ADVERTISEMENT

ഗോൾ കീപ്പിങ് മികവിന്റെ പര്യായമായി മാറിയ ആ മനോഹര സേവിന് ഇന്ന് അരനൂറ്റാണ്ട്. ചരിത്രത്തിലേക്ക് അടിച്ചുകയറ്റിയ മനോഹര ഗോളുകൾക്ക് ഫുട്ബോൾ ലോകത്ത് പഞ്ഞമില്ല. എന്നാൽ ഗോളെന്ന് ഉറപ്പാക്കിയ പന്തുകൾ അതിവിദ്ഗമായി പുറന്തള്ളുന്ന ഗോളിയുടെ മികവ് കാലം പലപ്പോഴും രേഖപ്പെടുത്താറില്ല. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സേവ് എന്ന് ലോകം വാഴ്ത്തുന്ന ആ മികവിന് ഇന്ന് 50 വയസ് പൂർത്തിയാകുന്നു. ‘നൂറ്റാണ്ടിന്റെ രക്ഷപ്പെടുത്തൽ’ അഥവാ ‘സേവ് ഓഫ് ദ് സെഞ്ചുറി’ എന്നാണ് ആ രക്ഷപ്പെടുത്തൽ ചരിത്രത്തിൽ ഇടംനേടിയിട്ടുള്ളത്. 

1970 മെക്സിക്കോ ലോകകപ്പ്  പ്രാഥമിക ഘട്ടത്തിൽ ഇംഗ്ലണ്ട്– ബ്രസീൽ മൽസരത്തിലാണ് ചരിത്രമായി മാറിയ ആ സേവ് പിറന്നത്. ഫുട്ബോള്‍ ചക്രവർത്തി സാക്ഷാൽ പെലെ തൊടുത്ത ബുള്ളറ്റ് ഹെഡർ ഗോളെന്ന് ഉറപ്പാക്കി നിൽക്കേ, ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റിയത് ഇംഗ്ലിഷ് ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സ്. 1970 ജൂൺ 7ന് മെക്സിക്കോയിലെ ഗ്വാദലജര ജസില്കോ സ്റ്റേഡിയമാണ് ആ അനശ്വര നിമിഷത്തിന് സാക്ഷ്യംവഹിച്ചത്. മൽസരം 1–0ന് ബ്രസീൽ ജയിച്ചെങ്കിലും ബാങ്ക്സിന്റെ സേവിന്റെ പേരിലാണ് ആ മൽസരം അറിയപ്പെട്ടത്. 

1966 ലോകകപ്പ് ഉയർത്തിയ ഇംഗ്ലണ്ടിന്റെ ഗോൾവലയം കാത്തതും ബാങ്ക്‌സ് ആയിരുന്നു. എന്നാൽ അദ്ദേഹം ഇതിഹാസമായത് 1970 ലോകകപ്പിലെ ആ അവിശ്വസനീയമായ രക്ഷപ്പെടുത്തലിലൂടെയാണ്. ഇംഗ്ലിഷ് നായകൻ ബോബി മൂറും പെലെയും തമ്മിലുള്ള പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെട്ടതായിരുന്നു ഇംഗ്ലണ്ട്‌– ബ്രസീൽ മൽസരം. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് 67,000 കാണികൾ.

മത്സരത്തിനിടെ വലതു വിങ്ങിൽനിന്നുള്ള ജഴ്‌സിഞ്ഞോയുടെ ക്രോസ് വായിക്കുന്നതിൽ ബാങ്ക്‌സ് പിഴച്ചു. ഉയർന്നു പൊങ്ങിയ പെലെ പന്ത് ബാങ്ക്‌സിന്റെ വലതു പോസ്‌റ്റിനു സമീപം ഗ്രൗണ്ടിലേക്ക് ഹെഡ് ചെയ്‌തു. ഗോളെന്ന് അലറിവിളിച്ച പെലെയുടെ കണക്കുക്കൂട്ടൽ തെറ്റിയത് പെട്ടന്നാണ്. മറുപോസ്‌റ്റിൽ പന്തു പ്രതീക്ഷിച്ചുനിന്ന ബാങ്ക്‌സ് ഞൊടിയിടയിൽ ദിശമാറി മുഴുനീളം ഡൈവ് ചെയ്‌ത് ഗോൾലൈനിനു തൊട്ടുമുന്നിൽനിന്ന് പന്ത് ക്രോസ്‌ബാറിനു മുകളിലേക്കു ഗതിതിരിച്ചുവിട്ടു. ഗോളുറപ്പിച്ച ഫുട്‌ബോൾ ഇതിഹാസം പെലെയും ലോകവും ഒരുനിമിഷം നിലച്ചു.

ജഴ്‌സിഞ്ഞോയുടെ ഗോളിൽ ബ്രസീൽ 1–0ന് ജയിച്ചെങ്കിലും ആ മൽസരം കൂടുതലായി അറിയപ്പെടുന്നത് ബാങ്ക്‌സിന്റെ സേവിലൂടെയാണ്. പെലെയുടെ വാക്കുകൾമാത്രം മതി അതിന്റെ അളവെടുക്കാൻ: ‘ഞാൻ കണ്ട ഏറ്റവും മഹത്തായ രക്ഷപ്പെടുത്തൽ’.  കായികലോകത്തെ 100 അനശ്വരമുഹൂർത്തങ്ങളിലൊന്നായി ഈ സേവ് ഇന്നും വാഴ്ത്തപ്പെടുന്നു.

എന്നാൽ തന്റെ കരിയറിലെ ഏറ്റവും മികച്ച സേവായി ബാങ്ക്സ് പിൽക്കാലത്ത് വിശേഷിപ്പിച്ചത് 1970ലെ സേവല്ല. ‘1972 ലീഗ് കപ്പ് സെമിഫൈനലിൽ ജഫ് ഹേസ്റ്റിന്റെ പെനൽറ്റി സേവ് ചെയ്തതാണ് അത്.’– ബാങ്ക്സ് സാക്ഷ്യപ്പെടുത്തുന്നു.

∙ ആരാണ് ഗോർഡൻ ബാങ്ക്സ്?

ഫുട്ബോളിന് ജന്മം നൽകിയ ഇംഗ്ലണ്ട് ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് ലോകകപ്പിന് വേദിയൊരുക്കിയതും ലോകകപ്പ് സ്വന്തമാക്കിയതും. 1966ലായിരുന്നു അത്. അന്ന് ഇംഗ്ലീഷ് ടീമിന്റെ ഗോൾവലയം കാത്തത് ഗോർഡൻ ബാങ്ക്സായിരുന്നു. താൻ കണ്ട ഗോൾകീപ്പർമാരിൽ ഏറ്റവും മിടുക്കൻ എന്ന് സാക്ഷാൽ പെലെ വിശേഷിപ്പിച്ചത് ബാങ്ക്സിനെയാണ്. രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിൽ ആകെ 679 മൽസരങ്ങളിൽ ഗോളിയുടെ കുപ്പായമണിഞ്ഞു. 73 തവണ ഇംഗ്ലിഷ് ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ ബാങ്ക്സ്, ആകെ വഴങ്ങിയത് 57 ഗോളുകൾ മാത്രം. ബാങ്ക്സ് കാവലാളായിരുന്നപ്പോൾ 35 മൽസരങ്ങളിൽ ഇംഗ്ലീഷ് വലയം കുലുങ്ങിയതേയില്ല. പന്തിന്റെ ദിശ മുൻകൂട്ടി മനസിലാക്കി ഗോളുകൾ തടയുന്നതിലെ മികവാണ് അദ്ദേഹത്തെ മികച്ചൊരു ഗോൾകീപ്പറാക്കിയത്. 

ഗോൾ കീപ്പിങ്ങിൽ ശരാശരിയിലും താഴെയായിരുന്നു ബാങ്ക്സിന്റെ തുടക്കം. യോർക്ഷർ ലീഗിൽ രണ്ടു കളികളിൽ 15 ഗോൾ വഴങ്ങി ടീമിൽനിന്നുതന്നെ  പുറത്തായ ഒരു സമയം ബാങ്ക്സിനുണ്ടായിരുന്നു. തിരിച്ചടികളുടെ കാലം ഏറെ പിന്നിട്ട ശേഷമാണ് ബാങ്ക്സ് ഇതിഹാസമാകുന്നത്. 1966 ലോകകപ്പ് സെമിവരെ ഒറ്റഗോളും വഴങ്ങാതെനിന്ന ബാങ്ക്സ്, അത്തവണത്തെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

പക്ഷേ ബാങ്ക്‌സ് ഇതിഹാസമായത് 1970 ലോകകപ്പിലെ ആ അവിശ്വസനീയമായ രക്ഷപ്പെടുത്തലിലൂടെയായിരുന്നു. 1979–80ൽ ടെൽഫോർഡ് യുണൈറ്റഡിന്റെ മാനേജരായി. 1972ൽ നടന്ന കാറപകടത്തിൽ ഒരു കണ്ണിനു കാഴ്ച നഷ്ടമായതോടെ വിരമിക്കൽ പ്രഖ്യാപിച്ചു. അപ്പോഴത്തേക്കും അദ്ദേഹം ലോകത്തിലെ ഒന്നാം നമ്പർ ഗോൾകീപ്പർ എന്ന ഖ്യാതി സ്വന്തമാക്കിയരുന്നു. കഴിഞ്ഞവർഷം 81–ാം വയസിലായിരുന്നു അന്ത്യം.

English Summary: The greatest save of all-time is celebrating its 50th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com