ADVERTISEMENT

സ്റ്റോക്കോം ∙ മുപ്പത്തിയഞ്ചു വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസുകാരൻ സ്റ്റോക്കോമിന്റെ ആകാശത്ത് ഇന്നലെ ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ അപൂർവമായൊരു റെക്കോർഡിനു തൊങ്ങൽ ചാർത്തി. രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ പിന്നിടുന്ന 2–ാമത്തെ പുരുഷതാരം. ഇറാൻ മുൻ താരം അലി ദേയിക്കു (109 ഗോൾ) തൊട്ടുപിന്നിൽ. യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ 2–0നു സ്വീഡനെ തോൽപിച്ച കളിയിലെ 2 ഗോളുകൾ റൊണാൾഡോ എന്ന ചരിത്രപുരുഷന്റെ കാലിൽനിന്നായിരുന്നു. ആദ്യപകുതിയിൽ ബോക്സിന് 25 മീറ്റർ പുറത്തുനിന്നു ഗംഭീരമായൊരു വലംകാൽ ഫ്രീകിക്കിൽ 100–ാം ഗോൾ. 72–ാം മിനിറ്റിൽ ബോക്സിനു തൊട്ടുപുറത്തുനിന്നുതന്നെ 101–ാം ഗോൾ!

പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞാണു താനെന്ന് അടുത്ത ഫെബ്രുവരിയിൽ 36–ാം ജന്മദിനം ആഘോഷിക്കേണ്ട താരം പതിവു ഗോളാഘോഷത്തിന് ഉയർന്നു ചാടിയപ്പോൾ ആകാശത്തെ നോക്കി പറ‍ഞ്ഞിട്ടുണ്ടാവും! ഓരോ നിമിഷവും കരുത്തു കൂടുകയാണു ക്രിസ്റ്റ്യാനോയ്ക്കെന്നു സൂചിപ്പിക്കുന്നതായിരുന്നു ആ ഗോളുകൾ. ഗോൾവരയ്ക്കു മൂന്നോ നാലോ വാര അരികെനിന്നു ദുർബലമായി തട്ടിയിട്ടതല്ല അവ. രണ്ടിലും കരുത്തിന്റെ, പ്രതിഭയുടെ, കാലത്തെ തോൽപിക്കുന്ന യൗവനത്തിന്റെ അടയാളങ്ങൾ ആവോളമുണ്ടായിരുന്നു. ഒരു പുരുഷായുസ്സിൽ അധികം പേർക്കൊന്നും സ്വന്തമാക്കാൻ കഴിയാത്ത അപൂർവനേട്ടം!

പ്രായമെന്ന രഹസ്യം

പ്രായം മുപ്പതു കഴിഞ്ഞാൽ കളിയിൽ പിന്നാക്കം പോകുന്ന സൂപ്പ‍ർതാരങ്ങളാണ് അധികവും. ക്രിസ്റ്റ്യാനോ അവരിലൊരാളല്ല. രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറി തുടർച്ചയായ 17–ാം വർഷവും ഗോൾ നേടിയ താരം തന്റെ 165–ാം മത്സരത്തിലാണു നൂറിന്റെ നിറവിലെത്തിയത്. ക്രിസ്റ്റ്യാനോയുടെ ആദ്യത്തെ 52 ഗോളുകൾ വന്നത് 118 മത്സരങ്ങളിൽനിന്നായിരുന്നു. ഒരു മത്സരത്തിൽ ശരാശരി 0.44 ഗോളുകൾ. എന്നാൽ, പ്രായം 30 പിന്നിട്ടപ്പോൾ കളിയുടെ ഗീയർ മാറ്റിയ ക്രിസ്റ്റ്യാനോയ്ക്കു ശേഷമുളള 49 ഗോളുകൾ നേടാൻ വേണ്ടി വന്നതു വെറും 47 മത്സരങ്ങൾ. ഒരു മത്സരത്തിൽ ശരാശരി 1.04 ഗോളുകൾ! പ്രായത്തെ തോൽപിക്കുന്ന സിനിമാ കഥാപാത്രമായ ബഞ്ചമിൻ ബട്ടന്റെ ഫുട്ബോൾ പ്രതിരൂപം!

1200ronaldo
നന്ദി, നന്ദി... ചരിത്രനേട്ടത്തിൽ സന്തോഷം പങ്കുവച്ചും സഹതാരങ്ങൾക്കു നന്ദി പറഞ്ഞും റൊണാൾഡോ ട്വിറ്ററിൽ പങ്കുവച്ച ചിത്രം.

സമർപ്പണം, അതുല്യം

നൂറിലേക്ക് ഒരു ഗോൾ മാത്രമകലെ നിൽക്കെ കഴിഞ്ഞ ദിവസം ക്രൊയേഷ്യയ്ക്കെതിരായ  മത്സരത്തിനിറങ്ങാൻ പരുക്കുമൂലം ക്രിസ്റ്റ്യാനോയ്ക്കു സാധിച്ചിരുന്നില്ല. അണുബാധ പിടിപെട്ടു  വീർത്ത വിരലുമായി ഗാലറിയിലിരുന്നു കളി കണ്ട താരത്തിന്, വേണമെങ്കിൽ ഉടനാരംഭിക്കുന്ന ഇറ്റാലിയൻ ലീഗിന്റെ ഒരുക്കങ്ങൾക്കായി യുവെന്റസ് ക്യാംപിലേക്കു തിരിച്ചു പോകാമായിരുന്നു. എന്നാൽ, ക്രിസ്റ്റ്യാനോയെന്ന ക്യാപ്റ്റന്റെ സമർപ്പണം റെക്കോർഡിലേക്കുള്ള ദൂരം കുറച്ചു.

8 ഗോളകലെ

അലി ദേയിയുടെ 109 ഗോൾ റെക്കോർഡിലേക്ക് 8 ഗോളിന്റെ അകലം ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് ഒരു ദൂരമേയല്ല. ഈ വർഷം അവസാനിക്കും മുൻപേ പോർച്ചുഗൽ ഫ്രാൻസിനെ 2 തവണയും സ്വീഡനെയും ക്രൊയേഷ്യയെയും ഒരിക്കൽക്കൂടിയും നേരിടാനുണ്ട്. അടുത്തവർഷം യൂറോ ചാംപ്യൻഷിപ്പിനു മുന്നോടിയായുള്ള സൗഹൃദമത്സരങ്ങൾ വേറെയും. അലി ദേയിയുടെ 109 ഗോളുകളിലേറെയും ദുർബലരായ ഏഷ്യൻ ടീമുകൾക്കെതിരെയാണെങ്കിൽ ക്രിസ്റ്റ്യാനോയുടെ കണക്കിൽ ചില്ലറക്കാരില്ല. ലിത്വാനിയ, ലക്സംബർഗ്, സ്വീഡൻ എന്നിവർക്കെതിരെയാണ് ഏറ്റവുമധികം ഗോളുകളെങ്കിലും ക്രിസ്റ്റ്യാനോ വീഴ്ത്തിയവരിൽ വമ്പൻമാരായ സ്പെയിൻ, ഹോളണ്ട്, അർജന്റീന, ബൽജിയം എന്നീ ടീമുകളുമുണ്ട്. 

റൊണാൾഡോയുടെ രാജ്യാന്തര ഗോളുകൾ (ടുർണമെന്റ്, മത്സരങ്ങളുടെ എണ്ണം, ഗോളുകൾ)

സൗഹൃദം : 47, 17

യൂറോ യോഗ്യത: 35, 31

യൂറോ കപ്പ്: 21, 9

ലോകകപ്പ് യോഗ്യത: 38, 30

ലോകകപ്പ്: 17, 7

കോൺഫെഡറേഷൻസ് കപ്പ്: 4, 2

നേഷൻസ് ലീഗ്: 3, 5

∙ ഈ ഗോളുകൾ നേടാനായതിൽ എനിക്കു സന്തോഷമുണ്ട്. പ്രധാന കാരണം അതുവഴി പോർച്ചുഗൽ ടീം ജയിച്ചു.  ഇതെല്ലാം ഒരു നിമിഷം കൊണ്ടല്ല, ഒന്നൊന്നായി നേടിയതാണ്.  ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്.  ഈ ചെറുപ്പക്കാർക്കൊപ്പം തുടർന്നും കളിക്കാൻ ഞാനാഗ്രഹിക്കുന്നു.

-ക്രിസ്റ്റ്യാനോ റൊണാൾഡോ (മത്സരശേഷം പറഞ്ഞത്) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com