ADVERTISEMENT

ബാർസിലോന ∙ ‘നിന്നെ മറ്റൊരു കുപ്പായത്തിൽ കാണുന്നതും എതിരെ കളിക്കുന്നതും എനിക്കു ചിന്തിക്കാൻ പറ്റുന്നതല്ല. എങ്കിലും ഞാൻ അതിനു മാനസികമായി ഒരുങ്ങിയിരുന്നു. പക്ഷേ, ഇന്നു ഡ്രസിങ് റൂമിലെത്തിയപ്പോൾ ഞാൻ തിരിച്ചറിയുന്നു; ഗ്രൗണ്ടിലും പുറത്തും നമ്മൾ ഒരുമിച്ചു പങ്കുവച്ച നിമിഷങ്ങൾ ഉൾപ്പെടെ എല്ലാം അകന്നകന്നു പോയിരിക്കുന്നു. നിന്നെ അവർ ചവിട്ടിപ്പുറത്താക്കുകയാണു ചെയ്തത്. നീ അർഹിച്ചിരുന്നത് അതല്ലെങ്കിലും...’

സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന വിട്ട് അത്‍ലറ്റിക്കോ മഡ്രിഡിലേക്കു പോയ ലൂയി സ്വാരെസിനു യാത്രാമൊഴി നേർന്നു ബാർസ ക്യാപ്റ്റൻ ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിവ. ഗോളടി പങ്കാളിയും അടുത്ത സുഹൃത്തുമായിരുന്ന സ്വാരെസിന്റെ ക്ലബ് മാറ്റത്തോടെ വീണ്ടും ബാർസ മാനേജ്മെന്റിനെ രൂക്ഷഭാഷയിൽ വിമർശിച്ചു രംഗത്തെത്തുകയാണ് അർജന്റീന താരം. പിന്നാലെ ഒട്ടേറെ താരങ്ങൾ മെസ്സിയെ പിന്തുണച്ചും രംഗത്തെത്തി.

ക്ലബ്ബിന്റെ എക്കാലത്തെയും ഗോൾനേട്ടക്കാരിൽ 3–ാം സ്ഥാനത്തുള്ള സ്വാരെസിനോടു ബാർസ മാനേജ്മെന്റ് ചെയ്തതു നീതിയല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണു മെസ്സിയുടെ കുറിപ്പ്. ഒരു വർഷം കൂടി കരാർ ബാക്കിയുണ്ടായിട്ടും പുതിയ കോച്ച് റൊണാൾഡ് കൂമാൻ സ്വാരെസിനെ തന്റെ പട്ടികയിൽനിന്നു പുറത്താക്കുകയായിരുന്നു. മെസ്സിയുടെ കുറിപ്പ് ആരാധകർക്കിടയിലും ക്ലബ് മാനേജ്മെന്റിനോടുള്ള അമർഷം വർധിപ്പിക്കുന്നതാണ്.

‘ടീമിനൊപ്പവും വ്യക്തിപരമായും നീ ബാർസയ്ക്കു വേണ്ടി നേട്ടങ്ങളുണ്ടാക്കി. നീ ഇതിനെക്കാൾ മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതൊന്നും എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. ഇനിയും നമുക്കു കണ്ടുമുട്ടാം’– മെസ്സി കുറിപ്പവസാനിപ്പിച്ചു.

വ്യാഴാഴ്ച ബാർസ സംഘടിപ്പിച്ച യാത്രയയപ്പിൽ മെസ്സിയെക്കുറിച്ചു സ്വാരെസും വാചാലനായിരുന്നു. അടുക്കാൻ ബുദ്ധിമുട്ടാണെന്ന് ആളുകൾ പറഞ്ഞ മെസ്സി വളരെ പെട്ടെന്നാണു തന്റെ അടുത്ത ചങ്ങാതിയായതെന്നു സ്വാരെസ് പറഞ്ഞു.

English summary: Suarez leave  Barcelona

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com