ADVERTISEMENT

അസുൻസ്യോൻ (പാരഗ്വായ്) ∙ വ്യാജ പാസ്പോർട്ട് കേസിൽ പാരഗ്വായിൽ അറസ്റ്റിലായ ബ്രസീൽ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയ്ക്ക് അഞ്ച് മാസത്തോളം നീണ്ട ജയിൽവാസത്തിനൊടുവിൽ മോചനം. കോവിഡ് വ്യാപനം ശക്തമാകും മുൻപ് മാർച്ച് മാസം ആദ്യമാണ് വ്യാജ പാസ്പോർട്ടുമായി റൊണാൾഡിഞ്ഞോയും സഹോദരൻ റോബർട്ടോയും അയൽരാജ്യമായ പാരഗ്വായിൽ പൊലീസിന്റെ പിടിയിലായത്. അന്നുമുതൽ ജയിൽവാസത്തിലായിരുന്നു ഇരുവരും. ഇതിനിടെ കോവിഡ് വ്യാപിച്ചതോടെ ഏപ്രിലിൽ വിചാരണ പൂർത്തിയാകും വരെ ഇരുവരുടെയും ജയിൽവാസം വീട്ടുതടങ്കലാക്കി കോടതി ഇളവു ചെയ്തു; ഹോട്ടലിലേക്കു മാറ്റുകയും ചെയ്തു. 12 കോടിയോളം രൂപയാണ് ഇതിനായി ജാമ്യത്തുക നൽകിയത്.

വീട്ടുതടങ്കലിൽനിന്നും റൊണാൾഡീഞ്ഞോയെയും സഹോദരനെയും മോചിപ്പിക്കാൻ കഴിഞ്ഞ ദിവസം പാരഗ്വായ് കോടതി ഉത്തരവിട്ടതോടെയാണ് താരത്തിന് ബ്രസീലിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. ഇരുവര്‍ക്കും മേല്‍ ചാർത്തപ്പെട്ട കുറ്റങ്ങൾ ഉപാധികളോടെ നീക്കിയ കോടതി, ചെലവിനത്തിൽ 90,000 ഡോളർ കെട്ടിവയ്ക്കാൻ നിർദ്ദേശിച്ചു. ഈ പണം കാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. റൊണാൾഡീഞ്ഞോ ഇന്നുതന്നെ ബ്രസീലിലേക്ക് മടങ്ങുമെന്നാണ് വിവരം. ഇതിനായി സ്വകാര്യ വിമാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ronaldinho-2

ഈ വർഷം മാർച്ചിൽ പാരഗ്വായ് തലസ്ഥാനമായ അസുൻസ്യോനിലെ ഒരു കസിനോ ഉടമസ്ഥന്റെ ക്ഷണപ്രകാരം ഇവിടെയെത്തിയ റൊണാൾഡിഞ്ഞോയെ താമസിക്കുന്ന ഹോട്ടലിൽനിന്നാണ് അറസ്റ്റ് ചെയ്തത്. യാത്രാരേഖകൾ ആവശ്യപ്പെട്ടപ്പോൾ പാരഗ്വായ് പൗരത്വം തെളിയിക്കുന്ന പാസ്പോർട്ട് നൽകിയെന്നും ഇതു വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. സാവോ പോളോ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബ്രസീലിയൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ആരംഭിച്ച ഇരുവരും അസുൻസ്യോനിൽ വിമാനമിറങ്ങിയപ്പോൾ മുതൽ പാരഗ്വായ് പാസ്പോർട്ട് ആണ് ഉപയോഗിച്ചിരുന്നത്.

ronaldinho-3

കുട്ടികൾക്കു വേണ്ടി ഒരു സോക്കർ ക്ലിനിക്ക്, പുസ്തകപ്രകാശനം തുടങ്ങിയ പ്രചാരണ പരിപാടികൾക്കു വേണ്ടിയാണ് റൊണാൾ‍ഡിഞ്ഞോ പാരഗ്വായിൽ എത്തിയത്. വിമാനത്താവളത്തിൽ ഗംഭീര വരവേൽപും താരത്തിനു ലഭിച്ചിരുന്നു.

ronaldinho-1

2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു റൊണാൾഡീഞ്ഞോ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബലോൻ ദ് ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. 2002 ലോകകപ്പിൽ ഇംഗ്ലണ്ട് ഗോളി ഡേവിഡ് സീമാനെ കബളിപ്പിച്ച് നേടിയ ‘കരിയില കിക്ക്’ ഗോളോടെയാണ് റൊണാൾഡിഞ്ഞോ ആരാധകഹൃദയങ്ങളി‍ൽ അതിവേഗം ഇടംപിടിച്ചത്. 2018ലാണ് സജീവ ഫുട്ബോളിൽനിന്നു വിരമിച്ചത്.

English Summary: Footballer Ronaldinho walks free after five month-long detention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com