ADVERTISEMENT

ലിസ്ബൺ ∙ ഒറ്റ ഗർജനം മതി സിംഹത്തിനു കാടൊന്നാകെ നിശ്ശബ്ദമാക്കാൻ; ഒറ്റ ഗോൾ മതി ബയൺ മ്യൂണിക്കിനു യൂറോപ്യൻ ഫുട്ബോളിന്റെ സിംഹാസനത്തിലേറാൻ! യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ 1–0ന് കീഴടക്കി ബയൺ മ്യൂണിക് ചാംപ്യൻമാർ. ജർമൻ ക്ലബ്ബിന്റെ ആറാം യൂറോപ്യൻ കിരീടം‌– കണക്കിൽ ഇംഗ്ലിഷ് ക്ലബ് ലിവർപൂളിനൊപ്പം. ഇറ്റാലിയൻ ക്ലബ് എസി മിലാനും (7) സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനും (13) മാത്രം പിന്നിൽ. 59–ാം മിനിറ്റിൽ ഫ്രഞ്ച് താരം കിങ്സ്‌ലെ കോമാനാണ് ബയണിന്റെ വിജയഗോൾ നേടിയത്. ഗോൾകീപ്പർ മാനുവൽ നോയറുടെ ഉജ്വല സേവുകൾ ബയണിന്റെ വിജയത്തിൽ നിർണായകമായി.

നെയ്മറല്ല, നോയർ!

ക്വാർട്ടറിൽ ബാർസയ്ക്കെതിരെ കണ്ട പോലെ ഇരമ്പുന്നതായിരുന്നില്ല ബയണിന്റെ കളിയെങ്കിലും സഹജമായ ജർമൻ ഗുണം അവർക്കുണ്ടായിരുന്നു– കണിശമായ അച്ചടക്കം! 18–ാം മിനിറ്റിൽ ബയൺ പ്രതിരോധത്തിൽ കിട്ടിയ പഴുത് മുതലെടുത്ത് ഇടതുവിങ്ങിലൂടെ ഓടിക്കയറി നെയ്മർ തൊടുത്ത ഷോട്ട് കയ്യും കാലും വിരിച്ചു നിന്ന ഗോൾകീപ്പർ മാനുവൽ നോയർ രക്ഷപ്പെടുത്തി. 45–ാം മിനിറ്റിൽ എംബപെയുടെ തൊട്ടു മുന്നിൽ നിന്നുള്ള ഷോട്ടും നോയറുടെ കാലിൽ തട്ടിത്തെറിച്ചു. 31–ാം മിനിറ്റിൽ ലെവൻഡോവ്സ്കിയുടെ ഒരു പോയിന്റ് ബ്ലാങ്ക് ഷോട്ട് രക്ഷപ്പെടുത്തി ഗോൾകീപ്പർ കെയ്‌ലർ നവാസ് പിഎസ്ജിയുടെയും രക്ഷകനായി.

കേമൻ, കോമാൻ !

നെയ്മറും എംബപെയും ലെവൻഡോവ്സ്കിയും മുള്ളറുമെല്ലാം ഇരുഭാഗത്തും വാതിലിൽ മുട്ടി നിന്നപ്പോൾ 59–ാം മിനിറ്റിൽ കിങ്സ്‌ലി കോമാൻ അതു തള്ളിത്തുറന്നു. വലതുപാർശ്വത്തിൽ നിന്നുള്ള കിമ്മിച്ചിന്റെ ക്രോസ് സെക്കൻഡ് പോസ്റ്റിലേക്കു വന്നപ്പോൾ കോമാൻ കൃത്യസ്ഥലത്തുണ്ടായിരുന്നു. പിഎസ്ജി ഡിഫൻഡർ തിലോ കെററെ മറികടന്ന് ഗോൾകീപ്പർ നവാസിന് ഒരവസരവും നൽകാത്ത കൂൾ ഹെഡർ. ഗോൾ വഴങ്ങിയത് പിഎസ്ജിയുടെ വാശി കൂട്ടുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറിച്ചാണ്. ബയൺ താളത്തിലായതോടെ സമനിലഗോൾ എന്നതിനു പകരം രണ്ടാമതൊരു ഗോൾ വഴങ്ങാതിരിക്കുക എന്നതിലായി പിഎസ്ജിയുടെ ശ്രദ്ധ. 

കോമാനോടൊന്നും തോന്നല്ലേ..

ഇവാൻ പെരിസിച്ചിനു പകരം ആദ്യ ഇലവനിൽ കിങ്സ്‌ലെ കോമാൻ ഇറങ്ങട്ടെ– ബയൺ മ്യൂണിക്ക് പരിശീലകൻ ഹാൻസ് ഫ്ലിക്കിന്റെ ആ സർജിക്കൽ സ്ട്രൈക്ക് ഫലിച്ചു. ഫ്രഞ്ചുകാരനായ കോമാൻ ജർമൻ ക്ലബ്ബിനു സമ്മാനിച്ചത് 2013നു ശേഷം ആദ്യ യൂറോപ്യൻ കിരീടം. പരുക്കു മൂലം മനസ്സു മടുത്ത് 22–ാം വയസ്സിൽ കളി തന്നെ നിർത്താനൊരുങ്ങിയ കോമാൻ 24–ാം വയസ്സിൽ ചാംപ്യൻസ് ലീഗ് വിജയിയായിരിക്കുന്നു. പരുക്കു മൂലം ഫ്രാൻസ് ജേതാക്കളായ 2018 ലോകകപ്പിലും കോമാന് കളിക്കാനായിരുന്നില്ല.

കോമാന്റെ ഗോൾ ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ നിന്നുള്ള ക്ലബ്ബായ പിഎസ്ജിക്ക് ഒരു ‘നഷ്ടബോധം’ കൂടിയാണ്. പാരിസിൽ ജനിച്ച കോമാൻ പിഎസ്ജി അക്കാദമിയിലൂടെയാണ് വളർന്നത്. പിഎസ്ജിക്കു വേണ്ടി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇപ്പോഴും കോമാന്റെ പേരിലാണ്. 2012–13ൽ പിഎസ്ജിക്കൊപ്പം ലീഗ് വൺ നേടി തുടക്കം. 2015ൽ വായ്പക്കരാറിൽ ബയണിലെത്തി. 2017ൽ ക്ലബ്ബുമായി 6 വർഷ കരാർ. പരുക്കു മൂലം ടീമിന് അകത്തും പുറത്തുമായിരുന്നു കോമാൻ. എന്നാൽ നിർണായക മത്സരത്തിൽ കോമാൻ പുറത്തിറങ്ങി– ക്ലബ്ബിനെ വിജയകിരീടം ചൂടിക്കാൻ! 

∙ കമന്റ് 

‘‘വലിയ മത്സരങ്ങളിൽ എന്റെ ഹൃദയം വേഗത്തിലോടുന്നു. പാരിസിൽ ആയിരുന്നപ്പോൾ കളിക്കു പുറത്തു കൂട്ടുകാരും മറ്റു കാര്യങ്ങളുമുണ്ടായിരുന്നു. മ്യൂണിക്കിൽ അകത്തും പുറത്തും ഫുട്ബോൾ മാത്രം. അതാണ് എന്റെ ജോലി. എന്റെ സന്തോഷം.’’

– കിങ്സ്‌ലെ കോമാൻ 

English Summary: UEFA Champions League final: Bayern Munich beats Paris St-Germain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com