sections
MORE

ആദ്യ പോരാട്ടത്തിന് ബ്ലാസ്റ്റേഴ്സ് കളത്തിൽ; കിബുവിന്റെ ‘ബ്ലാസ്റ്റിങ്’ സംഘത്തെ അറിയാം

kibu-viccuna-kbfc
പരിശീലനത്തിനിടെ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്ന കിബു വിക്കുന (കേരളാ ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്ത ചിത്രം)
SHARE

കാത്തിരിപ്പിന് ഇതാ അവസാനമായി. കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലിറങ്ങാൻ ഇനി മിനിറ്റുകളുടെ അകലം മാത്രം. ഗോവയിലെ ബാംബോലിമിലാണ് അങ്കം. ആകാംക്ഷ മുഴുവൻ കേരളത്തിലും. എടികെ മോഹൻ ബഗാൻ എന്ന പുതിയ വിലാസത്തിലെത്തുന്ന പഴയ എതിരാളികൾക്കെതിരെ വിജയത്തോടെ തുടങ്ങാനുള്ള ദൗത്യത്തിലാണു ബ്ലാസ്റ്റേഴ്സ്. കിബു വിക്കുനയെന്ന പുതിയ പരിശീലകനു കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ യാത്രയുടെ തുടക്കം കൂടിയാണ് ഈ മത്സരം. കിരീടമെന്ന കാത്തിരിപ്പിന്റെ അവസാനം കൂടി കുറിക്കുന്ന വിജയത്തുടക്കമാണു കേരളം കാത്തിരിക്കുന്നത്.

എന്താകും പുതിയ ബ്ലാസ്റ്റേഴ്സിൽ കിബുവെന്ന ചാണക്യൻ കരുതിവച്ചിട്ടുള്ളത്? എന്തെല്ലാമാണ് കോച്ചിന്റെ ആയുധങ്ങൾ? ആരൊക്കെയാകും പ്ലേയിങ് ഇലവനിൽ? എങ്ങനെയാകും ഫോർമേഷൻ? ഇതാ കിബുവിന്റെ ബ്ലാസ്റ്റേഴ്സിനെ അറിഞ്ഞ് കിക്കോഫിന് ഒരുങ്ങാം.

∙ പ്രതിരോധക്കോട്ടയുള്ള ബ്ലാസ്റ്റേഴ്സ്

ആരൺ ഹ്യൂസും സെഡ്രിക് ഹെങ്ബാർത്തും നയിച്ചൊരു പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ അന്നും ഇന്നും നെഞ്ചേറ്റുന്ന വൻമതിൽ. കളത്തിലാണു കരുത്ത് തെളിയേണ്ടതെങ്കിലും ഒരു കാര്യം ഉറപ്പിക്കാം. ഹ്യൂസ് – ഹെങ്ബാർത്ത് ജോടിയോടു ചേർത്തു നിർത്താൻ പോന്നൊരു താരജോടിയെയാണു വിക്കുനയും കണ്ടുവച്ചിട്ടുള്ളത്. സിംബാബ്‌വെയുടെ കോസ്റ്റ നമോയിനെസുവും ബുർക്കിനോ ഫാസോയുടെ ബെക്കാരി കോനയും കളിച്ചു തെളിയിച്ച സെന്റർ ബാക്കുകൾ. സ്പാർട്ട പ്രാഗിലും ഒളിംപിക് ലിയോണെയിലുമായി യൂറോപ്പിൽ ‌വിശ്വസ്തതയുടെ കരിയർ പടുത്തുയർത്തിയ ഇരുവരുടെയും പരിചയസമ്പത്തിൽ ബ്ലാസ്റ്റേഴ്സിനു പ്രതീക്ഷ വയ്ക്കാം. 

മത്സരങ്ങളുടെ എണ്ണം കൊണ്ടുമാത്രം എണ്ണിയെടുക്കേണ്ടതല്ല ഇവരുടെ പരിചയം. ഇരുവരും കിരീടവിജയങ്ങളിൽ പങ്കാളികളായ പ്രതിരോധനിരക്കാരാണ്. ചുമ്മാ കളിച്ചു മടങ്ങുന്ന ടീമും കിരീടം നേടി ശീലിച്ച ടീമും തമ്മിലുള്ള വ്യത്യാസമുണ്ടല്ലോ. ആ വ്യത്യാസം തന്നെയാണ് ഈ കളിക്കാരിലുള്ള പ്രതീക്ഷയുടെ നട്ടെല്ല്. കളി ജയിക്കാൻ അറിയാവുന്ന, സമ്മർദങ്ങളെ അതിജീവിക്കാൻ അറിയാവുന്ന, ടീമിനെ മുന്നോട്ടു നയിക്കാൻ അറിയാവുന്ന കോസ്റ്റ– കോന കൂട്ടുകെട്ടിന്റെ സാന്നിധ്യമാകും ഈ സീസണിലെ ഗെയിം ചെയ്ഞ്ചിങ് ഘടകങ്ങളിലൊന്ന്.

kbfc-training-1

കോസ്റ്റയെ നായകനാക്കിയെത്തുന്ന ടീമിന്റെ കാവൽ ദൗത്യത്തിൽ നിഷുകുമാറും ജെസ്സൽ കാർണെയ്റോയുമാകും വിങ്ങുകളിൽ. ബെംഗളൂരുവിൽ ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും തിളങ്ങിയ പ്രതിഭയാണു നിഷു. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ജെസ്സൽ ഇടതുപാർശ്വത്തിൽ തുടരുന്നതോടെ റൈറ്റ് ബാക്ക് റോളിലാകും നിഷുകുമാർ എത്തുക.

∙ ആശങ്കയൊഴിയാതെ ഗോൾമുഖം

കിബു വിക്കുനയുടെ ബ്ലാസ്റ്റേഴ്സിൽ ആരാധകരും വിമർശകരും ഒരുപോലെ സംശയിക്കുന്നൊരു ഇടമുണ്ടെങ്കിൽ അതു ഗോളിനു മുന്നിലാകും. ബിലാൽ ഖാനും പ്രഭ്സുഖൻ സിങ്ങും പോലുള്ള യുവ ഗോൾകീപ്പർമാരുണ്ടെങ്കിലും ആൽബിനോ ഗോമസിന്റെ പരിചയസമ്പത്തിനാകും കിബുവിന്റെ മുൻഗണന. ഐഎസ്എലിൽ ഡൽഹിക്കു േവണ്ടി തെളിഞ്ഞും മങ്ങിയും നടത്തിയ പ്രകടനങ്ങളുമായാണു ആൽബിനോയെത്തുന്നത്. ഗുർപ്രീതിന്റെയോ കമൽജിത്തിന്റെയോ അമരീന്ദറിന്റെയോ നിലവാരം ആൽബിനോയിൽ നിന്നു പ്രതീക്ഷാനാകില്ലെങ്കിലും പോയ സീസണിനേക്കാൾ ഭേദപ്പെട്ടൊരു പ്രകടനമാകും ആരാധകർ പ്രതീക്ഷിക്കുന്നത്. കരുത്തുറ്റ പ്രതിരോധ നിരയുടെ സാന്നിധ്യം കൂടിയുള്ളതിനാൽ ഇക്കുറി വലയ്ക്കു കീഴിലെ പ്രകടനവും നിരാശപ്പെടുത്തില്ലെന്ന കണക്കുകൂട്ടലിലാകും ആരാധകർ.

∙ മിഡ്ഫീൽഡുണ്ട്, എൻജിനും റെഡി

മധ്യനിരയിൽ ആരെന്ന ചോദ്യം ബ്ലാസ്റ്റേഴ്സിൽ ഉയർന്നു തുടങ്ങിയിട്ട് നാളേറെയായിട്ടുണ്ടാകും. ഇതിന് ഉത്തരം കണ്ടെത്തിയാണു കിബുവിന്റെ വരവെന്നു ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് തന്നെ ഉറപ്പിക്കുന്നുണ്ട്. സ്പാനിഷ് ലീഗിൽ ഇരുന്നൂറിലേറെ മത്സരങ്ങൾ കളിച്ചും തിളങ്ങിയുമെത്തുന്ന വിസെന്റെ ഗോമസിന്റെ സാന്നിധ്യമാണു മധ്യത്തിലെ ഹൈലൈറ്റുകളിലൊന്ന്. പോയ സീസണിൽ മിഡ്ഫീൽഡിലെ സ്വാഭാവികസ്ഥാനം ഉപേക്ഷിച്ച് പിന്നോട്ടും പാർശ്വത്തിലേയ്ക്കുമിറങ്ങി കളിക്കേണ്ടിവന്ന സെർജിയോ സിഡോഞ്ചയ്ക്ക് ടീമിൽ ഇത്തവണയും നിർണായക റോളുണ്ട്. ബ്ലാസ്റ്റേഴ്സിലെത്തുന്ന ആദ്യ അർജന്റീന താരം ഫാകുൻഡോ പെരേരയാണ് ഇവരുടെ കൂട്ടാളി. അർജന്റീന ലീഗിലും ഗ്രീക്ക് ലീഗിലുമായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത താരമാണു ലൗട്ടാരോ മാർട്ടിനെസിന്റെയും റോഡ്രിഗോ ഡീ പോളിന്റെയുമൊക്കെ സഹതാരമായിരുന്ന ഫാകുൻഡോ.

kbfc-training

മികവ് തെളിയിച്ചെത്തുന്ന വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ യുവതാരങ്ങളുടെ നീണ്ട നിര തന്നെയുണ്ട് കിബുവിന്റെ ശേഖരത്തിൽ. മുൻ സീസണിലെ സെയ്ത്യാസെൻ സിങ്, സഹൽ അബ്ദുൾ സമദ്, പ്രശാന്ത്, ജാക്സൺ സിങ്, കെ.പി. രാഹുൽ, അർജുൻ ജയരാജ് എന്നിവർ തുടരുന്ന ടീമിൽ ഹൈദരാബാദിൽ നിന്നു സ്വന്തമാക്കിയ രോഹിത് കുമാറും നോങ്റെംബ നവോറെമും ഗിവ്സൺ സിങ്ങും ഖാൽതാതാങ്ക ഖോൽറിങ്ങും ഋത്വിക് ദാസും ആയുഷ് അധികാരിയും പോലുള്ള യുവതുർക്കികളും അവസരം തേടുന്നുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡിലും സെൻട്രൽ മിഡ്ഫീൽഡിലും അറ്റാക്കിങ് മിഡ്ഫീൽഡിലും വിങ്ങുകളിലുമെല്ലാം ഒന്നിലേറെ ഓപ്ഷനുകൾക്ക് ഇടംനൽകിയാണു കിബു വിക്കുനയുടെ ടീമൊരുക്കം. പരുക്കുകൾ വലച്ച മുൻ സീസണിലേതുപോലെ അറ്റാക്കിങ് മിഡ്ഫീൽഡറെ ഡിഫൻസിനും ഹോൾഡിങ് മിഡ്ഫീൽഡറെ വിങ്ങിലും നിയോഗിച്ചുള്ള പരീക്ഷണങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്സിലുണ്ടാകില്ലെന്ന ഉറപ്പ് കൂടിയാണീ സ്ക്വാ‍‍ഡ് സ്ട്രെങ്ത്.

യുവതാരനിരയെക്കൊണ്ടു അദ്ഭുതമൊരുക്കുന്നതിനു പേരുകേട്ട പരിശീലകനാണു കിബുവെന്നതിനു മോഹൻ ബഗാൻ എന്ന വിജയോദാഹരണം തൊട്ടുമുന്നിലുണ്ട്. ബഗാനെ ഐലീഗ് കിരീടമണിയിച്ചതിൽ കിബു വിക്കുനയുടെ മധ്യനിരയ്ക്കു നല്ല പങ്കാണ് ഉണ്ടായിരുന്നത്. ബഗാനിൽ 4–2–3–1 എന്ന ഫോർമേഷനെ പ്രധാനമായും ആശ്രയിച്ച വിക്കുനയ്ക്ക് ആ ശൈലി പിന്തുടരാവുന്ന സന്നാഹങ്ങളാണു ഇവിടെയും ഒരുക്കിയിട്ടുള്ളത്. രണ്ടു ഹോൾഡിങ് മിഡ്ഫീൽഡർമാരെ അണിനിരത്തി, വിങ്ങുകൾ ഉപയോഗിച്ച്, അറ്റാക്കിങ് മോഡിലേയ്ക്കു മാറുമ്പോൾ 4–4–2 എന്ന വിന്യാസത്തിലേയ്ക്കു മാറുന്ന കിബു തന്ത്രം ബഗാനെ അപകടകാരികളാക്കി മാറ്റിയിരുന്നു.

വിസെന്റെ ഗോമസും സഹൽ സമദും സെർജിയോ സിഡോഞ്ചയും ഒരുമിച്ചെത്തുന്ന ഇലവനാകും എടികെ മോഹൻ ബഗാനെതിരെ കിബു വിക്കുന പരീക്ഷിക്കുക. ഡിഫൻസീവ് മിഡ്ഫീൽഡിൽ ഇന്ത്യൻ ലീഗിലെത്തന്നെ ഏറ്റവും മൂല്യമേറിയ താരമാണു ഗോമസ്. പ്രതിഭയ്ക്കൊത്ത പ്രകടനം ഇനിയും കളത്തിൽ പുറത്തെടുക്കാനാകാത്തതന്റെ പരാതി തീർക്കാൻ കൂടി ലക്ഷ്യമിട്ടാകും ഷാട്ടോരിയുടെ ടീമിൽ പലപ്പോഴും പകരക്കാരനായിരുന്ന സഹലിന്റെ വരവ്. ഇന്ത്യയിലെത്തിയ ആദ്യ സീസണിൽ ജംഷഡ്പുരിനു വേണ്ടി പുറത്തെടുത്ത മാച്ച് വിന്നിങ് പ്രകടനങ്ങളുടെ തനിയാവർത്തനം സിഡോഞ്ചയും ലക്ഷ്യമിടുന്നുണ്ടാകും.

മിഡ്ഫീൽഡിൽ സ്ഥിരക്കാരനാകുമെന്നു കരുതുന്ന സിഡോഞ്ചയെ ഒന്നും കാണാതെ ടീമിന്റെ ക്യാപ്റ്റൻമാരിലൊരാളാക്കാൻ കിബുവിനെപ്പോലെ ഒരാൾ തയാറാകില്ലല്ലോ. മിന്നൽ പാസുകൾ തൊടുത്തും അമ്പരപ്പിക്കുന്ന മുന്നേറ്റങ്ങൾ സൃഷ്ടിച്ചും ഫൈനൽ തേഡിൽ എതിരാളികളെ വിസ്മയിപ്പിക്കാൻ മികവുള്ള ‘പഴയ സിഡോ’ തന്നെയാകും കോച്ചിന്റെ കണക്കുകൂട്ടലിൽ.

∙ ഇരമ്പിക്കയറുമോ ആക്രമണം? 

വിങ്ങുകളിലൂടെ അപകടം വിതച്ച മോഹൻ ബഗാനിലെ തന്ത്രം വിജയത്തിലെത്തിക്കാൻ പോന്ന ആയുധങ്ങൾ മഞ്ഞപ്പടയിലും കോച്ചിനെ കാത്തിരിക്കുന്നു. ബഗാനിൽ കോച്ചിന്റെ മനമറിഞ്ഞു കളിച്ച നവോറം ബ്ലാസ്റ്റേഴ്സ് വിങ്ങിലും ആ റോൾ ഏറ്റെടുക്കാനുണ്ട്. മറുപാർശ്വത്തിൽ ഈ ദൗത്യം വിജയത്തിലെത്തിക്കാൻ പോന്ന സാന്നിധ്യമായി മലയാളി താരം കെ.പി.രാഹുലുമുണ്ട്. പരിചയസമ്പന്നനായ സെയ്ത്യാസെന്നും വിങ്ങുകളിൽ അതിവേഗ നീക്കങ്ങൾ നടത്താൻ മിടുക്കുള്ള ഖോൽറിങ്ങും ഇവർക്കു മത്സരം തീർത്ത് കോച്ചിനു മുന്നിലുണ്ട്.  

ഗാരി ഹൂപ്പറാണ് ആക്രമണത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം. ഓഗ്ബെച്ചെയ്ക്കൊത്ത പകരക്കാരനാണ് ഹൂപ്പർ. സെൽറ്റിക്കിന്റെ ഇതിഹാസതാരമെന്ന ഖ്യാതി നേടിയ, ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നോർവിച്ചിന്റെ മുന്നേറ്റമുഖമായ പരിചയസമ്പന്നൻ. പോയ സീസണിൽ ഗോളടിച്ചുകൂട്ടിയ ഓഗ്ബെച്ചെയുടെ റോൾ ഒട്ടും മോശമല്ലാതെ നിറവേറ്റാൻ ഇംഗ്ലിഷ് താരത്തിനാകും. ബോക്സിൽ ചാട്ടുളി പോലുള്ള നീക്കങ്ങൾക്കും റോക്കറ്റ് കണക്കുള്ള ഷോട്ടുകൾക്കും കെൽപ്പുള്ള ഈ ഷാർപ്പ് ഷൂട്ടറെ ആശ്രയിച്ചാകും ഗോവയിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കാർണിവൽ.

ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോർദൻ മറിയാണു മുന്നേറ്റത്തിൽ കൂപ്പറിന്റെ കൂട്ടാളി. യുവ ഇന്ത്യൻ താരങ്ങളായ ഷെയ്ബോർലാങ് ഖർപ്പനും മഹേഷ് സിങ്ങും ഗോളടിക്കാനുള്ള വിരുതുള്ളവരാണ്. അർജന്റീന താരം ഫാകുൻഡോ അറ്റാക്കിങ് മിഡിലും ഫോർവേഡ് റോളിലും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സാന്നിധ്യമായും കിബുവിനും ബ്ലാസ്റ്റേഴ്സിനും മുന്നിലുണ്ട്.

English Summary: Kerala Blasters FC, ISL 2020-21 - Team analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA