ADVERTISEMENT

എരിയുന്ന ചുരുട്ടിൽ നിന്നു മറ്റൊന്നിലേക്ക് തീ പകരുന്ന പോലെയായിരുന്നു അത്. ക്യൂബൻ വിപ്ലവനായകനായ ഫിദൽ കാസ്ട്രോയും ഡിയേഗോ മറഡോണയും ആദ്യമായി കണ്ടുമുട്ടിയ ദിവസം. രണ്ടു പേരുടെയും മനസ്സിൽ കെടാത്ത ജ്വാലയായി ആ കണ്ടുമുട്ടൽ. സാമ്രാജ്യത്വത്തിനെതിരെ ആളിക്കത്തിയ ദീപശിഖയായി അതിൽ നിന്നുള്ള വെളിച്ചം. സാന്ത്വനമേകിയ ഒട്ടേറെ സമാഗമങ്ങൾക്കൊടുവിൽ മറഡോണ ഫിദലിനെ വിശേഷിപ്പിച്ചു– എന്റെ രണ്ടാം പിതാവ്. 2016 നവംബർ 25ന് ഫിദൽ അന്തരിച്ചപ്പോൾ മകനെപ്പോലെ തേങ്ങി. കൃത്യം 4 വർഷങ്ങൾക്കു ശേഷം മറ്റൊരു നവംബർ 25ന് ഭൂമിയിലെ വിപ്ലവം പൂർത്തിയാക്കി മറഡോണയും മടങ്ങി.

ഡിയേഗോയുടെ ഹീറോ

1986ൽ ലോകകപ്പ് ജയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കവേയാണ് മറഡോണ ആദ്യമായി കാസ്ട്രോയെ കണ്ടത്. ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ കാസ്ട്രോയുടെ ആതിഥ്യം സ്വീകരിച്ചെത്തിയ മറഡോണയ്ക്ക് തന്നെക്കാൾ വലിയൊരു മനുഷ്യനു മുന്നിലാണ് നിൽക്കുന്നതെന്ന ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ തന്റെ ലോകകപ്പ് കഥകളുടെ ആത്മാനുരാഗത്തിനു പകരം അദ്ദേഹം ഫിദലിന്റെ ജീവിതം കേട്ടു. 1956ൽ ഗ്രാൻമ എന്ന പടക്കപ്പലിൽ 81 പേരുമായി പോയി ക്യൂബ പിടിച്ച ഫിദൽ ആദ്യദർശനത്തിൽ തന്നെ മറഡോണയുടെ ഹൃദയത്തിലേക്കു മാർച്ച് ചെയ്തു. ലോകം കൊതിച്ച തന്റെ ജഴ്സി ഫിദലിനു നൽകുമ്പോൾ മറഡോണയുടെ മനസ്സ് ഓട്ടോഗ്രാഫിനു വേണ്ടി കൊതിക്കുന്ന തന്റെ അനേകായിരം ആരാധകരുടേതുമായി തുല്യം പ്രാപിച്ചു. വലതു തോളിൽ ചെ ഗവാരയെ വരച്ചുവച്ച മറഡോണ വലതു കാലിൽ ഫിദലിനെയും ‘ചുവപ്പു കുത്തി’.

ഫിദൽ എന്ന മരുന്ന്

തന്റെ ആരാധകനായി മാറിയ ലോകത്തിന്റെ ആരാധനാപാത്രത്തെ കാസ്ട്രോയും കൈവിട്ടില്ല. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഫുട്ബോൾ ലഹരി വിട്ട് മറ്റ് ഉന്മാദങ്ങളിലേക്ക് മറഡോണ മുങ്ങിയിറങ്ങിയപ്പോൾ ‘ദൈവത്തിന്റെ കൈ’ പോലെ ഫിദൽ സഹായം നീട്ടി. ഹവാനയിലെ വിഖ്യാതമായ ‘ലാ പെഡ്രേര’ ക്ലിനിക്കിൽ മറഡോണയ്ക്കായി മുറിയൊരുങ്ങി. പുകൾപെറ്റ ക്യൂബൻ ആരോഗ്യസംവിധാനത്തിലെ അതിപ്രഗത്ഭരായ ഡോക്ടർമാർ മറഡോണയ്ക്കായി മരുന്നുകൾ കുറിച്ചു. പക്ഷേ, മറഡോണ മരണത്തിൽ നിന്നും ലഹരിയിൽ നിന്നും രക്ഷപ്പെട്ടത് ആ മരുന്നുകൾ കൊണ്ടു മാത്രമായിരുന്നില്ല. ഫിദലിന്റെ പിതൃതുല്യമായ സ്നേഹം കൊണ്ടും സാമീപ്യം കൊണ്ടും കൂടിയായിരുന്നു. മറഡോണയെ പ്രഭാതസവാരിക്ക് ഒപ്പം കൂട്ടിയ കാസ്ട്രോ അദ്ദേഹത്തിനു രാഷ്ട്രീയപാഠങ്ങൾ പകർന്നു നൽകി. പകരം കാസ്ട്രോ ആവശ്യപ്പെട്ടത് അന്ന് ലോകത്ത് മറഡോണയെ വെല്ലാൻ ആരുമില്ലാത്ത കാര്യമാണ്– ഫുട്ബോൾ ഡ്രിബ്ലിങ്! തന്റെ പ്രസിഡൻഷ്യൽ ഓഫിസിൽ വരെ പന്തു തട്ടാൻ കാസ്ട്രോ മറഡോണയ്ക്ക് സ്വാതന്ത്ര്യം നൽകി. ‘‘അർജന്റീന എനിക്കു നേരെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ ക്യൂബ എനിക്കായ് വാതിലുകൾ തുറന്നു..’’– മറഡോണ പിൽക്കാലത്തു പറ‍ഞ്ഞു.

പോസ്റ്റർ ബോയ്

കാസ്ട്രോയുടെ ആശീർവാദത്തോടെ മറഡോണ ‘ലാറ്റിനമേരിക്കൻ സോഷ്യലിസ’ത്തിന്റെ പോസ്റ്റർ ബോയ് ആയി മാറി. കാസ്ട്രോയിൽ മാത്രം ഒതുങ്ങിയില്ല മറഡോണയുടെ സൗഹൃദങ്ങൾ. വെനസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവെസുമായും ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറെയ്ൽസുമായും അദ്ദേഹം കൈ കോർത്തു. ജീവിതത്തിന്റെ സാഹസികതകളിൽ ഇഷ്ടങ്ങൾ മാറിമാറി വന്നപ്പോഴും മറഡോണ വിടാതെ കാത്തത് ലാറ്റിനമേരിക്കൻ ഇടതുപക്ഷവുമായുള്ള ഈ ഹൃദയൈക്യമാണ്. അതിന്റെ മിടിപ്പ് ഫിദൽ കാസ്ട്രോയുമായുള്ള അതിരുകളില്ലാത്ത സ്നേഹവും...

English Summary: Diego Maradona and Fidel Castro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com