ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർക്കും സംഘത്തിനും കോവിഡ് സ്ഥിരീകരിച്ചത് സ്പാനിഷ് ദ്വീപായ ഇബിസയിൽ അവധിയാഘോഷത്തിന് പോയി തിരിച്ചെത്തിയതിനു പിന്നാലെ. ഇത്തവണ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോട് പിഎസ്ജി തോറ്റതിനു പിന്നാലെയാണ് നെയ്മർ ഉൾപ്പെടെയുള്ളവർ ഇബിസ ദ്വീപിലേക്ക് അവധിയാഘോഷത്തിന് പോയത്. ബുധനാഴ്ച രാവിലെയാണ് നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരം ഐസലേഷനിൽ പ്രവേശിച്ചു. നെയ്മറിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളോന്നുമില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാരിസിലെ സ്വവസതിയിലാണ് നെയ്മർ 14 ദിവസത്തെ ഐസലേഷനിൽ കഴിയുന്നത്. ഇതോടെ ഈ മാസം പത്തിന് ആർസി ലെൻസിനെതിരെ നടക്കുന്ന ലീഗ് വണ്ണിലെ പിഎസ്ജിയുടെ പ്രഥമ മത്സരവും മാഴ്സെയ്‌ക്കെതിരായ സെപ്റ്റംബർ 13ലെ മത്സരവും സൂപ്പർതാരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായി. അവധിയാഘോഷിക്കാൻ നെയ്മറിന് ഒപ്പമുണ്ടായിരുന്ന പിഎസ്ജിയുടെ തന്നെ അർജന്റീന താരങ്ങളായ എയ്ഞ്ചൽ ഡി മരിയ, ലിയാന്ദ്രോ പരേദേസ് എന്നിവർക്ക് ആദ്യം തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐസലേഷനിൽ കഴിയുന്ന ഇവർക്കും സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും.

മൂന്നു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ലബ് അംഗങ്ങളെല്ലാം ക്വാറന്റീനിലാണെന്നും വരും ദിവസങ്ങളില്‍ കോവിഡ് പരിശോധന തുടരുമെന്നും പിഎസ്ജി ട്വിറ്ററിലൂടെ അറിയിച്ചു.

രാജ്യന്തര ഫുട്ബോളിൽനിന്ന് കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും ഒടുവിലത്തെ സൂപ്പർതാരമാണ് നെയ്മർ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വീഡനും ക്രൊയേഷ്യയ്ക്കുമെതിരായ മത്സരങ്ങളിൽനിന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് ഒഴിവാക്കിയിരുന്നു.

English Summary: Neymar, PSG and Brazil star footballer, tests positive for Covid-19: Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com