ADVERTISEMENT

മഡ്രിഡ് ∙ പരുക്കും കോവിഡുംമൂലം പ്രധാനപ്പെട്ട 10 കളിക്കാരില്ലാതെ യുക്രെയ്നിൽനിന്നു വന്ന ഷക്തർ ഡോണെസ്ക്, മഡ്രിഡിലെ ആൽഫ്രഡ് ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ റയൽ മഡ്രിഡിനെ നാണക്കേടിന്റെ കോടിയുടുപ്പിച്ചു! യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ റയലിനു സ്വന്തം മൈതാനത്തു 3–2 തോൽവി. നിലവിലെ ചാംപ്യന്മാരായ ബയൺ മ്യൂണിക്, മുൻ ചാംപ്യന്മാരായ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി ടീമുകളും വിജയം കണ്ടു. 

13 വട്ടം യൂറോപ്യൻ ചാംപ്യന്മാരായിട്ടുള്ള റയലിനെതിരെ ആദ്യപകുതിയിൽ തന്നെ ഷക്തർ 3–0 ലീഡെടുത്തു. ബ്രസീലിയൻ മിഡ്ഫീൽഡർ റ്റിറ്റി 29–ാം മിനിറ്റിൽ സ്കോറിങ്ങിനു തുടക്കമിട്ടു. 33–ാം മിനിറ്റിൽ റയൽ താരം റാഫേൽ വരാനെയുടെ സെൽഫ് ഗോൾ. 42–ാം മിനിറ്റിൽ  മാനർ സോളമന്റെ ഗോൾ. 2–ാം പകുതിയിൽ റയലിനു വേണ്ടി ലൂക്കാ മോഡ്രിച്ച് (54), വിനീസ്യൂസ് ജൂനിയർ (59) എന്നിവർ ഗോൾ നേടി. ഇൻജറി ടൈമിൽ ഫെഡറികോ വാൽവെർദെ നേടിയ ഗോൾ ഓഫ് സൈഡ് നിയമത്തിൽ പൊലിഞ്ഞു. ഇല്ലായിരുന്നെങ്കിൽ സമനില നേടിയെന്നു റയലിന് ആശ്വസിക്കാമായിരുന്നു. 

വിങ്ങർ കിങ്‌സ്‌ലി കോമാൻ 2 ഗോൾ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്ത കളിയിൽ, ചാംപ്യൻസ് ലീഗിലെ നിലവിലെ ജേതാക്കളായ ജർമൻ ക്ലബ് ബയൺ മ്യൂണിക് സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിനെ 4–0നു തോൽപിച്ചു. ലിയോൺ ഗോരെറ്റ്സ്ക, കോറെന്റിൻ ടോളിസ്സോ എന്നിവരും ഗോളടിച്ചു. 

ഒരു ഗോളിനു പിന്നിൽപ്പോയ മാഞ്ചസ്റ്റർ സിറ്റി 3 ഗോൾ തിരിച്ചടിച്ച് പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയെ തോൽപിച്ചു (3–1). ‍കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ഇന്റർ മിലാൻ ജർമൻ ക്ലബ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷുമായി 2–2 സമനിലയിൽ രക്ഷപ്പെട്ടു.  സെൽഫ് ഗോളിൽ ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ എവേ മത്സരത്തിൽ ഡച്ച് ക്ലബ് അയാക്സിനെ തോൽപിച്ചു (1–0). 

English Summary: Real Madrid stunned by Shakhtar Donetsk in Champions League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com