sections
MORE

ജർമനിയെ എതിരില്ലാത്ത 6 ഗോളുകൾക്ക് തകർത്തു; നേഷൻസ് ലീ‍ഗിൽ ‘സ്പാനിഷ് മസാല’

FBL-EUR-NATIONS-ESP-GER
ജർമനിക്കെതിരെ ആദ്യ ഗോൾ നേടിയപ്പോൾ സ്പാനിഷ് താരം ഫെറാന്‍ ടോറസിന്റെ അഹ്ലാദം. (വലത്). ചിത്രം: എഎഫ്‌പി
SHARE

സെവിയ്യ (സ്പെയിൻ) ∙ ലോക ഫുട്ബോളിലെ ജർമൻ വൻമതിൽ സ്പെയിന്റെ ഫെറാൻ ടോറസ് എന്ന ഇരുപതുകാരന്റെ ഹാട്രിക്കിനു മുന്നിൽ തകർന്നടിഞ്ഞു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്പെയിനോട് 6–0 നു കീഴടങ്ങിയ ജർമനി 89 വർഷക്കാലത്തിനിടെ ഇത്രയും വലിയ തോൽവി ഏറ്റുവാങ്ങുന്നത് ആദ്യം. ടോറസിനു പുറമേ അൽവാരോ മൊറാട്ട, റോഡ്രി ഹെർണാണ്ടസ്, മിക്കൽ ഒയാർസബാൽ എന്നിവരും സ്പെയിനായി ഗോൾ നേടി. 6 ഗോളുകളും ഏറ്റുവാങ്ങിയതു ജർമനിയുടെ ഇതിഹാസ ഗോളിയും ക്യാപ്റ്റനുമായ മാനുവൽ ന്യൂയറാണ്. ജർമനിക്കെതിരെ സ്പെയിനുവേണ്ടി ഹാട്രിക് നേടുന്ന ആദ്യതാരമായി ഇരുപതുകാരൻ ടോറസ്. ജർമനിക്കെതിരെ ആദ്യ 45 മിനിറ്റിനിടെ സ്പെയിൻ 3 ഗോളുകൾ നേടുന്നതും ചരിത്രത്തിലാദ്യം.

ബ്രസീലിനെ ഓർമിപ്പിച്ച് ജർമനി

2014 ലോകകപ്പ് സെമിയിൽ ജർമനി 7–1നു ബ്രസീലിനെ വീഴ്ത്തിയ മത്സരത്തെ ഓർമിപ്പിച്ചു ഇന്നലത്തെ മത്സരം. ഇക്കുറി ബ്രസീലിന്റെ സ്ഥാനത്തു ജർമനിയായിരുന്നെന്നു മാത്രം! ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന അൽവാരോ മൊറാട്ടയാണു 17–ാം മിനിറ്റിൽ സ്പെയിനിന്റെ സ്കോറിങ് തുടങ്ങിവച്ചത്. സമാന സാഹചര്യത്തിൽ, ബ്രസീലിനെതിരെ ജർമൻ താരം തോമസ് മുള്ളർ നേടിയ ഗോളിനെ ഓർമിപ്പിച്ചു ഇത്. ആദ്യഗോൾ വീണതോടെ ജർമൻ നിരയുടെ സമനില തെറ്റി. മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ടോറസും റോഡ്രിയും യഥാക്രമം 33, 38 മിനിറ്റുകളിൽ നേടിയ ഗോളുകൾ ജർമൻ പ്രതിരോധപ്പിഴവിന്റെ അടയാളമായി. പരുക്കേറ്റു ക്യാപ്റ്റൻ സെർജിയോ റാമോസ് തിരിച്ചുകയറിയെങ്കിലും സ്പെയിന്റെ കരുത്തു ശോഷിച്ചില്ല. 55, 71 മിനിറ്റുകളിലെ ഗോളുകളിലൂടെ ടോറസ് ഹാട്രിക് തികച്ചു. 89–ാം മിനിറ്റിൽ പകരക്കാരൻ മിക്കൽ ഒയാർസബാൽ തോണ്ടിയിട്ട പന്തും വലയിൽ കയറിയതോടെ ജർമനിയുടെ തോൽവി പൂർണം. ലോകകിരീടത്തിലേക്ക്, തലയുയർത്തിനിന്നു ജർമനിയെ നയിച്ച ഗോളി മാനുവൽ ന്യൂയർ നിരാശനായി ആ ഗോൾമുഖത്ത് ബാക്കിയായി!

പൊളിച്ചെഴുത്ത് പൊളിഞ്ഞു!

യുർഗൻ ക്ലിൻസ്മാനു ശേഷം 14 വർഷമായി ജർമൻ ദേശീയ ടീം പരിശീലകനായ യൊക്കിം ലോയുടെ ടീം സിലക്‌ഷനിലെ പാളിച്ചകൾ വിമർശിക്കപ്പെട്ടു കഴിഞ്ഞു. 2014 ലോകകപ്പ് വിജയത്തിനു ശേഷം 2018 ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായ ജർമനി തൊട്ടുപിന്നാലെ നേഷൻസ് ലീഗിൽനിന്നും പുറത്തായി. ടീമിനെ അടിമുടി ഉടച്ചുവാർക്കാൻ തീരുമാനിച്ച യൊക്കിം ലോ, ലോക ചാംപ്യന്മാരായ ടീമിലെ തോമസ് മുള്ളർ, ജെറോം ബൊട്ടെങ്, മാറ്റ് ഹമ്മൽസ് എന്നീ പ്രമുഖരെ മാറ്റി പുതിയ കളിക്കാർക്ക് അവസരം നൽകി. ബയൺ മ്യൂണിക്കിനൊപ്പം ഇക്കൊല്ലം 5 കിരീടങ്ങൾ നേടിയ മുള്ളറെയും ബോട്ടെങ്ങിനെയും തിരികെ വിളിക്കാൻ മുറവിളി ഉയർന്നിട്ടും ലോ കുലുങ്ങിയില്ല. ഈ തോൽവിയിലും കുലുങ്ങാത്ത ലോ, ടീമിൽ തനിക്കു വിശ്വാസമുണ്ടെന്ന് ആവർത്തിച്ചാണു മത്സരശേഷം കളം വിട്ടത്.

1909ൽ ഇംഗ്ലണ്ട് അമച്വേഴ്സിനോട് 9–0നു തോറ്റതാണു ജർമൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. 1931ൽ ഓസ്ട്രിയയോട് 6–0നു തോറ്റതിനു ശേഷം ഇത്രയും വലിയ തോൽവി 89 വർഷത്തിനു ശേഷം.

torres
ജർമനിക്കെതിരെ സ്പെയിൻ താരം ഫെറാൻ ടോറസ് ഗോൾ നേടുന്നു. ജർമൻ ഗോളി മാനുവൽ ന്യൂയർ സമീപം.

ഈ പയ്യൻസിനെ നമ്മളറിയും!

ഈ ഫെറാൻ ടോറസിനെ മലയാളികൾ അറിയും. 2017ൽ ഇന്ത്യ ആതിഥ്യം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിൽ സ്പെയിൻ ടീമംഗമായിരുന്നു ടോറസ്. കൊച്ചിയിൽ ഇറാനെതിരെ നടന്ന ക്വാർട്ടർ ഫൈനലിൽ ഗോളടിച്ചു തിളങ്ങിയ ടോറസ് അന്നേ സൂപ്പർ താരമായിരുന്നു. ഇറാനെ 3–1നു തോൽപിച്ച കളിയുടെ 67–ാം മിനിറ്റിലായിരുന്നു ടോറസിന്റെ ഗോൾ. സെമിയിൽ മാലിയെ 3–1നു തോൽപിച്ച സ്പെയിൻ ഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റെങ്കിലും ടോറസിന്റെ താരമൂല്യം വർധിച്ചതേയുള്ളൂ. സ്പാനിഷ് ക്ലബ് വലൻസിയയുടെ സീനിയർ ടീമിലേക്ക് ആ വർഷം സ്ഥാനക്കയറ്റം ലഭിച്ച ടോറസ് ഇക്കൊല്ലം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കേറി. ഈ വർഷം സ്പെയിൻ ദേശീയ ടീമിലും അരങ്ങേറ്റം കുറിച്ചു.

സ്പെയിൻ, ഫ്രാൻസ് ഫൈനൽസിൽ

പാരിസ് ∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്പെയിനു പുറമേ ഫ്രാൻസും ഫൈനൽസ് റൗണ്ടിലെത്തി. ബൽജിയം നേരത്തേ യോഗ്യത നേടിയിരുന്നു. ഫ്രാൻസ് 4–2നു സ്വീഡനെ തോൽപിച്ചു. ഒളിവർ ജിറൂദ് (2), ബഞ്ചമിൻ പാവാർദ്, കിങ്സ്‌ലെ കോമാൻ എന്നിവർ ഗോൾ നേടി. പോർച്ചുഗൽ 3–2നു ക്രൊയേഷ്യയെ തോൽപിച്ചു. റൂബൻ ഡയസ് 2 ഗോളുകൾ നേടി.

English Summary: Spain thrash Germany 6-0 to reach Nations League semifinal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA