ADVERTISEMENT

ടൂറിൻ ∙ ഗോളിന് ഗോൾ! അസിസ്റ്റിന് അസിസ്റ്റ്! ക്രിസ്റ്റ്യാനോ റൊണാൾഡോ ഉജ്വല ഫോമിലേക്കു മടങ്ങിയെത്തിയപ്പോൾ ഗോൾവർഷത്തോടെ യുവെന്റസ് ഇറ്റാലിയൻ സീരി എ ഫുട്ബോൾ ലീഗ് കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തു. ലെച്ചെയെ 4–0നാണു യുവെ തകർത്തത്. സ്പോട്‌കിക്ക് വലയിലെത്തിച്ച ക്രിസ്റ്റ്യാനോ, പൗളോ ഡിബാലയ്ക്കും ഗൊൺസാലോ ഹിഗ്വയ്നും മനോഹരമായ ഗോളവസരങ്ങൾ ഒരുക്കുകയും ചെയ്തു.

ആദ്യപകുതിയിൽ മിഡ്ഫീൽഡർ റോഡ്രിഗോ ബെന്റാങ്കുറിനെ വീഴ്ത്തി ഫാബിയോ ലൂഷിയോണി മാർച്ചിങ് ഓർഡർ വാങ്ങിയതോടെ 10 പേരായി ചുരുങ്ങിയ ലെച്ചെയ്ക്കെതിരെ മത്തിയാസ് ഡിലൈറ്റ് യുവെയുടെ പട്ടിക പൂർത്തിയാക്കി. തുടരെ 9–ാം കിരീടം ലക്ഷ്യമിടുന്ന യുവെന്റസിന് 28 കളികളിൽ 69 പോയിന്റുണ്ട്. 27 കളികളിൽ 62 പോയിന്റുള്ള ലാസിയോയാണു 2–ാം സ്ഥാനത്ത്.

53–ാം മിനിറ്റിൽ റോണോയുടെ അസിസ്റ്റിൽ ഡിബാലയാണു ഗോളടിക്കു തുടക്കം കുറിച്ചത്. 9 മിനിറ്റിനകം അടുത്ത അവസരം ക്രിസ്റ്റ്യാനോയെ തേടിയെത്തി. തന്നെ ബോക്സിൽ വീഴ്ത്തിയതിന് അനുവദിച്ച പെനൽറ്റി കിക്ക് എടുത്ത താരത്തിനു പിഴച്ചില്ല. പകരക്കാരനായി ഇറങ്ങിയ ഹിഗ്വയ്ന്റേതായിരുന്നു അടുത്ത ഊഴം. 83–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ പിൻകാൽ പാസ് വലയിലെത്തിച്ച ഹിഗ്വയ്ൻ കോവിഡ് ഇടവേളയ്ക്കു ശേഷം തന്റെ ആദ്യ മത്സരത്തിൽത്തന്നെ ലക്ഷ്യം കണ്ടു. 2 മിനിറ്റിനകം യുവെ സെൻട്രൽ ഡിഫൻഡർ ഡിലൈറ്റിന്റെ ഹെഡർ ലെച്ചെയുടെ ദുരിതം പൂർണമാക്കി.

ലൂഷിയോണി ചുവപ്പുകാർഡ് കണ്ടു മടങ്ങിയതോടെ പ്രതിരോധത്തിലായ ലെച്ചെയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താനായില്ല. യുവെ താരങ്ങൾ യഥേഷ്ടം അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെ അവരുടെ പോരാട്ടം പലപ്പോഴും സ്വന്തം പകുതിയിലൊതുങ്ങി. ക്രിസ്റ്റ്യാനോയുടെ ബൈസിക്കിൾ കിക്കും ഹെഡറും ലക്ഷ്യം തെറ്റിയത് പരാജയത്തിന്റെ ഭാരം കുറച്ചു. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലെച്ചെയ്ക്ക് 28 കളികളിൽ 25 പോയിന്റേ ആയിട്ടുള്ളൂ.

സെവിയ്യയ്ക്കു തിരിച്ചടി 

സ്പാനിഷ് ലാ ലിഗയിൽ സെവിയ്യ – റയൽ വയ്യാദോലിദ് പോരാട്ടം 1–1നു പിരിഞ്ഞു. തുടരെ 4–ാം മത്സരത്തിലും സമനിലയിൽ കുരുങ്ങിയ സെവിയ്യയ്ക്കു പോയിന്റ് പട്ടികയിൽ മൂന്നാമതെത്താനുള്ള അവസരം നഷ്ടമായി. 31 കളികളിൽ 55 പോയിന്റ് നേടിയ അത‌്‌ലറ്റിക്കോ മഡ്രിഡാണു 3–ാമത്.

32 കളികളിൽ 54 പോയിന്റാണു സെവിയ്യയുടെ സമ്പാദ്യം. മറ്റൊരു കളിയിൽ റയൽ ബെറ്റിസ് 1–0ന് എസ്പാന്യോളിനെ തോൽപിച്ചു. പിന്നാലെ കോച്ച് അബലാർദോ ഫെർണാണ്ടസിനെ എസ്പാന്യോൾ പുറത്താക്കി. സീസണിൽ ഇതു 3–ാം തവണയാണു കോച്ചിനെ ടീം പുറത്താക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com