ADVERTISEMENT

ടെൽ അവീവ്∙ കോവിഡ് വ്യാപനം നിമിത്തം നിശ്ചലാവസ്ഥയിലായ കളിക്കളങ്ങൾ ഏതുവിധേനയും വീണ്ടും തുറക്കാനും ഫുട്ബോൾ ലീഗുകൾ പുനഃരാരംഭിക്കാനുമുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങളും ഫുട്ബോൾ അസോസിയേഷനുകളും. ജർമൻ ബുന്ദസ്‌ലിഗ ഉൾപ്പെടെയുള്ള പ്രമുഖ ലീഗുകൾ കോവിഡ് പ്രതിരോധത്തിനുള്ള പ്രത്യേക സജ്ജീകരണങ്ങളോടെ പുനഃരാരംഭിക്കുകയും ചെയ്തു. ഗാലറിയിൽ ആരാധകരെ പ്രവേശിപ്പിക്കാതെയും കളിക്കാർക്കും പരിശീലക സംഘാംങ്ങൾക്കും സാമൂഹിക അകലം നിർബന്ധമാക്കിയുമാണ് മത്സരങ്ങൾ നടക്കുന്നത്.

ഇതിനിടെ, തീർത്തും വ്യത്യസ്തമായൊരു പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേലിലെ ഒരു സ്റ്റേഡിയം. കളിക്കാർ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്ന വഴിയിൽ അണുനാശിനികൾ ഉപയോഗിച്ചുള്ള ‘ശുചീകരണ മഴ’ പെയ്യുന്ന പ്രത്യേക ടണൽ സ്ഥാപിച്ചിരിക്കുകയാണ് സ്റ്റേഡിയം അധികൃതർ. ടെൽ അവീവിലുള്ള ബ്ലൂംഫീൽഡ് സ്റ്റേഡിയമാണ് കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിന് വ്യത്യസ്തമായ ഈ മാർഗം പരീക്ഷിക്കുന്നത്. ഇസ്രയേലിലെ ടെൽ അവീവ്, ഹാപോൽ ടെൽ അവീവ്, ബിനേയ് യെഹൂദ ടെൽ അവീവ് എന്നീ ടീമുകളുടെ ഹോം ഗ്രൗണ്ടാണിത്.

അടുത്തിടെ കാണികളെ പ്രവേശിപ്പിക്കാതെ ഇസ്രയേലിലെ ഫുട്ബോൾ ലീഗ് പുനഃരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ സംവിധാനത്തിന് മൂന്നു മാസത്തിനുള്ളിൽ ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ടണൽ സ്ഥാപിച്ച ശേഷം മൂന്നു മത്സരങ്ങളാണ് ഇതുവരെ സ്റ്റേഡിയത്തിൽ നടന്നത്. ഈ സീസണിലുടനീളം ടണലിന്റെ പ്രവർത്തനം ഉണ്ടാകുമെന്നാണ് സ്റ്റേഡിയം അധികൃതർ നൽകുന്ന സൂചന.

ടണലിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ പ്രത്യേകം ‘സെൻസ്’ ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. ടണലിലൂടെ കടന്നുപോകുന്ന ആളുകളെയും അവരുടെ കൈവശമുള്ള വസ്തുക്കളെയും അണുനാശിനി ഉപയോഗിച്ച് നനയ്ക്കും. ടണലിലേക്ക് ആളു കടന്നാൽ 15 സെക്കൻഡ് നേരത്തേക്ക് ടണലിനുള്ളിൽ ‘ശുചീകരണ മഴ’ പെയ്യും!

നിലവിൽ കളിക്കാരോ പരിശീലകരോ മാധ്യമപ്രവർത്തകരോ ഈ ടണലിലൂടെ പ്രവേശിക്കണമെന്ന് നിർബന്ധമാക്കിയിട്ടില്ല. താൽപര്യമുള്ളവർ മാത്രം ടണലിലൂടെ പോയാൽ മതി. എങ്കിലും ഇതുവരെ 100 മുതൽ 200 പേർ വരെ ഈ ടണലിലൂടെ കടന്നുപോയതായി അധികൃതർ അറിയിച്ചു. ‘കൂടുതൽ സുരക്ഷിതമാണെന്നതിനാൽ ടണലിലൂടെ കടന്നുപോകാൻ താരങ്ങൾക്കും പൊതുവെ ഉത്സാഹമാണെന്ന് അധികൃതർ വ്യക്തമാക്കി.

English Summary: Israeli stadium trials misting spray tunnel to disinfect players and reduce risk of spreading coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com