ADVERTISEMENT

ണ്ടു പതിറ്റാണ്ടു മുൻപൊരു നാപ്‌കിൻ പേപ്പറിൽ എഴുതിയ ലയണൽ മെസ്സിയുടെ ബാർസിലോന കരാർ ആ ബ്യൂറോഫാക്സിൽ അവസാനിക്കുമോ? ഉത്തരം ലഭിക്കാൻ കോടതിയിലെ പോരാട്ടം തീരുംവരെ കാത്തിരിക്കേണ്ടിവരും. ഏകപക്ഷീയമായി ക്ലബ് വിടുന്നതു സംബന്ധിച്ചു താരത്തിന്റെ കരാറിലെ പ്രത്യേക വ്യവസ്ഥയിൽ മെസ്സിയും ബാർസയും നേരിട്ട് ഏറ്റുമുട്ടുകയാണ്. കാറ്റലൻ ടീം വിടാനുള്ള തീരുമാനത്തിൽ നിന്ന് ഇനി പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അർജന്റീനയുടെ സൂപ്പർ താരം. ബാർസിലോനയാകട്ടെ ടീമിന്റെ നായകനെ പോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലും.

ക്ലബ് ഇതിഹാസം ലയണൽ മെസ്സിക്കു വേണ്ടി ആരാധകരും തെരുവിൽ ഇറങ്ങിയതോടെ ക്ലബ് ഫുട്ബോളിലെ എക്കാലത്തെയും വലിയ കൂടുമാറ്റ നീക്കങ്ങളാണു സ്പാനിഷ് ഫുട്ബോളിനെ കാത്തിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും തുടങ്ങി യുണൈറ്റഡും ഇന്റർ മിലാനും വരെ നീളുന്ന എതിരാളികളും പ്രതീക്ഷയോടെ മെസ്സിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ലോകമൊട്ടാകെയുള്ള ‘കൂൾ’ ആരാധകർ ഒരുമിച്ച് ഇറങ്ങിയാലും ഈ കളിയിൽ മെസ്സിയും ബാർസ അധികൃതരും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാകും ഫലം തീരുമാനിക്കുക. കോടതിയിൽനിന്നു കോടതിയിലേക്കു നീളുന്നതാകും ശതകോടികളുടെ വിലയുള്ള ആ പോരാട്ടം.

∙ എന്താണ് ആ വ്യവസ്ഥ?

2017ൽ മെസ്സിയുടെ കരാർ പുതുക്കിയ സമയത്തു താരത്തിന് അനുകൂലമായി ബാർസ ഒരു പ്രത്യേക വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയിരുന്നു. അതനുസരിച്ച് ഒരു സീസണിനൊടുവിൽ ക്ലബ്ബുമായുള്ള ബന്ധം ഏകപക്ഷീയമായി വിച്ഛേദിക്കാൻ ലയണൽ മെസ്സിക്ക് അവകാശം ലഭിച്ചു. കരാറിലെ ഈ വ്യവസ്ഥ വ്യക്തമാക്കി ഉടൻ ടീം വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് മെസ്സി ബ്യൂറോഫാക്സിലൂടെ ബാർസയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രസീൽ താരം നെയ്മറിനെ ബൈഔട്ട് വ്യവസ്ഥ മുതലെടുത്തു ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജർമെയ്ൻ റാഞ്ചിയതിന്റെ പശ്ചാത്തലത്തിൽ മെസ്സിയുടെ മൂല്യം 70 കോടി യൂറോയായി (ഏകദേശം 6150 കോടി രൂപ) ബാർസ ഉയർത്തിയിരുന്നു.

1200LionelMessi

അതായതു കരാർ തീരുംമുൻപേ ബൈഔട്ട് ക്ലോസിലൂടെ മെസ്സിയെ ഏതെങ്കിലും ക്ലബിനു സ്വന്തമാക്കണമെങ്കിൽ ഈ വമ്പൻ തുക ബാർസയ്ക്കു നൽകണം. ഈ സാഹചര്യത്തിലാണു താരത്തിന് അനുകൂലമായൊരു കരാർ ഒഴിവാക്കൽ വ്യവസ്ഥ പുതിയ കരാറെഴുതിയ സമയത്തു ബാർസ ചേർത്തത്. സ്വന്തം പ്രകടനത്തിന്റെയും ഉയർന്ന നിലവാരത്തിലുള്ള ശാരീരിക ക്ഷമതയുടെയും അടിസ്ഥാനത്തിൽ ടീമിൽ തുടരുന്ന കാര്യം താരത്തിനു സ്വയം തീരുമാനിക്കാവുന്ന നിലയ്ക്കാണ് ഓരോ സീസണിനു ശേഷവും ടീം വിടാനുള്ള വ്യവസ്ഥ അനുവദിച്ചത്.

പ്രകടനത്തിലോ ഫിറ്റ്നസിലോ നിറംമങ്ങിയൊരു താരത്തിനായി വൻ‍തുകയ്ക്കുള്ള ബൈഔട്ട് വാങ്ങൽ ഒരു ക്ലബും നടത്തില്ലെന്ന സ്ഥിതി ഒഴിവാക്കാനുംകൂടി ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥ തയാറാക്കിയത്. നീണ്ട കരാറിന്റെ പേരിൽ താരം ടീമിനു ബാധ്യതയായി മാറരുതെന്ന മറുവശം കൂടി ഈ വ്യവസ്ഥയ്ക്കുണ്ടെന്നു ചുരുക്കം. 2021 വരെയാണ് ബാർസിലോനയുമായി മെസ്സിയുടെ നിലവിലെ കരാർ. ഇതു പുതുക്കുന്നതിനുള്ള ശ്രമങ്ങൾ ഈ വർഷം ആരംഭിച്ചെങ്കിലും താരം തീരുമാനമെടുക്കാൻ തയാറായിരുന്നില്ല. ആ അനിശ്ചിതത്വത്തിടയിലാണു ടീം വിടണമെന്ന ആവശ്യവുമായി മെസ്സി ബാർസിലോന ക്ലബിനു മേൽ ‘ബോംബ്’ വർഷിച്ചത്.

∙ തർക്കം എന്തിന്?

സ്വന്തം ഇഷ്ടപ്രകാരം ക്ലബുമായുള്ള കരാർ അവസാനിപ്പിക്കാനുള്ള വ്യവസ്ഥ ലയണൽ മെസ്സിയുടെ കരാറിലുണ്ടെന്ന കാര്യം ബാർസ അധികൃതർതന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ ഈ വ്യവസ്ഥ പ്രയോജനപ്പെടുത്താനുള്ള സമയപരിധി സംബന്ധിച്ചാണു ടീമും താരവും തമ്മിലുള്ള തർക്കം. 2019–20 ഫുട്ബോൾ സീസൺ അവസാനിക്കുന്ന മേയ് 31 വരെ മാത്രമേ ഇതിനുള്ള അവസരമുള്ളൂവെന്നാണ് ബാർസ മാനേജ്മെന്റിന്റെ പക്ഷം. എന്നാൽ ആ വാദം തെറ്റെന്നാണു ലയണൽ മെസ്സിയുടെ നിയമകാര്യ പ്രതിനിധികൾ പറയുന്നത്.

Soccer Football - Champions League - Quarter Final - FC Barcelona v Bayern Munich - Estadio da Luz, Lisbon, Portugal - August 14, 2020  Barcelona's Lionel Messi looks dejected, as play resumes behind closed doors following the outbreak of the coronavirus disease (COVID-19)  Manu Fernandez/Pool via REUTERS
Soccer Football - Champions League - Quarter Final - FC Barcelona v Bayern Munich - Estadio da Luz, Lisbon, Portugal - August 14, 2020 Barcelona's Lionel Messi looks dejected, as play resumes behind closed doors following the outbreak of the coronavirus disease (COVID-19) Manu Fernandez/Pool via REUTERS

യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലോടെയാണു സാധാരണ യൂറോപ്പിലെ ക്ലബ് ഫുട്ബോൾ സീസൺ സമാപിക്കുക. ഇത്തവണ മേയ് 30നു ഇസ്താംബുളിലാണു യൂറോപ്യൻ ലീഗിന്റെ ഫൈനൽ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ഫുട്ബോൾ ലീഗുകൾ നീണ്ടുപോയതോടെ ആ ഷെഡ്യൂളിൽ മാറ്റം വന്നു. ഇസ്താംബുളിനു പകരം ലിസ്ബണിൽ ഓഗസ്റ്റ് 23നു മാത്രമാണു ചാംപ്യൻസ് ലീഗ് പൂർത്തിയായത്. അതിനാൽ യൂറോപ്പിലെ ഫുട്ബോൾ സീസണിന്റെ അവസാനവും ഇതേ ദിവസമാണെന്നാണു മെസ്സിപക്ഷം വ്യക്തമാക്കുന്നത്.

ബാർസ പറയുന്ന മേയ് 31 എന്ന ഡെഡ്‌ലൈൻ ചാംപ്യൻസ് ലീഗിന്റെ പഴയ ഷെഡ്യൂൾ അടിസ്ഥാനമാക്കിയാണെന്നും കോവിഡ് സാഹചര്യത്തിൽ അതിനു സാധുതയില്ലെന്നുമാണ് മെസ്സിക്കു വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിന്റെ വാദം. യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിനു 3 ദിവസം മുൻപായി ഓഗസ്റ്റ് 20നു മെസ്സി ബ്യൂറോഫാക്സ് അയച്ചെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. എന്നാൽ ഓഗസ്റ്റ് 25 നു മെസ്സി ടീം വിടുമെന്ന വാർത്ത പുറത്തായതോടെയാണ് ബാർസയുടെ തലപ്പത്തുള്ളവർ അടിയന്തര യോഗം ചേർന്നതും മേയ് 31 വരെ ആയിരുന്നു ക്ലബ് മാറ്റത്തിനുള്ള അവസരമെന്നു വ്യക്തമാക്കിയതും.

FBL-ESP-LIGA-MALLORCA-BARCELONA

മെസ്സി ക്ലബിന് അയച്ച ബ്യൂറോഫാക്സ് ആകും ഈ പോരാട്ടത്തിൽ നിർണായകമാകുക. അതീവപ്രാധാന്യമുള്ള രേഖകൾ ‘തെളിവുകൾ’ സഹിതം കൈമാറുന്നതിനായുള്ള, സ്പെയിനിലെ തപാൽ വിഭാഗമായ കൊറിയോസിന്റെ പ്രത്യേക സേവനമാണ് ബ്യൂറോഫാക്സ്. ഒരു നിശ്ചിത രീതിയിൽ അല്ലെങ്കിൽ സമയത്തു സ്വീകർത്താവിനു രേഖകൾ ലഭിച്ചുവെന്നും അതിലെ ഉള്ളടക്കമെന്തെന്നും അയയ്ക്കുന്ന ആൾക്കു നിയമപരമായി തെളിയിക്കാൻ സാധിക്കുന്ന ഒന്നാണ് ബ്യൂറോഫാക്സ്. രേഖകൾ കൈമാറിയതിന്റെ തെളിവായി അയച്ച വ്യക്തിയുടെ കൈവശമുള്ള ഡെലിവറി രസീത് കോടതി പരിഗണിക്കും. ലയണൽ മെസ്സി അയച്ച ബ്യൂറോഫാക്സിലെ തീയതി ഈ നിയമപോരാട്ടത്തിൽ നിർണായകമാകുമെന്നു വ്യക്തം.

∙ ഇനിയെന്ത്, എവിടേയ്ക്ക് ?

ഇരുപക്ഷവും ഈ വാദത്തിൽ ഉറച്ചുനിന്നാൽ കോടതിയുടെ ഇടപെടലിലൂടെയാകും പുതിയ സീസണിൽ മെസ്സി എവിടെയാകുമെന്ന ഉത്തരം വന്നെത്തുക. ബാർസിലോനയു‌മായി മെസ്സി ഒപ്പുവച്ച കരാറിൽ സീസണിനു ശേഷം എന്നു മാത്രമാണോ അതോ മേയ് 31 എന്ന തീയതിയാണോ സൂചിപ്പിട്ടുള്ളത് എന്നതിനുസരിച്ചാകും തീരുമാനം. തീയതി പരാമർശിച്ചിട്ടുണ്ടെങ്കിൽ ബാർസയ്ക്ക് അനുകൂലമാകും കാര്യങ്ങളെന്ന് ഉറപ്പാണ്. സീസൺ അവസാനം എന്നതു മാത്രമാണെങ്കിൽ കോവിഡ് സാഹചര്യം കണക്കിലെടുത്തു മെസ്സിക്കു നിയമസഹായം തേടാം. അങ്ങനെ വന്നാൽ ബാർസിലോനയിലെ മെസ്സിക്കാലം പൂർണമായെന്നു പറയേണ്ടിവരും.

2021 വരെ ബാർസയിൽ തുടരണമെന്ന കരാറിൽ നിന്നു വിമുക്തനാകുന്നതോടെ വൻതുകയ്ക്കുള്ള ബൈഔട്ട് വ്യവസ്ഥയും ഇല്ലാതാകും. അർജന്റീന നായകനു ഫ്രീ ഏജന്റ് എന്ന നിലയ്ക്കു പുതിയ ക്ലബ് തേടാൻ അവസരമൊരുങ്ങും. 70 കോടി യൂറോയെന്ന മോഹവില നൽകാതെതന്നെ മാഞ്ചസ്റ്ററിലെയും മിലാനിലെയും പാരിസിലെയും ലണ്ടനിലെയും ക്ലബുകൾക്കു ലയണൽ മെസ്സിയെ സ്വന്തമാക്കാനുള്ള സ്വപ്നശ്രമം തുടങ്ങാം അല്ലെങ്കിൽ തുടരാം. ഏതായാലും ഒരു കാര്യം ഉറപ്പ്– എത്രതന്നെ ക്ലബുകൾ താരത്തിനു വേണ്ടി മത്സരിച്ചാലും തന്റെ അടുത്ത ക്ലബ് ഏതെന്നു തീരുമാനിക്കുക ലയണൽ മെസ്സി ആകും. ഏതു ക്ലബ് ആകും മെസ്സിയെ വാങ്ങുക എന്നതല്ല, ഏതു ക്ലബിനെയാകും മെസ്സി തിരഞ്ഞെടുക്കുക എന്നതാണ് ഈ മത്സരത്തിന്റെ ഹൈലൈറ്റ്.

FBL-ESP-LIGA-BARCELONA-ATLETICO

കരാറിലെ ’തീയതി തിയറി’ മെസ്സിക്ക് അനുകൂലമായില്ലെങ്കിലും കാറ്റലൻ ടീമിൽ താരം തുടരുന്ന കാര്യം സംശയമാണ്. ഇനി പിന്നോട്ടില്ലെന്നു താരം പറഞ്ഞതിൽതന്നെ അതു വ്യക്തമാണ്. ബാർസിലോന ഇതിഹാസം രണ്ടും കൽപ്പിച്ചാണ് ഈ കളിക്ക് ഇറങ്ങിയിട്ടുള്ളത്. സഹതാരം ലൂയിസ് സ്വാരസിന്റെയും ടീമിലെ എക്കാലത്തെയും ഹീറോകളിലൊരാളായ മുൻ നായകൻ കാർലോസ് പുയോളിന്റെയും പ്രതികരണങ്ങൾ നൽകുന്ന സൂചനയും ഇതുതന്നെ. ഒരു വർഷം മാത്രം ബാക്കിയുള്ള മെസ്സി ഇനിയൊരു കരാർ പുതുക്കലിനു തയാറാകില്ല. ബാർസ ബോർഡും ഇതു തിരിച്ചറിയുന്ന സാഹചര്യത്തിൽ പരസ്പര സഹകരണത്തോടെയൊരു വിടവാങ്ങലും തള്ളിക്കളയാനാകില്ല.

അങ്ങനെ വന്നാൽ 70 കോടി യൂറോയുടെ ബൈഔട്ട് ക്ലോസിന്റെ ‘പണത്തൂക്കം’ കുറയ്ക്കാൻ ബാർസിലോന തയാറാകും. യൂറോപ്പിലെ ഏതെങ്കിലും മുൻനിര ക്ലബിനു സാധ്യമായ സംഖ്യയിലേയ്ക്കു മെസ്സിയുടെ വില താഴും. എന്നാലും റെക്കോർഡ് എന്നുപറയാവുന്നൊരു നിലയ്ക്കാകും താരത്തിന്റെ കൂടുമാറ്റം. ബാർസയ്ക്ക് അതിലൂടെ ഭാവിയിലേക്ക് നോക്കിയൊരു ടീം അഴിച്ചുപണി നടത്താം. മാഞ്ചസ്റ്റർ സിറ്റി അല്ലെങ്കിൽ പിഎസ്‌ജി എന്ന സാധ്യതകൾക്കാണു കനമേറെയും. ഇരുവരും പണമെറിയാൻ മടി ഇല്ലാത്ത ക്ലബുകൾ. മാഞ്ചസ്റ്ററിൽ പെപ് ഗ്വാർഡിയോളയും പാരിസിൽ നെയ്‌മർ ജൂനിയറും മെസ്സിയുടെ ഇഷ്ടക്കാരായുണ്ട്.

messi

ലയണൽ മെസ്സിക്കു പരിചിതമായ ശൈലിയിലാണ് പെപ്പിന്റെ ടീമെന്നതിനാൽ മാഞ്ചസ്റ്ററിലെ ഇളംനീലയാകും അർജന്റീന താരത്തിന്റെ മനസിൽ. മെസ്സിയിൽ േകന്ദ്രീകരിച്ചു വീണ്ടും ടീമൊരുക്കാനാണു പെപ്പ് തയാറെടുക്കുന്നതെന്നാണു റിപ്പോർട്ടുകൾ. ആദ്യം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ്, ശേഷം ന്യൂയോർക്ക് സിറ്റിക്കൊപ്പം മേജർ സോക്കർ ലീഗ് – ഇത്തരമൊരു ഓഫറാകും സിറ്റി ഗ്രൂപ്പ് ലിയോ മെസ്സിക്കു മുന്നിലേയ്ക്കു വയ്ക്കുക.

ഇന്ത്യൻ ഫുട്ബോൾ കൂടി ആഗ്രഹിക്കുന്നുണ്ടാകും ഈ ഒത്തുചേരൽ. മുംബൈ സിറ്റി കൂടി ചേരുന്നൊരു പ്രീ സീസൺ ടൂർണമെന്റിനായി ഇതിഹാസ താരം മുംബൈയിലെത്തി പന്ത് തട്ടിയാലോ? തള്ളിക്കളയേണ്ട, സിറ്റിയും ബൊറൂസിയ ഡോർട്മുണ്ടും കണ്ണ് വച്ചിട്ടുള്ള ഇന്ത്യൻ ഫുട്ബോളിൽ ഇതൊക്കെ ഇനി നിസ്സാരം. സിറ്റിയുടെതന്നെ ടീമുകളായ മെൽബൺ സിറ്റിയും ജിറോണ എഫ്സിയും ഇതിനകം കൊച്ചിയിൽ പറന്നിറങ്ങി പന്ത് തട്ടിയ ചരിത്രവും അകലെയല്ലല്ലോ.

English Summary: What is the clause Lionel Messi triggered to leave Barcelona?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com