sections
MORE

അംഗീകരിക്കപ്പെട്ട മക്കൾ എട്ട്, അല്ലാത്തവർ വേറെ; കാത്തിരിക്കുന്നത് നിയമയുദ്ധം?

maradona-family
ക്ലോഡിയയ്‌ക്ക് മറഡോണയുടെ മുത്തം (ഫയൽ ചിത്രം)
SHARE

മൈതാനത്ത് ആനയെ മയക്കുന്ന അരിങ്ങോടരായിരുന്നു മറഡോണ. കാല് കണ്ണാക്കിയ അഭ്യാസി. യജമാനനു മുന്നിൽ കൽപന കാത്തു നിൽക്കുന്ന വളർത്തു മൃഗത്തിന്റെ അനുസരണയോടെ, പന്ത് അയാളുടെ കാൽക്കീഴിൽ കിടന്നു. കളത്തിലെ ഈ പന്തടക്കം ഇതിഹാസ താരത്തിന്റെ ജീവിതത്തിലില്ലായിരുന്നു. നിലത്തടിച്ച പന്തു പോലെ തെന്നിയും തെറിച്ചും അയാൾ ജീവിച്ചു. അംഗീകരിക്കപ്പെട്ട എട്ടു മക്കളും അവകാശവാദവുമായി രംഗത്തുള്ള ചിലരുമാണു അച്ചടക്കമില്ലാത്ത ആ ജീവിതത്തിന്റെ ബാക്കി പത്രം.  പിന്തുടർച്ചാവകാശത്തിനു വേണ്ടിയുള്ള നിയമയുദ്ധമായി മരണ ശേഷവും മറഡോണയെ അതു വേട്ടയാടിയേക്കാം.

സ്വന്തമായി ഫുട്ബോൾ ടീമുണ്ടാക്കാൻ ഒരാൾ മാത്രം കുറവുണ്ടായിരുന്ന വീട്ടിലാണു മറഡോണ ജനിച്ചു വളർന്നത്. അച്ഛൻ, അമ്മ, ഏഴു സഹോദരങ്ങൾ. വറുതിയും ദാരിദ്ര്യവും പങ്കിട്ടു വളർന്നതിന്റെ ഇഴയടുപ്പം അവർ തമ്മിലുണ്ടായിരുന്നു. ഇറ്റലിയിൽ കളിക്കുന്ന കാലത്ത് മാസം 15,000 ഡോളർവരെ ഫോൺ ബില്ല് വരുമായിരുന്നുവെന്നു മറഡോണ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ദിവസവും വീട്ടിലേക്കു വിളിക്കും, എല്ലാവരോടും സംസാരിക്കും. ഭക്ഷണം കഴിച്ചെന്നു കള്ളം പറഞ്ഞ്, മക്കൾക്കു രണ്ടുരുള അധികം നൽകുന്ന അമ്മ ഡാൽമയുടെ സ്നേഹ വായ്പിനെക്കുറിച്ച് ജീവിതകഥയിൽ മറഡോണ പറയുന്നുണ്ട്. അമ്മയോടുള്ള സ്നേഹവും ആദരവും ‘തോത്ത, ഐ ലവ് യൂ’ എന്ന പച്ചകുത്തലായി മറഡോണയുടെ ശരീരത്തിലുണ്ടായിരുന്നു. കുടുംബ സ്നേഹത്തിന്റെ അടിത്തറ ഭദ്രമായിരുന്നിട്ടും മറഡോണ വഴി മാറി സഞ്ചരിച്ചു.

1986ൽ ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളിൽ കുടിയേറും മുൻപേ മറഡോണ ക്ലോഡിയ വില്ലഫേനു തന്റെ ഹൃദയം കൈമാറിയിരുന്നു. നിർമാതാവും നടിയുമായിരുന്ന അവർക്കു അപ്പോൾ 17 വയസ്സ്. മറഡോണയ്ക്കു രണ്ടു വയസ്സു കൂടുതൽ. ദമ്പതികൾക്കു ഡാൽമ, ഗിയാന്നിന എന്നീ രണ്ടു പെൺമക്കൾ. മൂത്തമകൾക്ക് അമ്മയുടെ പേരാണ് നൽകിയത്. ഗിയാന്നിനയെ വിവാഹം കഴിച്ചതു പ്രശസ്ത ഫുട്ബോൾ താരം സെർജിയോ അഗ്യൂറോയാണ്. പ്രണയവും വിവാഹവുമായി മൂന്നു പതിറ്റാണ്ടോളം നീണ്ട ബന്ധത്തിനു ശേഷം 2004ൽ ക്ലോഡിയയും മറഡോണയും പിരിഞ്ഞു. പിന്നെയും ദീർഘകാലം  അവർ നല്ല സുഹൃത്തുക്കളായി തുടർന്നു. അമേരിക്കയിൽ ഫ്ലാറ്റ് വാങ്ങുന്നതിനായി പണം മോഷ്ടിച്ചുവെന്നാരോപിച്ചു ക്ലോഡിയയ്ക്കെതിരെ മറഡോണ  കോടതിയിലെത്തിയപ്പോഴാണു ഇരു ഹൃദയങ്ങളും അകന്നതായി ലോകം അറിഞ്ഞത്.

പ്രായം കണക്കിലെടുത്താൽ ഡിയാഗോ ജൂനിയർ സിനാഗ്രയാണു മറഡോണയുടെ മൂത്ത മകൻ. ഇറ്റാലിയൻ രണ്ടാം ഡിവിഷനിൽ കളിച്ചിരുന്ന ജൂനിയറിനെ ജനിച്ചു 30 വർഷങ്ങൾക്കു ശേഷമാണു മറഡോണ അംഗീകരിച്ചത്. നാപ്പോളിക്കായി കളിക്കുന്ന കാലത്ത്, മോഡലായിരുന്ന ക്രിസ്റ്റീന സിനാഗ്രയുമായുണ്ടായ ബന്ധത്തിലാണു ജൂനിയറിന്റെ ജനനം. 1995ൽ ഇറ്റാലിയൻ കോടതി മകനെന്നു വിധിച്ചിട്ടും മറഡോണ അംഗീകരിച്ചില്ല. 2016ൽ താരം മനസ്സു മാറ്റി. ഒപ്പമുള്ള ചിത്രം പങ്കുവച്ച്, ‘അവൻ എന്നെപ്പോലെ ’ എന്നു കുറിക്കുകയും ചെയ്തു.

നൈറ്റ് ക്ലബ്ബ് ജീവനക്കാരി വലേരിയ സബലൈനുമായുള്ള ബന്ധത്തിൽ ജനിച്ച ജന ഇപ്പോൾ അറിയപ്പെടുന്ന മോഡലാണ്. ക്യൂബയിൽ 2 സ്ത്രീകളിലായി 3 മക്കളുണ്ടെന്നു കഴിഞ്ഞ വർഷമാണ് മറഡോണ വെളിപ്പെടുത്തിയത്. ജുവാന, ലു, ജാവിയെലിറ്റോ എന്നിവരുടെ അമ്മമാരെക്കുറിച്ച് പക്ഷേ, താരം പറഞ്ഞില്ല.  ലഹരി വിരുദ്ധ ചികിൽസയുടെ ഭാഗമായി 2000-05 കാലത്ത് ഹവാനയിൽ താമസിച്ച കാലത്തിന്റെ ശേഷിപ്പ്. ദീർഘകാല പങ്കാളിയായിരുന്ന വെറോണിക്കാ ഒജേഡയിൽ ജനിച്ച ഡിയഗോ ഫെർണാണ്ടോയാണ് (ഏഴ്) അറിയപ്പെടുന്നതിൽ ഏറ്റവും ചെറിയ കുഞ്ഞ്.

അർജന്റീന വനിതാ ഫുട്ബോൾ ടീം അംഗമായിരുന്ന റോക്കിയോ ഒലീവ യായിരുന്നു അവസാന പങ്കാളിയെങ്കിലും ഈ ബന്ധത്തിൽ മക്കളില്ല. 30 വയസ്സിനു ഇളപ്പമായിരുന്ന അവർ  മറഡോണയുടെ മദ്യാസക്തിയിൽ മനംമടുത്താണു 2018ൽ ബന്ധം ഉപേക്ഷിച്ചത്. മഗലി ഗിൽ, സാന്തിയാഗോ ലാറ എന്നിവർ മറഡോണയുടെ മക്കളാണെന്നവകാശപ്പെട്ടു ഈയിടെ രംഗത്തെത്തി. അവകാശം സ്ഥാപിച്ചു കിട്ടാൻ കോടതിയെ സമീപിക്കുമെന്നും ഇവർ അറിയിച്ചിരുന്നു. മറഡോണ മൈതാനത്ത്് അവശേഷിപ്പിച്ചു പോയ സുന്ദര ഓർമകൾ ലോകത്തെ ഓരോ ഫുട്ബോൾ പ്രേമിക്കും അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ സ്വത്തിന്റെ അവകാശികൾ ആരൊക്കെയാകും? ഉത്തരം കണ്ടെത്തുന്നതിനു കോടതി റഫറിയുടെ റോളിൽ കളത്തിലിറങ്ങേണ്ടിവരും.

English Summary: Diego Maradona Family and Children

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA