ADVERTISEMENT

ഈ കോവിഡ് കാലത്ത് ഇങ്ങനെയൊരു സംഭവം ലോകത്താദ്യമായിരിക്കും! രാവുറങ്ങിയിട്ടും ഉറങ്ങാതെ ആഘോഷിക്കുകയായിരുന്നു ലിവർപൂൾ നഗരം ഒന്നടങ്കം. 3 പതിറ്റാണ്ടിനുശേഷം അവരുടെ ക്ലബ് ഇംഗ്ലിഷ് ഫുട്ബോളിലെ രാജാക്കൻമാരായ നിമിഷം, കോവിഡ് കാലത്തെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറന്നുപോയി. 18 വർഷമായി ഈ നഗരത്തിൽ ജോലി ചെയ്യുന്ന എനിക്ക് ഇതു പുതിയ അനുഭവമാണ്. ഇംഗ്ലണ്ട് ലോക കിരീടം നേടിയാൽപോലും ഒരു പക്ഷേ, ലിവർപൂളുകാർ ഇത്രയും മതിമറക്കില്ല. 

binoy
ബിനോയ് ജോർജ്

ഒരു വർഷം മുൻപു ലിവർപൂൾ യുവേഫ ചാംപ്യൻസ് ലീഗ് ജയിച്ചപ്പോഴും അതിഗംഭീര ആഘോഷമായിരുന്നു. പക്ഷേ, പ്രീമിയർ ലീഗ് കിരീടം അതിനെല്ലാം മുകളിലാണ്. 3 തലമുറകൾ ഒന്നിച്ച് ആഘോഷിക്കുന്ന കാഴ്ച അവിസ്മരണീയമായി.

ഈ വിജയം ഒരുപാടു പേരുടേതാണ്. (മുൻ പരിശീലകരായ) കെന്നി ഡാൽഗ്ലിഷും ഗ്രെയിം സോനെസും എന്നോടു സംസാരിച്ചു. അവരാണ് ഈ ക്ലബ്ബിനെ നിർമിച്ചെടുത്തത്. ബിൽ ഷാൻക്‌ലി, ബോബ് പൈസ്‌ലി, ജോ ഫാഗൻ എന്നു തുടങ്ങി സ്റ്റീവൻ ജെറാർദ് വരെ ഒട്ടേറെപ്പേർ. കഴിഞ്ഞ 20 വർഷത്തെ ക്ലബ്ബിനെ രൂപപ്പെടുത്തിയതു ജെറാർദിന്റെ കാലുകളാണ്. അവരെല്ലാം ചേർന്നു സൃഷ്ടിച്ച സമ്പന്നമായ ആ ചരിത്രത്തെ ഈയൊരു കിരീടത്തിലേക്കു വഴിമാറ്റിയെടുക്കാൻ ഞങ്ങൾക്കു സാധിച്ചു.

പടക്കം പൊട്ടിച്ചും കാർ ഹോൺ മുഴക്കിയും ആൻഫീൽഡിലേക്ക് എത്തിയ ആരാധകർ ഇന്നലെ പുലരുവോളം ആഘോഷം തുടർന്നു.  സിറ്റി കൗൺസിലും മേയറും നൽകിയ നിർദേശങ്ങളെല്ലാം ആ ആവേശത്തിൽ മുങ്ങിപ്പോയി. ജൂലൈ 25ന് ഇനി ഔദ്യോഗിക കിരീടധാരണത്തിനായി ആരാധകർ കാത്തിരിക്കുന്നു; നഗരത്തെ ഒരിക്കൽക്കൂടി ചെങ്കടലാക്കി മാറ്റി ആവേശത്തിരയിൽ ഇളക്കി മറിക്കാൻ... 

(കോട്ടയം കൊല്ലപ്പള്ളി സ്വദേശിയായ ബിനോയ് ലിവർപൂളിൽ നഴ്സ് ആണ്)

English Summary: Liverpool wins English Premier League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com