ADVERTISEMENT

ലണ്ടൻ ∙ 30 വർഷത്തെ ഇടവേളയ്ക്കുശേഷം ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ലിവർപൂൾ സ്വന്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ചെ‍ൽസി 2–1നു 2–ാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയതോടെ ‘ചെമ്പട’യുടെ ആരാധകർ കാത്തിരുന്ന സുവർണ നിമിഷം യാഥാർഥ്യമായി. ക്രിസ്റ്റ്യൻ പുലിസിച്, വില്ലിയൻ എന്നിവരുടെ ഗോളിലാണു ചെൽസിയുടെ വിജയം. കെവിൻ ഡി ബ്രുയ്നെ സിറ്റിയുടെ ആശ്വാസഗോൾ നേടി. ഇതോടെ, 7 കളികൾ ശേഷിക്കെ 31 മത്സരങ്ങളിൽ 86 പോയിന്റുമായി ലിവർപൂൾ കിരീടമുറപ്പിച്ചു. സിറ്റിക്ക് ഇത്രയും കളികളി‍ൽനിന്ന് 63 പോയിന്റ്. 23 പോയിന്റ് ലീഡ്‌.

മാസാണ് ക്ലോപ്പ്
വിജയമുറപ്പാക്കിയ നിമിഷം സന്തോഷക്കണ്ണീർ പൊഴിച്ച് ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ് വികാരഭരിതനായി. ചരിത്രനേട്ടത്തിലേക്കു ക്ലബ്ബിനെ നയിച്ച മുൻ പരിശീലകർക്കും മുൻ താരങ്ങൾക്കും ടീമംഗങ്ങൾക്കും ആരാധകർക്കും ജർമനിക്കാരനായ പരിശീലകൻ നന്ദി പറഞ്ഞു. 2015ലാണു ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിൽനിന്നു ക്ലോപ്പ് ലിവർപൂളിലെത്തുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ യുവേഫ ചാംപ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ലിവർപൂൾ സ്വന്തമാക്കി. അപ്പോഴും കൈയിലെത്താതിരുന്ന പ്രീമിയർ ലീഗ് കിരീടവും ഇപ്പോഴിതാ ആൻഫീൽഡിലേക്ക്.

Liverpool
ലിവർ‌പൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിനു പുറത്ത് കിരീടവിജയം ആഘോഷിക്കുന്ന ആരാധകർ.

സൂപ്പർ സലാ, മാനെ
മുഹമ്മദ് സലാ, സാദിയോ മാനെ, റോബർട്ടോ ഫിർമിനോ, വിർജിൽ വാൻ ദെയ്ക്, ട്രെന്റ് അലക്സാണ്ടർ അർനോൾഡ‍്, ഗോൾകീപ്പർ അലിസൻ ബെക്കർ തുടങ്ങിയ സൂപ്പർ താരങ്ങളാണു ക്ലോപ്പിന്റെ കരുത്ത്. ഇംഗ്ലണ്ടിലെ മുൻനിര ഫുട്ബോൾ ലീഗ്, ഇംഗ്ലിഷ് പ്രീമിയർ ലീഗായിപേരുമാറിയ ശേഷം ആദ്യമായാണു ലിവർപൂൾ ജേതാക്കളാകുന്നത്. 1990ൽ ലിവർപൂൾ ഫസ്റ്റ് ഡിവിഷൻ ജേതാക്കളാകുമ്പോൾ സ്കോട്‌ലൻഡുകാരൻ കെന്നി ഡാൽഗ്ലിഷായിരുന്നു പരിശീലകൻ.

info-box

English Summary: Liverpool wins English Premier League for the first time in club's history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com