ADVERTISEMENT

ഭാഗ്യം കൂട്ടിനുള്ള പരിശീലകൻ – സ്പാനിഷ് ലാലിഗയിലും യുവേഫ ചാംപ്യൻസ് ലീഗിലുമായി കിരീടങ്ങളേറ്റു വാങ്ങുമ്പോഴും സിനദിൻ സിദാനെന്ന ഫ്രഞ്ച് ഫുട്ബോൾ ജനറൽ പലപ്പോഴും കേൾക്കേണ്ടിവന്ന വിശേഷണം ഇങ്ങനെയാണ്. കോവിഡിന്റെ നിശബ്ദതയിൽ മയങ്ങുന്ന മഡ്രിഡിന്റെയും ബാർസിലോനയുടെയും തെരുവീഥികളിൽനിന്ന് ഇത്തവണയാരും ഇങ്ങനൊരു വിമർശനത്തിന്റെ മുനവച്ച അഭിനന്ദനം സിദാനു സമ്മാനിക്കില്ല. റയൽ മഡ്രിഡിന്റെ കിരീടക്കൂടാരത്തിലേക്കു സ്പെയിനിന്റെ മുപ്പത്തിനാലാം കിരീടം വന്നുകയറുമ്പോൾ അതിനു സിനദിൻ സിദാന്റെ വിലാസമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന തലപ്പൊക്കമില്ലാതെ, പെരസും സംഘവും വീശിയെറിഞ്ഞ പണത്തൂക്കമില്ലാതെ റയൽ കിരീടത്തിലേയ്ക്കു പൊരുതിയെത്തിയപ്പോൾ ആരാധകരും വിമർശകരും ഒരുപോലെ ഓർമിക്കുന്നുണ്ടാകും സീസണിനു മുന്നോടിയായി സിദാൻ പറഞ്ഞ വാക്കുകൾ.

‘വരുന്ന സീസൺ മികച്ചതാകും. എനിക്ക് ഉറപ്പുണ്ട് ’ – പ്രീ സീസണിനു മുന്നോടിയായി പരിശീലകൻ പറഞ്ഞ ആ വാക്കുകൾ അന്ന് ആരാധകർ പോലും അത്ര വിശ്വാസത്തിലെടുത്തിരിക്കില്ല. ന്യൂയോർക്കിലെ ഒരു സന്നാഹ മത്സരത്തിൽ അത്‌ലറ്റിക്കോ മഡ്രിഡിനു ഏഴു ഗോളുകൾ എത്തിക്കാൻ പാകത്തിൽ വല തുറന്നിട്ട, ലക്ഷ്യമില്ലാതെ ഉഴറിയ താരക്കൂട്ടത്തിനു നടുവിൽ നിന്നു സിദാൻ കിരീടവിജയത്തെക്കുറിച്ചു പറയുമ്പോൾ എങ്ങനെ വിശ്വസിക്കാനാണത്? നോ ഫുട്ബോൾ, നോ ഫൈറ്റ്, നോ പ്ലാൻ – റയലിന്റെ വിമർശകർ തെല്ലും അതിശയോക്തിയില്ലാത്തവിധം തുറന്നുകാട്ടിയ പ്രശ്നങ്ങളുടെ കരകാണാക്കടലിൽ നിന്നാണു സിദാൻ തന്റെ രണ്ടാമൂഴം തുടങ്ങിയത്. സിദാൻ ആദ്യം റയലിനു വ്യക്തമായൊരു പദ്ധതി ഒരുക്കി. കിരീടമെന്ന ലക്ഷ്യം മുൻനിർത്തി ടീമിനെ തന്റെ വഴിക്കു ക്ഷണിച്ചു. അതു ഫുട്ബോളിന്റെ കൂടി വഴിയായിരുന്നു. അനായാസം ആയിരുന്നില്ല ആ യാത്രയുടെ തുടക്കം. രണ്ടാമൂഴത്തിലെ ആയുധമായി സിദാൻ കൊതിച്ച പോൾ പോഗ്ബയെന്ന പോരാളി ബെർണബ്യൂവിലേക്ക് എത്തിയതേയില്ല. ബെയ്‌ലിന്റെയും റോഡ്രിഗസിന്റെയും തുടർസാന്നിധ്യങ്ങൾക്കു കോച്ചിന്റെ കണക്കുകൂട്ടലുകൾക്കു പുറത്തായിരുന്നു സ്ഥാനം. റൊണാൾഡോയുടെ പകരമെന്ന മട്ടിൽ ടീമിലെത്തിയ ഏദൻ ഹസാഡ് പ്രതീക്ഷകളുടെ മറുവഴിയെ നീങ്ങുകകൂടി ചെയ്തതോടെ റയലിന്റെ തുടക്കം ഭേദപ്പെട്ട ഒന്നായതുമില്ല. മുൻനിരയിൽ ലൂക്കാ ജോവിച്ചും നിരാശയുടെ മുഖമായതോടെ സിദാൻ ഏറ്റെടുത്ത ദൗത്യത്തിനു കനവും കാഠിന്യവുമേറി.

പുതിയ മുഖങ്ങളുമായി പുതിയൊരു റയൽ എന്ന ലക്ഷ്യം അകന്നതോടെ പഴയ മുഖങ്ങളിൽ പുതിയ ഊർജം നിറച്ചാണു സിദാൻ റയലിനു പുതുജീവൻ നൽകിയത്. പോയ സീസണിൽ 19 പോയിന്റിന്റെ ചിന്തിക്കാനാകാത്തത്ര വ്യത്യാസത്തിൽ ബാർസിലോനയോടു കീഴടങ്ങി തളർന്നുനിന്ന റയൽ സ്ക്വാഡിനെയാണു പറയത്തക്ക മാറ്റങ്ങളൊന്നും ഇല്ലാതെതന്നെ സിദാൻ കിരീടത്തിന്റെ അവകാശികളാക്കിയിരിക്കുന്നത്. മുന്നിലും പിന്നിലുമായി പഴയ രണ്ടു പടക്കുതിരകളെ മുൻനിർത്തി പോരാടാനുള്ള സിദാന്റെ തന്ത്രം പാളിയില്ല. സെർജിയോ റാമോസ് എന്ന സ്പാനിഷ് കാളക്കൂറ്റനെ പഴയ ശൗര്യത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരാനായി എന്നതിൽ തുടങ്ങുന്നു സിദാൻ എന്ന തന്ത്രജ്ഞന്റെ മാജിക്കൽ റയലിസം. ക്ലബ് ഉടമകളോടുള്ള അകൽച്ചയിൽ റയലിന്റെ വെള്ളക്കുപ്പായം വിട്ടു ചൈനയിലേക്കു പോലും പോകാൻ തുനിഞ്ഞ ക്യാപ്റ്റൻ കം വാറിയറെയാണു സിദാൻ പഴയതിലും ഉശിരോടെ സ്പാനിഷ് കളങ്ങളിൽ തിരിച്ചിറക്കിയത്. 

ഫ്രാൻസിന്റെ പരിശീലകർ ഒരു പരിഗണനയും നൽകാത്ത കരിം ബെൻസേമയെന്ന സ്ട്രൈക്കറെ വിശ്വാസത്തിന്റെ ഇരുകൈയും നീട്ടിയാണ് അൾജീരിയ ഫ്രഞ്ച് ഫുട്ബോളിനു സമ്മാനിച്ച ഇതിഹാസം ചേർത്തുപിടിച്ചത്. സിദാൻ അർപ്പിച്ച വിശ്വാസം തെല്ലും തെറ്റിയില്ലെന്നു വിളിച്ചോതുന്നുണ്ട് റയലിന്റെ ഗോളടിയന്ത്രമായി ആക്രമണത്തെ നയിച്ച ബെൻസേമയുടെയും ഗോളടിച്ചും തടുത്തും ടീമിന്റെ ന്യൂക്ലിയസായ റാമോസിന്റെയും സ്റ്റാറ്റസുകൾ. ഇരുവർക്കുമിടയിൽ ടീം ഗെയിമിന്റെ സുന്ദര ഫുട്ബോളാണു സിദാൻ പകുത്തു നൽകിയത്. റൊണാൾഡോയെന്ന ഒറ്റയാനു പകരം ഏതു വഴിക്കും ഫൈനൽ തേഡിൽ റയലിന്റെ പ്രഹരമെത്താവുന്ന സ്ഥിതിയിലേക്കു സാന്റിയാഗോ ബെർണബ്യൂവിന്റെ ചിത്രം പതുക്കെ മാറി. കത്തിക്കയറുന്ന മട്ടിലായിരുന്നില്ല  ആ മാറ്റങ്ങൾ. കളത്തിലെ തീപ്പൊരി സ്വഭാവം കൈവെടിഞ്ഞ സിദാനെന്ന ഗ്രാൻഡ് മാസ്റ്റർ ഒരു ചതുരംഗക്കാരന്റെ ക്ഷമയും ചിന്തയുമായാണു ലാലിഗ പോരാട്ടങ്ങളുടെ പാർശ്വവരയിൽ നിന്നു റയലിന്റെ തിരിച്ചുവരവിനു കരുനീക്കിയത്. ചെറുപ്പവും പരിചയവും നിരതീർത്ത മഡ്രിഡ് ടീമിന്റെ ബഞ്ചിൽ നിന്നു ആനയായും തേരായും കുതിരയായുമെല്ലാം സിദാനു  വേണ്ടതിലേറെ ആയുധങ്ങളെത്തി. അവയെല്ലാം സമർഥമായി പ്രയോഗിക്കാനായി എന്നതാണു ഈ കിരീടത്തെ സിദാന്റെ സ്വന്തം ആവനാഴിയിലേയ്ക്കു ചേർത്തുനിർത്തുന്നത്. പ്രതിഭകളുടെ ആർഭാടംതന്നെ  ഉണ്ടായിട്ടും ബാർസിലോനയുടെ കളത്തിലെ നീക്കങ്ങൾ പ്രവചനാതീതമെന്നു തോന്നിപ്പിക്കാതെ പോയിടത്തു ടാക്ടിക്കൽ മാറ്റങ്ങളുമായി കളം കീഴക്കുകയായിരുന്നു സിദാൻ എന്ന ജീനിയസ്. 4–3–3 ആയും 4–4–2 ആയും 4–2–3–1 ആയും സിദാൻ വരച്ചിട്ട വിന്യാസങ്ങൾ റയലിനെ മുൻപു വെള്ളം കുടിപ്പിച്ചിട്ടുള്ള എവേ വേദികളിൽപ്പോലും എതിർ പരിശീലകരുടെ കണക്കുകൂട്ടലുകളുടെ അടിവേരിളക്കി കളഞ്ഞു.

സ്വന്തം ടീമിന്റെ കഴിവുകേട് തിരിച്ചറിഞ്ഞു ചികിത്സിക്കാനായതാണു സിദാന്റെ കീഴിൽ റയലിനെ വീണ്ടും റയൽ ആക്കിയത്. പതിവിലും ഒത്തിണക്കം കാട്ടുന്ന, കെട്ടുറപ്പും സ്ഥിരതയുമുള്ള പതിനൊന്നംഗ പടയായി ഫ്രഞ്ച് മാസ്റ്റർമൈൻഡിന്റെ രണ്ടാം വരവിൽ റയൽ മഡ്രിഡ്. എതിരാളികളെ കളത്തിൽ യഥേഷ്ടം നീങ്ങാൻ അനുവദിക്കുന്ന അയഞ്ഞ ശൈലിയിലും വന്നു അമ്പരപ്പിച്ച മാറ്റം. എതിർ ടീമുകൾക്കു കളത്തിൽ സ്പേസ് കുറഞ്ഞതോടെ റയലിന്റെ ബോക്സിലേക്കുള്ള നുഴഞ്ഞുകയറ്റവും മുറിഞ്ഞു. ഗോൾ ഭീഷണി വന്നപ്പോഴെല്ലാം എണ്ണയിട്ട യന്ത്രങ്ങളെപ്പോലെ സുരക്ഷയുടെ കോട്ട കെട്ടി റയൽ താരങ്ങൾ. ഗോൾ വഴങ്ങുന്ന ശീലം മാറി ഗോൾ തടയുകയെന്ന ലക്ഷ്യത്തോടെ താരങ്ങൾ കളത്തിൽ കട്ടയ്ക്കു നിരന്നതോടെ സ്കോർ ചെയ്യാൻ കടുപ്പമേറിയ ടീമുകളിലൊന്നാകുകയായിരുന്നു റയൽ. 37 മത്സരങ്ങളിൽ നിന്നായി 23 ഗോളുകൾ മാത്രമാണു റയൽ വഴങ്ങിയത്. പോയ രണ്ടു സീസണുകളിലെ കണക്കുമായി താരതമ്യം ചെയ്താൽ പകുതി മാത്രമേ ആകൂ ഈ ഗോൾ വീഴ്ച. വ്യക്തിഗത മികവിനെക്കാളേറെ കൈയും മെയ്യും ഒരുമിച്ച, തന്ത്രവും അച്ചടക്കവും ചേർന്ന പ്രതിരോധത്തിലാണു സിദാൻ റയലിൽ 'മെയ്ക്ക് ഓവർ' നടത്തിയത്. ബാർസയോട് ഒപ്പത്തിനൊപ്പം നിന്ന പോരാട്ടം ഒരു മത്സരം ബാക്കി നിൽക്കേ കിരീടവഴിയിലെത്തിയതിനു പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നും പ്രതിരോധം തീർത്ത അടിത്തറയാണ്. തുടക്കത്തിലേറെ പഴി കേട്ട തിബോ കോർട്ടോയുടെ മടങ്ങിവരവു കൂടി ചേരുന്നുണ്ട് പ്രതിരോധം തലയെടുപ്പോടെ നിൽക്കുന്ന വിജയയാത്രയിൽ. റാമോസും വരാനും മെൻഡിയും ഒരുക്കിയ പ്രതിരോധം പൊളിച്ചെത്തിയ നീക്കങ്ങൾ പലതും ഗോളിനു മുന്നിൽ ലോക്ഡൗൺ തീർത്ത തിബോയുടെ മുന്നിൽ യാത്ര മതിയാക്കി മടങ്ങുന്നത് ഈ ലാ ലിഗയിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു.

ഗോൾ വേട്ടയിലും ഒത്തൊരുമയുടെ തന്ത്രമാണു സിദാൻ വീശിയ മാന്ത്രികവടി

വിനീഷ്യസും വെൽവർദെയും റോഡ്രിഗോയും പോലുള്ള യുവരക്തങ്ങളിൽ തുടങ്ങി കാസെമിറോയും റാമോസും വരാനും ബെൻസേമയും വരെ നീണ്ട താപ്പാനകൾ വരെ എതിരാളികളുടെ ഗോളിൽ സിദാൻ ദൗത്യത്തിന്റെ മിന്നൽപ്പിണറുകളായി. 21 താരങ്ങളുടെ പേര് പതിച്ച ഗോളുകളുടെ ഇടിമുഴക്കത്തിലാണു റയൽ മഡ്രിഡിന്റെ മുപ്പത്തിനാലാം കിരീടാഘോഷം ലോക ഫുട്ബോൾ ഭൂപടത്തിൽ പ്രകമ്പനം തീർക്കുന്നത്. പകരക്കാരന്റെ റോളിൽ വല്ലപ്പോഴും കളത്തിലെത്താറുള്ള ഡിഫൻഡർ മിലിറ്റാവോയും വിങ്ങർ ബ്രാഹിം ഡിയാസുമൊഴികെയുള്ള ഔട്ട്ഫീൽഡ് താരങ്ങളെല്ലാം ഗോളടിച്ചാണു സിദാന്റെ തന്ത്രത്തിനു മനസ്സ് അർപ്പിച്ചത്. ഒരുപക്ഷേ, ലാലിഗയുടെ ചരിത്രത്തിൽതന്നെ ആദ്യത്തേതാകും ഈ കൂട്ടഗോളടിമേളം. ലയണൽ മെസ്സിയും സ്വാരസും ഗ്രീസ്മെനും റാക്കിടിച്ചും വിദാലുമെല്ലാം ചേർന്ന വമ്പൻ സന്നാഹങ്ങളുണ്ടായിട്ടും ബാർസയ്ക്കു കടന്നുകയറാൻ പറ്റാത്ത പടനിലങ്ങളിലാണു സിദാന്റെ 'ടീം ഗെയിം' ചെന്നു വിജയത്തിന്റെ സ്കോറിങ് നടത്തി ലീഗ് പിടിച്ചെടുത്തത്. മുൻനിര പരാജയപ്പെട്ടിടത്തെല്ലാം റയലിനു വേണ്ടി ഗോളടിക്കാൻ സ്വന്തം ബോക്സിൽ നിന്നും നിരന്തരമെന്നോണം ആളെത്തി. സ്പാനിഷ് ലീഗ് ഫൈനൽ വിസിലിലേക്കു കാതോർത്ത മത്സരങ്ങളിൽ അഞ്ചു വട്ടമാണ് അവരുടെ റോക്ക് സ്റ്റാർ ക്യാപ്റ്റൻ എതിരാളികളുടെ വല കുലുക്കി വിജയം സ്വന്തം ടീമിനൊപ്പം ചേർത്തുനിർത്തിയത്. സ്വന്തം ഗോളിലും എതിർ ഗോളിലുമായി ഇരമ്പിയെത്തിയ ക്യാപ്റ്റൻ റാമോസിന്റെ വീറും വാശിയും ടീമിനൊന്നാകെ സമ്മാനിച്ച ആത്മവിശ്വാസവും ചെറുതൊന്നുമല്ല.

പോയിന്റ് നിലയിലെ ലീഡിന്റെ മികവിൽ കോവിഡിന്റെ ഇടവേളയും പിന്നിട്ടു കിരീടത്തിലേക്കു കണ്ണു നട്ടിറങ്ങിയ ബാർസയ്ക്കു പിഴച്ചപ്പോൾ ഒരു പഴുതിനും അവസരം നൽകാതെ കിരീടമെന്ന സിദാന്റെ ദൗത്യം വിജയത്തിലെത്തിക്കാൻ നെഞ്ചു വിരിച്ചു നിൽക്കുകയായിരുന്നു റാമോസും കൂട്ടരും. വിമർശകർ പോരായ്മയായി പറഞ്ഞ പ്ലാനും ഫുട്ബോളും മാത്രമല്ല, ഫൈറ്റ് കൂടി റയലിന്റെ സിരകളിൽ സിനദിൻ സിദാൻ നിറച്ചുവെന്നതിന് ഇതിലേറെ എന്തു തെളിവ് വേണം? നൂകാംപിലെ താരക്കൂട്ടത്തിനൊപ്പം സ്പാനിഷ് കളങ്ങളുടെ അരികുകളിൽ ഇരുന്നു വെൽവെർദെയ്ക്കും സെറ്റിയനും ചെയ്യാൻ കഴിയാതെപോയത് എന്തൊക്കെയാണോ അതെല്ലാം കിറുകൃത്യതയോടെ റയലിന്റെ പാളയത്തിൽ നടപ്പാക്കാൻ സിദാനു സാധിച്ചതാണു ‘ചരിത്രത്തിലെ ഏറ്റവു ദൈർഘ്യമേറിയ’ ലാലിഗയുടെ കിരീടം നിർണയിച്ചത്. അതേ, ഇതു സിനദിൻ സിദാന്റെ വിജയമാണ്. സിദാന്റെ മാത്രം ജയം. ഭാഗ്യത്തിന്റെ പങ്കും റയലിന്റെ ഈ വിജയത്തിനു പിന്നിലുണ്ടെന്നതിലും സംശയം വേണ്ട. സിദാൻ എന്ന പരിശീലകനെ സാന്റിയാഗോ ബെർണബ്യൂവിലേക്കു തിരിച്ചെത്തിക്കാനായി എന്നതാണ് ആ ഭാഗ്യം.

English Summary:  Zinedine Zidane turns the miracle man for Real Madrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com