ADVERTISEMENT

ലണ്ടൻ ∙ ഗുരു പെപ് ഗ്വാർഡിയോളയെ ശിഷ്യൻ മിക്കൽ ആർട്ടേറ്റ തോൽപിച്ചുകളഞ്ഞു! ഇംഗ്ലണ്ടിലെ എഫ്എ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ പെപ്പിന്റെ മാഞ്ചസ്റ്റർ സിറ്റിയെ മൈക്കൽ ആർട്ടേറ്റയുടെ ആർസനൽ 2–0നു വീഴ്ത്തി. കഴിഞ്ഞയാഴ്ച ലീഗ് ചാംപ്യന്മാരായ ലിവർപൂളിനോടു മികച്ച വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റിക്ക് ഇതിലും വലിയൊരു അടി കിട്ടാനില്ല; അതും ഗ്വാർഡിയോളയുടെ പാഠപുസ്തകത്തിലെ തന്ത്രങ്ങൾ കടമെടുത്ത് ആർട്ടേറ്റ ഒരുക്കിയ കളിയിൽ! മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെത്തുന്ന ചെൽസിയുമായാണ് ആർസനലിന്റെ കലാശപ്പോരാട്ടം.

കളിയുടെ ഇരുപകുതികളിലുമായി ഗാബോൺ താരം പിയറി എമിറിക് ഔബമെയാങ്ങാണ് പീരങ്കിപ്പടയ്ക്കായി രണ്ടുഗോളും നേടിയത്. 19–ാം മിനിറ്റിൽ ഗ്വാർഡിയോള സ്പെഷൽ പാസിങ് ഗെയിമിനെ അനുസ്മരിപ്പിച്ച് ആർസനലിന്റെ പകുതിയിൽ നിന്നാരംഭിച്ച നീക്കം. 18 പാസുകൾക്കൊടുവിൽ നിക്കോളാസ് പെപെയുടെ ക്രോസ് ഔബമെയാങ് ഗോളിലേക്കു പ്ലേസ് ചെയ്തു. ന്യൂവെംബ്ലി സ്റ്റേഡിയത്തിലെ 90,000 കസേരകളിൽ കാണികളുണ്ടായിരുന്നെങ്കിൽ ആ നിമിഷമൊരു ഭൂമികുലുക്കും ഉറപ്പായിരുന്നു!

കളിയുടെ ആദ്യ 10 മിനിറ്റുകളിൽ 83% പന്തവകാശവും കൈക്കലാക്കി വച്ച സിറ്റിയെയാണ് ഒരേയൊരു നീക്കത്തിൽ ആർസനൽ തകർത്തത്. ആദ്യഗോളിന്റെ ഷോക്കിൽനിന്നുണർന്ന് രണ്ടാം പകുതിയിൽ സമ്മർദവുമായി എത്തിയ സിറ്റിക്കെതിരെ 71–ാം മിനിറ്റിൽ ഔബമെയാങ്ങിന്റെ രണ്ടാം ഗോൾ. സിറ്റി ഗോളി എഡേഴ്സൺ വെറും കാഴ്ചക്കാരൻ! നിലവിലെ ചാംപ്യന്മാരുടെ തോൽവി പൂർണം (2–0).

ആർസനൽ ലക്ഷ്യമിടുന്നത് 14–ാം എഫ്എ കപ്പ് കിരീടം; ഗണ്ണേഴ്സ് പരിശീലകനായി മിക്കൽ ആർട്ടേറ്റയുടെ ആദ്യകിരീടവും. മുൻ സ്പാനിഷ് – ആർസനൽ താരവും പ്ലേമേക്കറുമായിരുന്ന ആർട്ടേറ്റ (37) മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ സഹപരിശീലകനായിരുന്നു.

English Summary: Arsenal FC Defeats Manchester City to Enter FA Cup Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com