ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസണിന് ഇടിവെട്ട് തുടക്കം. ആദ്യദിവസത്തെ സൂപ്പർ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ലിവർപൂളിനെ അവരുടെ തട്ടകത്തിൽ, രണ്ടാം ഡിവിഷനിൽ നിന്ന് പ്രമോഷൻ നേടിയെത്തിയ ലീഡ്സ് യുണൈറ്റഡ് വിറപ്പിച്ചു. 3 തവണ പിന്നിലായ ശേഷം തിരിച്ചടിച്ച മാർസലോ ബിയെൽസയുടെ ടീം ഒടുവിൽ 4-3നാണു കീഴടങ്ങിയത്.

ആദ്യ അര മണിക്കൂറിൽ തന്നെ 5 ഗോൾ വീണ മത്സരം അത്യന്തം ആവേശകരമായിരുന്നു. 4–ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലായുടെ പെനൽറ്റി ഗോളിൽ ലിവർപൂൾ മുന്നിലെത്തിയെങ്കിലും 12-ാം മിനിറ്റിൽ ജാക്ക് ഹാരിസന്റെ ഗോളിൽ ലീഡ്സ് തിരിച്ചടിച്ചു. 20-ാം മിനിറ്റിൽ വിർജിൽ വാൻ ദെയ്ക്കിന്റെ ഹെഡറിൽ ലിവർപൂൾ വീണ്ടും മുന്നിൽ. വാൻ ദെയ്ക്കിന്റെ തന്നെ പിഴവു മുതലെടുത്ത് 30-ാം മിനിറ്റിൽ പാട്രിക് ബാംഫോഡിന്റെ തിരിച്ചടി. 33-ാം മിനിറ്റിൽ സലാ വീണ്ടും ലിവർപൂളിനെ മുന്നിലെത്തിച്ചു.

എന്നാൽ, 66-ാം മിനിറ്റിൽ മാറ്റിയൂസ് ക്ലിക്കിന്റെ ഗോളിൽ വീണ്ടും ലീഡ്സിന്റെ തിരിച്ചടി. 88-ാം മിനിറ്റിൽ കിട്ടിയ 2–ാം പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് സലാ ഹാട്രിക്കും ലിവർപൂളിന്റെ വിജയവും പൂർത്തിയാക്കി.

∙ ആർസനലിനു ജയം

നേരത്തേ, പ്രീമിയർ ലീഗ് സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസനൽ 3-0നു ഫുൾഹാമിനെ തകർത്തപ്പോൾ താരമായത് ഇരുപത്തിരണ്ടുകാരൻ ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേൽ ദോസ് സാന്റോസ് മഗൽഹെയ്സ്. ഫ്രഞ്ച് ക്ലബ് ലില്ലെയിൽനിന്ന് ഈ സീസണിൽ ആർസനലിലെത്തിയ
ഗബ്രിയേൽ അരങ്ങേറ്റ മത്സരത്തിൽതന്നെ ഗോൾ നേടി. അലക്സാന്ദ്രെ ലകാസെറ്റും ക്യാപ്റ്റൻ പിയെ എമെറിക് ഓബമെയാങ്ങുമാണു മറ്റു 2 ഗോളുകൾ നേടിയത്.

ചെൽസി വിട്ട് ഈ സീസണിൽ ക്ലബ്ബിലെത്തിയ വില്ലിയൻ 3 ഗോളുകളിലും പങ്കാളിയായി. എഫ്എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ജയിച്ചെത്തിയ ആർസനലിനു മുന്നിൽ നിസ്സഹായാവസ്ഥയിലായിരുന്നു ഇത്തവണ പ്രീമിയർ ലീഗിലേക്കു പ്രമോഷൻ നേടിയ ഫുൾഹാം. 8-ാം മിനിറ്റിൽ തന്നെ ലകാസെറ്റിന്റെ ക്ലോസ്റേഞ്ച് ഷോട്ട് അവരുടെ വല കുലുക്കി. 49-ാം മിനിറ്റിൽ വില്ലിയന്റെ കോർണറിൽ നിന്നായിരുന്നു ഗബ്രിയേലിന്റെ ഗോൾ. 57-ാം മിനിറ്റിൽ വില്ലിയന്റെ തന്നെ പാസിൽ നിന്ന് ഓബമെയാങ്ങിന്റെ ഗോളും.

മറ്റൊരു മത്സരത്തിൽ വിൽഫ്രഡ് സാഹ നേടിയ ഏക ഗോളിൽ സതാംപ്ടണെ മുക്കി ക്രിസ്റ്റൽ പാലസും വിജയത്തോടെ സീസണിന് തുടക്കമിട്ടു. 13–ാം മിനിറ്റിലായിരുന്നു സാഹയുടെ ഗോൾ.

English Premier League: English Premier League 2020-21 - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com