ADVERTISEMENT

ടൂറിൻ ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ന് ലയണൽ മെസ്സിയുടെ ബാർസിലോനയെ നേരിടുന്ന യുവെന്റസ് ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകുമോ? കോവിഡ് ബാധിച്ച് ഐസലേഷനിലായ താരം കളിക്കാൻ സാധ്യത കുറവാണെങ്കിലും ഇന്നത്തെ കോവിഡ് പരിശോധനാഫലത്തിനു കൂടി കാത്തിരിക്കുകയാണ് യുവെന്റസ് ക്ലബ്ബും ആരാധകരും.

മത്സരത്തിന് 24 മണിക്കൂർ മുൻപുള്ള പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ റൊണാൾഡോയെ ടീമിലുൾപ്പെടുത്തുമെന്നാണു സൂചന. ഇന്ത്യൻ സമയം ഇന്നു രാത്രി 1.30നു ടൂറിനിലാണു മത്സരം. ക്രാസ്നദാർ–ചെൽസി, ബഷക്‌ശെഹീർ–പിഎസ്ജി, ഫെറൻസ്‌വറോസ്–ഡൈനമോ കീവ്, ക്ലബ് ബ്രൂഗ്–ലാസിയോ, മാഞ്ചസ്റ്റർ യുണൈറ്റഡ്– ലൈപ്സീഗ്, ഡോർട്മുണ്ട്–സെനിത്, സെവിയ്യ–റെന്നെ എന്നിവയാണ് ഇന്നത്തെ മറ്റു മത്സരങ്ങൾ.

അഗ്യൂറോ പുറത്ത്

ലണ്ടൻ ∙ കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കുശേഷം തിരിച്ചെത്തി ദിവസങ്ങൾക്കകം മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ സെർജിയോ അഗ്യൂറോ വീണ്ടും പുറത്തേക്ക്. ശനിയാഴ്ച വെസ്റ്റ്ഹാമിനോടു സിറ്റി 1–1 സമനില വഴങ്ങിയ മത്സരത്തിനിടെ പരുക്കേറ്റു മടങ്ങിയ അർജന്റീന താരം 2 മുതൽ 4 ആഴ്ചവരെ പുറത്തിരിക്കുമെന്നു കോച്ച് പെപ് ഗ്വാർഡിയോള പറ‍ഞ്ഞു. ഇത്തവണ കാലിലെ പേശിക്കാണു പരുക്ക്. അതേസമയം, പരുക്കേറ്റു പുറത്തായിരുന്ന മിഡ്ഫീൽഡർ കെവിൻ ഡിബ്രുയ്നെ, ഡിഫൻഡർ എയ്മറിക് ലാപോർട്ടെ എന്നിവർ തിരിച്ചെത്തുന്നതു സിറ്റിക്ക് ആശ്വാസം പകരും.

സൺ ഗോളിൽ ടോട്ടനം

ബേൺലി ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിൻ ഗോളടി മേളം തുടരുന്നു. 76–ാം മിനിറ്റിൽ സൺ നേടിയ ഹെഡർ ഗോളിൽ ബേൺലിയെ തോൽപിച്ച ടോട്ടനം ഹോട്സ്പർ (1–0) പട്ടികയിൽ 5–ാം സ്ഥാനത്തെത്തി. സീസണിൽ സണ്ണിന്റെ 8–ാം ലീഗ് ഗോളാണിത്.

ഫിഫ പ്രസിഡന്റിന് കോവിഡ്

സൂറിക് ∙ രാജ്യാന്തര ഫുട്ബോൾ ഭരണസമിതി (ഫിഫ) പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. അൻപതുകാരനായ ഇൻഫന്റീനോയ്ക്കു ചെറിയ രോഗലക്ഷണങ്ങളുണ്ടെന്നും ഐസലേഷനിലാണ് ഇപ്പോഴെന്നും ഫിഫ പത്രക്കുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com