ഇബ്രാഹിമോവിച്ചിന്റെ പ്രായം 39; കളി കണ്ടാൽ, പ്രായം പറയുകയേ ഇല്ല!
Mail This Article
മിലാൻ ∙ പ്രായം 39 ആയെങ്കിലും ഇറ്റാലിയൻ ലീഗ് ഫുട്ബോളിലെ ഏറ്റവും വീര്യമേറിയ ഡാർബിപ്പോരിന്റെ ഫലം നിർണയിക്കാനുള്ള മരുന്നെല്ലാം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ പക്കലുണ്ട്! സ്വീഡിഷ് സൂപ്പർ താരത്തിന്റെ ഇരട്ടഗോളുകളുടെ മികവിൽ എസി മിലാൻ നഗരവൈരികളായ ഇന്റർ മിലാനെ തോൽപിച്ചു (2–1). 13, 16 മിനിറ്റുകളിലായിരുന്നു ഇബ്രയുടെ ഗോളുകൾ. 29–ാം മിനിറ്റിൽ റൊമേലു ലുക്കാകു ഇന്ററിനായി ഒരു ഗോൾ മടക്കി.
തന്റെ പെനൽറ്റി കിക്ക് ഇന്റർ ഗോൾകീപ്പർ സാമിർ ഹാൻഡനോവിച് തട്ടിയകറ്റിയതു തിരിച്ചുവിട്ടായിരുന്നു ഇബ്രയുടെ ആദ്യ ഗോൾ. 2–ാം പകുതിയിൽ തളർന്നതിനാൽ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമെന്ന് ഇബ്ര ആവശ്യപ്പെട്ടെങ്കിലും താൻ ചെവിക്കൊണ്ടില്ലെന്നു മിലാൻ കോച്ച് സ്റ്റെഫാനോ പിയോലി പറഞ്ഞു. 4 കളിയിൽ 4 ജയവുമായി ഒന്നാം സ്ഥാനത്താണ് എസി മിലാൻ ഇപ്പോൾ. ഇന്റർ 6–ാം സ്ഥാനത്ത്.
പുതിയ കോച്ച് ആന്ദ്രെ പിർലോയുടെ കീഴിൽ താളത്തിലാവാതെ കഷ്ടപ്പെടുന്ന യുവെന്റസ്, പ്രമോഷൻ കിട്ടിയെത്തിയ ക്രൊത്തോന്യയോടു സമനില വഴങ്ങി (1–1). അൽവാരോ മൊറാത്തയുടെ ഒരു ഗോൾ 3 മിനിറ്റ് നീണ്ട വിഎആർ പരിശോധനയ്ക്കു ശേഷം റഫറി ഓഫ്സൈഡ് വിളിച്ചതു യുവെയ്ക്കു നിർഭാഗ്യമായി. കോവിഡ് പോസിറ്റീവ് ആയതിനാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിനിറങ്ങിയില്ല.