ADVERTISEMENT

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്കു ജയിക്കാൻ സാധിച്ചില്ലെങ്കിൽ ലിവർപൂളിനു കിരീടധാരണം. സ്പാനിഷ് ലാ ലിഗയിൽ ഒപ്പത്തിനൊപ്പം കുതിച്ച് റയൽ മഡ്രിഡും ബാർസിലോനയും. ഇറ്റാലിയൻ സീരി എ ലീഗിൽ തുടർച്ചയായ 9–ാം കിരീടത്തിലേക്കു ദൂരം കുറച്ച് യുവെന്റസ്.

 ഉറപ്പിച്ച് ലിവർപൂൾ  

കഴിഞ്ഞ ദിവസം രാത്രി ക്രിസ്റ്റൽ പാലസിനെ 4–0നു തകർത്ത യൂർഗൻ ക്ലോപ്പിന്റെ സംഘം 30 വർഷത്തിനുശേഷമുള്ള ലീഗ് കിരീടധാരണം ആഘോഷമാക്കാൻ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. 2–ാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കു ചെൽസിയെ തോൽപിക്കാൻ പറ്റിയില്ലെങ്കിൽ ഇനി ഒരു മത്സരവും കളിക്കാതെ ചെമ്പടയ്ക്കു കിരീടം േനടാം. 7 മത്സരങ്ങൾ ബാക്കി നിൽക്കുമ്പോൾ സിറ്റിയെക്കാൾ 23 പോയിന്റ് മുന്നിലാണു ലിവർപൂൾ. ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, മുഹമ്മദ് സലാ, ഫാബീഞ്ഞോ, സാദിയോ മാനെ എന്നിവരാണു പാലസിനെതിരെ ലിവർപൂളിനായി സ്കോർ ചെയ്തത്.

ആന്തണി മർത്യാലിന്റെ ഹാട്രിക് കരുത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ 3–0നു തോൽപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ആദ്യ 4 സ്ഥാനങ്ങളിലൊന്നിൽ എത്താമെന്ന പ്രതീക്ഷ നിലനിർത്തി. 7 വർഷത്തിനിടെ ആദ്യമായാണ് ഒരു യുണൈറ്റഡ് താരം ലീഗിൽ ഹാട്രിക് നേടുന്നത്. 31 മത്സരങ്ങളിൽ 49 പോയിന്റുമായി യുണൈറ്റഡ് ഇപ്പോൾ 5–ാമതാണ്.

 റാമോസ്, റയൽ

ക്യാപ്റ്റൻ സെർജിയോ റാമോസ് തുടർച്ചയായ 2–ാം മത്സരത്തിലും ഗോളടിച്ചപ്പോൾ മയ്യോ‍ർക്കയെ 2–0നു തോൽപിച്ചു സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡ് വീണ്ടും ബാർസിലോനയ്ക്കു മുന്നിലെത്തി. 19–ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ മുന്നിലെത്തിയ റയലിനായി 56–ാം മിനിറ്റിൽ റാമോസ് ഫ്രീകിക്കിലൂടെ ലീഡുയർത്തി. 31 മത്സരങ്ങളി‍ൽനിന്നായി റയലിനും ബാ‍ർസയ്ക്കും 68 പോയിന്റ് വീതം. ഗോൾവ്യത്യാസത്തിൽ റയൽ മുന്നി‍ൽ. 

luka-romero
ലൂക്ക റൊമേറോ

ലാ ലിഗയിൽ അരങ്ങേറി പതിനഞ്ചുകാരൻ

ലാ ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇനി മയ്യോർക്കയുടെ ലൂക്ക റൊമേറോയുടെ പേരിൽ. 15 വർഷവും 219 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്നലെ റയലിനെതിരെ ലൂക്കയുടെ അരങ്ങേറ്റം. അർജന്റീന അണ്ടർ 15 ടീമിൽ കളിച്ചിട്ടുണ്ട്. സെൽറ്റ വിഗോ താരം ഫ്രാൻസിസ്കോ റോഡ്രിഗസിന്റെ (15 വർഷവും 255 ദിവസവും) പേരിലുണ്ടായിരുന്ന 81 വർഷം പഴക്കമുള്ള റെക്കോർഡാണു ലൂക്ക തിരുത്തിയത്.  

ഗാലറിയിൽ ലാദനും!

bin-laden

ഗാലറിയിൽ സ്ഥാപിച്ച കട്ടൗട്ടുകളിലൊന്നിൽ അൽ ഖായിദ മുൻ നേതാവ് ഉസാമ ബി‍ൻ ലാദന്റെ മുഖം പതിപ്പിച്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ലീഡ്സ് യുണൈറ്റഡ് കുടുങ്ങി. കോവിഡ് നിയന്ത്രണങ്ങൾമൂലം കാണികളെ പ്രവേശിപ്പിക്കാതെ നടത്തുന്ന മത്സരങ്ങളിൽ പല ടീമുകളും ഗാലറിയിൽ ആരാധകരുടെ കട്ടൗട്ടുകൾ സ്ഥാപിക്കാറുണ്ട്. ഇതിന്റെ കൂട്ടത്തിലാണ് ഉസാമയും ഗാലറിയിൽ കയറിപ്പറ്റിയത്. സംഭവം വിവാദമായതോടെ, ലീഡ്സ് അധികൃതർ കട്ടൗട്ട് നീക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com