ADVERTISEMENT

റോം ∙ കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം കളിക്കളങ്ങൾ സജീവമായെങ്കിലും ഇനിയും ഫോം കണ്ടെത്താനാകാതെ ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസ്. കോവിഡിനുശേഷമുള്ള തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടാനാകാതെ ഉഴറിയ യുവെന്റസ്, ഇറ്റാലിയൻ കപ്പ് ഫൈനലിൽ നാപ്പോളിയോടു തോറ്റു. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയതോടെ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ 4–2നാണ് യുവെയുടെ തോൽവി. ഷൂട്ടൗട്ടിൽ സൂപ്പർതാരം പൗലോ ഡിബാല, ഡാനിലോ എന്നിവർ ആദ്യ രണ്ടു കിക്കുകൾ നഷ്ടമാക്കിയതാണ് യുവെയ്ക്ക് തിരിച്ചടിയായത്. നാപ്പോളി ആദ്യ നാലു കിക്കും ലക്ഷ്യത്തിലെത്തിച്ചതോടെ യുവെയ്ക്കായി അഞ്ചാം കിക്കെടുക്കാൻ ഊഴം കാത്തിരുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അവസരം ലഭിച്ചതുമില്ല.

നാപ്പോളിക്കായി ലോറെൻസോ ഇൻസിഗ്‍‌നെ, മത്തേയൂ പൊളിറ്റാനോ, മാക്സിമോവിച്ച്, മിലിച്ച് എന്നിവർ ലക്ഷ്യം കണ്ടു. യുവെയ്ക്കായി മൂന്നും നാലും കിക്കുകളെടുത്ത ബൊനൂച്ചി, ആരോൺ റാംസെ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും വൈകിപ്പോയിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഇതാദ്യമായാണ് ഇറ്റാലിയൻ കപ്പ് ഫൈനൽ വിജയികളെ പെനൽറ്റി ഷൂട്ടൗട്ടിലൂടെ നിശ്ചയിക്കേണ്ടി വന്നത്. നാപ്പോളിയുടെ ആറാം സൂപ്പർകപ്പ് വിജയമാണിത്. നാലു ടീമുകൾക്ക് മാത്രമേ ഇതിലും കൂടുതൽ തവണ ഇറ്റാലിയൻ കപ്പ് നേടാനായിട്ടുള്ളൂ. 

മുപ്പത്തഞ്ചുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ക്ലബ് കരിയറിൽ തുടർച്ചയായി രണ്ടു ഫൈനലിൽ പരാജയപ്പെടുന്നത് ഇതാദ്യമാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം അവസാനം നടന്ന ഇറ്റാലിയൻ സൂപ്പർകപ്പ് ഫൈനലിൽ ലാസിയോയോടും യുവെന്റസ് തോറ്റിരുന്നു. എല്ലാ ടൂർണമെന്റുകളിലുമായി ഈ സീസണിൽ യുവെയ്ക്കായി 25 ഗോളുകൾ നേടി മിന്നുന്ന ഫോമിലായിരുന്ന റൊണാൾഡോയ്ക്ക് കോവിഡ് 19നുശേഷം മത്സരങ്ങൾ പുനഃരാംരഭിച്ചെങ്കിലും പഴയ മികവിലേക്ക് ഉയരാനായിട്ടില്ല. റൊണാൾഡോ ഉൾപ്പെടെയുള്ള യുവെ മുന്നേറ്റനിരയ്ക്ക് പഴയ ലക്ഷ്യബോധമില്ലെന്ന് മത്സരശേഷം പരിശീലകൻ മൗറീസിയോ സാറി കുറ്റപ്പെടുത്തുകയും ചെയ്തു.

ഇറ്റാലിയൻ കപ്പ് ഫൈനലിനു പിന്നാലെ നിർത്തിവച്ച സീരി എ മത്സരങ്ങളും ഇനി പുനഃരാരംഭിക്കും. 26 മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാൾ ഒരു പോയിന്റ് മാത്രം മുന്നിലാണ് യുവെന്റസ്. അടുത്ത തിങ്കളാഴ്ച ബൊലോനയ്ക്കെതിരെയാണ് യുവെന്റസിന്റെ ആദ്യ സീരി എ പോരാട്ടം. പിറ്റേന്ന് വെറോണയ്‌ക്കെതിരെയാണ് നാപ്പോളിയുടെ ആദ്യ മത്സരം.'

മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം

മാഞ്ചസ്റ്റർ ∙  കോവിഡ് ലോക്ഡൗണിനു ശേഷം ഇംഗ്ലിഷ് പ്രീമിയർ ലീഗ് തുറന്ന ദിനം ഉജ്വല വിജയം കുറിച്ചതു മാഞ്ചസ്റ്റർ സിറ്റി. ആർസനലിനെ 3–0നാണു സിറ്റി തോൽപിച്ചു വിട്ടത്. റഹീം സ്റ്റെർലിങ്, കെവിൻ ഡിബ്രൂയ്‌നെ, ഫിൽ ഫോഡൻ എന്നിവർ ഗോളടിച്ചു. ആർസനൽ താരം ഡേവിഡ് ലൂയിസ് മത്സരത്തിൽ ചുവപ്പു കാർഡ് കണ്ടു.  ജയത്തോടെ 

സിറ്റിക്ക് 29 കളികളിൽ 60 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെക്കാൾ 22 പോയിന്റ് പിന്നിൽ. വംശീയതയ്ക്കെതിരെ നടക്കുന്ന സമരങ്ങളോടുള്ള ഐക്യദാർഢ്യമായി ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്നെഴുതിയ ജഴ്സിയണിഞ്ഞാണു താരങ്ങൾ കളിക്കാനിറങ്ങിയത്.

English Summary: Ronaldo loses consecutive finals for the first time in his career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com