി കളിക്കുന്ന സെവ്ഹർ ടോക്ടാഷ് കഴിഞ്ഞ മാസമാണ് ചുമയും കടുത്ത പനിയുമായി മകനെ ആശുപത്രിയിൽ എത്തിച്ചത്. കോവിഡ് 19 സംശയിച്ച് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. അന്നു വൈകിട്ട് കാസിമിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടർമാരെ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കാസിമിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉൾപ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചാണ് കാസിമിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. കാസിം മരിച്ച് ദിവസങ്ങൾക്കുശേഷം ‘ഈ ലോകത്തെ ആശ്രയിക്കരുത്’ എന്ന ക്യാപ്ഷനോടെ കാസിമിന്റെ ഖബറിന്റെ ചിത്രം ടോക്ടാഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

ഇതിനെല്ലാം പിന്നാലെയാണ് താൻ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടോക്ടാഷ് രംഗത്തെത്തിയത്. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ടോക്ടാഷ് കൊലപാതക കുറ്റം ഏറ്റത്. മകന് അഞ്ചു വയസ്സായെങ്കിലും ഇതുവരെ അവനെ സ്നേഹിക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്നും ടോക്ടാഷ് പൊലീസിനോടു വെളിപ്പെടുത്തി.

മകനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് ടോക്ടാഷിന്റെ മൊഴിയിങ്ങനെ:

‘കട്ടിലിൽ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന അവനെ ഞാൻ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാൻ തലയിണ അതേപടി പിടിച്ചു. ആ സമയം അവൻ ശ്വാസത്തിനുവേണ്ടി പിടയുന്നുണ്ടായിരുന്നു. അവന്റെ ചലനം നിലച്ചെന്ന് ഉറപ്പാക്കിയശേഷമാണ് ഞാൻ തലയിണ മാറ്റിയത്. അതിനുശേഷം എന്നെ സംശയിക്കാതിരിക്കാൻ കാസിമിന് ശ്വാസതടസ്സം നേരിട്ടുവെന്ന് പറഞ്ഞ് ഡോക്ടർമാരെ വിളിച്ചുവരുത്തുകയായിരുന്നു’ – ടോക്ടാഷ് വെളിപ്പെടുത്തി.

‘എന്റെ ഇളയ മകനെ ഈ കാലത്തിനിടെ ഒരിക്കൽപ്പോലും സ്നേഹിക്കാൻ എനിക്കായിട്ടില്ല. അവനെ സ്നേഹിക്കാൻ സാധിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം എനിക്ക് അവനെ ഇഷ്ടമല്ല എന്നതു മാത്രമാണ്. അല്ലാതെ എനിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ല’ – ടോക്ടാഷ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തന്റെ ചെയ്തിയിൽ പിന്നീട് കടുത്ത കുറ്റബോധം തോന്നിയെന്നും അതു സഹിക്കാനാകാത്തതുകൊണ്ടാണ് എല്ലാ സത്യങ്ങളും ഏറ്റുപറയുന്നതെന്നും ടോക്ടാഷിന്റെ മൊഴിയിലുണ്ട്. ടോക്ടാഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാസിമിന്റെ മൃതദേഹം ഖബറിൽനിന്നെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

English Summary: 'I never loved him' - Turkish footballer admits murdering five-year-old son & blaming coronavirus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA