ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ഉറപ്പിച്ചതിനു പിന്നാലെ പോയിന്റ് റെക്കോർഡ് ലക്ഷ്യമിട്ട ലിവർപൂളിനു തിരിച്ചടി. ആർസനലിനോടു 1–2നു തോറ്റതോടെ, 2017–18ൽ സിറ്റി കുറിച്ച 100 പോയിന്റ് എന്ന ലക്ഷ്യം ലിവർപൂളിനു മറികടക്കാനാവില്ല എന്നുറപ്പായി.

ഇനിയുള്ള 2 കളികളും ജയിച്ചാലും ലിവർപൂൾ 99 പോയിന്റിലേ എത്തുകയുള്ളൂ. ലിവർപൂൾ വീണെങ്കിലും മാഞ്ചസ്റ്റർ സിറ്റി ബോൺമത്തിനെ 2–1നു തോൽപിച്ചു. ചെൽസി നോർവിച്ചിനെ 1–0നും ടോട്ടനം ന്യൂകാസിലിനെ 3–1നും തോൽപിച്ചു. 

ആർസനലിനെതിരെ 20–ാം മിനിറ്റിൽ സാദിയോ മാനെയുടെ ഗോളിൽ ലിവർപൂൾ ലീഡ് നേടിയെങ്കിലും അലക്സാന്ദ്രെ ലകാസെറ്റെ (32’), റെയ്സ് നെൽസൺ (44’) എന്നിവരുടെ ഗോളുകളിൽ ആർസനൽ തിരിച്ചടിച്ചു.

വാൻ ദെയ്ക്കിന്റെ ബാക് പാസ് മുതലെടുത്തായിരുന്നു ലകാസെറ്റെയുടെ ഗോൾ. ആലിസന്റെ ചിപ് ഷോട്ട് പിഴച്ചതു റാഞ്ചി ലകാസെറ്റെ നൽകിയ പന്ത് നെൽസനും ലക്ഷ്യത്തിലെത്തിച്ചു. ക്യാപ്റ്റൻ ഡേവിഡ് സിൽവയുടെ ഫ്രീകിക്ക് ചന്തം ചാർത്തിയ മത്സരത്തിലാണു മാഞ്ചസ്റ്റർ സിറ്റി ബോൺമത്തിനെ 2–1നു തോൽപിച്ചത്. 

യുവെയ്ക്ക് വീണ്ടും സമനിലക്കുരുക്ക് 

മിലാൻ ∙ കിരീടത്തോടടുത്തപ്പോൾ യുവെന്റസ് കിതയ്ക്കാൻ തുടങ്ങി. ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ തുടർച്ചയായ 3–ാം മത്സരത്തിലും യുവെയ്ക്കു ജയമില്ല. ഇന്നലെ സാസ്വോളോയോടു 3–3 സമനില. 2 ഗോളിനു മുന്നിലെത്തിയ ശേഷമാണു യുവെ സമനില വഴങ്ങിയത്. കഴിഞ്ഞയാഴ്ച അറ്റലാന്റയോട് സമനില വഴങ്ങിയ യുവെ അതിനു മുൻപ് എസി മിലാനോടു തോറ്റിരുന്നു. എങ്കിലും യുവെയുടെ കിരീടപ്രതീക്ഷകൾ സജീവമാണ്. 5 കളികൾ ബാക്കി നിൽക്കെ, 2–ാമതുള്ള അറ്റലാന്റയെക്കാൾ 7 പോയിന്റ് മുന്നിലാണവർ. തുടർച്ചയായ 9–ാം ലീഗ് കിരീടമാണു യുവെ ലക്ഷ്യമിടുന്നത്.    

ഡാനിലോ (5’), ഹിഗ്വെയ്ൻ (12’), അലക്സ് സാന്ദ്രോ (64’) എന്നിവരാണു യുവെയുടെ ഗോളുകൾ നേടിയത്. ഫിലിപ് ദുറിസിച്ച് (29’), ഡൊമെൻസിയോ ബെറാർഡി (51’), ഫ്രാൻസെസ്കോ കപൂട്ടോ (54’) എന്നിവരുടെ ഗോളിൽ സാസ്വോളോ തിരിച്ചടിച്ചു. 

5 പകരക്കാർ; അടുത്ത സീസണിലും തുടരും

സൂറിക് ∙ കോവിഡ് സാഹചര്യങ്ങളെത്തുടർന്നു രാജ്യാന്തര, ക്ലബ് ഫുട്ബോളിൽ ഓരോ കളിയിലും 5 സബ്സ്റ്റിറ്റ്യൂഷനുകൾ അനുവദിക്കാനുള്ള തീരുമാനം അടുത്ത സീസണിലും തുടരുമെന്നു രാജ്യാന്തര ഫുട്ബോൾ നിയമങ്ങൾ ക്രോഡീകരിക്കുന്ന ഇന്റർനാഷനൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് അറിയിച്ചു.

പോർച്ചുഗീസ് കിരീടം  പോർട്ടോയ്ക്ക് 

ലിസ്ബൺ ∙ പോർച്ചുഗീസ് ലീഗ് ഫുട്ബോളിൽ 29–ാം തവണയും പോർട്ടോ ജേതാക്കൾ. സ്പോർട്ടിങ് ലിസ്ബണിനെ 2–0നു തോൽപിച്ചതോടെ 2 കളികൾ ബാക്കി നിൽക്കെ പോർട്ടോ കിരീടമുറപ്പിച്ചു. 2–ാം സ്ഥാനത്തുള്ള ബെൻഫിക്കയെക്കാൾ 8 പോയിന്റ് മുന്നിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com