ADVERTISEMENT

മഡ്രിഡ് ∙ കാണാൻ ആരാധകരില്ലെങ്കിൽ സ്വന്തം സ്റ്റേഡിയമായ സാന്തിയാഗോ ബെർണബ്യൂവിൽ പിന്നെന്തിനാണ് മത്സരം എന്നു റയൽ മഡ്രിഡ് കരുതിയിട്ടുണ്ടാകും! പരിശീലന മൈതാനത്തേക്കു മാറ്റിയ മത്സരം ‘പരിശീലനം’ പോലെ കളിച്ച് റയൽ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഐബറിനെതിരെ ജയം കുറിച്ചു (3–1). ടോണി ക്രൂസ്, സെർജിയോ റാമോസ്, മാർസലോ എന്നിവരാണു റയലിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിലായിരുന്നു 3 ഗോളുകളും. ജയത്തോടെ റയൽ കിരീട പ്രതീക്ഷയും നിലനിർത്തി. 10 റൗണ്ട് മത്സരങ്ങൾ ശേഷിക്കെ, ഒന്നാമതുള്ള ബാർസയെക്കാൾ 2 പോയിന്റ് മാത്രം പിന്നിലാണ് അവർ. 

മുട്ടുകുത്തി മാർസലോ 

ബെർണബ്യൂ സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ നടക്കുന്നതിനാലാണു റയലിന്റെ ഹോം മത്സരം 10 കിലോമീറ്റർ അകലെയുള്ള ആൽഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലേക്കു മാറ്റിയത്. താമസിക്കുന്ന ഹോട്ടലിൽനിന്നു നടന്നാണു റയൽ താരങ്ങൾ മൈതാനത്തെത്തിയത്. കളിയിലെ ഏറ്റവും മിഴിവുള്ള ദൃശ്യം പിറന്നതു 37–ാം മിനിറ്റിൽ. റയലിന്റെ 3–ാം ഗോൾ നേടിയശേഷം ബ്രസീലിയൻ താരം മാർസലോ നിലത്തു മുട്ടുകുത്തി; യുഎസിൽ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിനുള്ള ആദരം. 

 കളിയുടെ 4–4ം മിനിറ്റിൽ തന്നെ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ് റയലിനെ മുന്നിലെത്തിച്ചിരുന്നു. അരമണിക്കൂറായപ്പോൾ റാമോസ് ലീഡുയർത്തി. പെഡ്രോ ബാഗാസാണ് (60’) ഐബറിന്റെ ആശ്വാസഗോൾ നേടിയത്. 

ഹസാഡ് തിളങ്ങി 

പരുക്കിനും വിശ്രമത്തിനുംശേഷം ടീമിലേക്കു തിരിച്ചെത്തിയ ബൽജിയം താരം ഏദൻ ഹസാഡ് തിളങ്ങിയതും റയലിനു സന്തോഷമായി. റാമോസിന്റെ ഗോളിനു വഴിയൊരുക്കിയ ഹസാഡ് മാർസലോയുടെ ഗോളിനു തുടക്കമിടുകയും ചെയ്തു. മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മഡ്രിഡ് അത്‌ലറ്റിക് ബിൽബാവോയോട് സമനില വഴങ്ങി (1–1). അത്‌ലറ്റിക്കോയുടെ ചാംപ്യൻസ് ലീഗ് ബെർത്ത് പ്രതീക്ഷകളും ഇതോടെ ഭീഷണിയിലായി. 6–ാം സ്ഥാനത്താണ് അവരിപ്പോൾ. 

ഇന്നു ജയിച്ചാൽ ബയണിന് കിരീടം

ബെർലിൻ ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ വെർഡർ ബ്രെമനെതിരെ ഇന്നു ജയിച്ചാൽ ബയൺ മ്യൂണിക്കിനു കിരീടം. ജയിച്ചാൽ 76 പോയിന്റാകുന്ന ബയണിനൊപ്പമെത്താൻ പിന്നെ 2–ാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്മുണ്ടിനാകില്ല. 3 മത്സരങ്ങൾ ശേഷിക്കെ 66 പോയിന്റാണു ഡോർട്മുണ്ടിനുള്ളത്. ബ്രെമന്റെ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഷാൽക്കെയ്ക്കെതിരെ ബയെർ ലെവർക്യൂസൻ സമനില വഴങ്ങി (1–1). ബയെർ തന്നെയാണ് ഇപ്പോഴും 4–ാം സ്ഥാനത്ത്. 

ഒടുവിൽ കസീയസ്  പറഞ്ഞു: ഞാനില്ല

മഡ്രിഡ് ∙ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻപ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽനിന്നു പിൻമാറുന്നതായി മുൻ സ്പെയിൻ ക്യാപ്റ്റൻ ഐകർ കസീയസ് പ്രഖ്യാപിച്ചു. കോവിഡ് മൂലമുണ്ടായ മോശം സാമൂഹിക, സാമ്പത്തിക, ആരോഗ്യ ചുറ്റുപാടിൽ താൻ മത്സരിക്കാനില്ലെന്നാണു മുപ്പത്തൊമ്പത്തുകാരനായ താരം പറഞ്ഞത്. റയൽ മഡ്രിഡിലെ നീണ്ട കരിയറിനുശേഷം ഇപ്പോൾ എഫ്സി പോർട്ടോയിലാണ് കസീയസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com